'കുട്ടിയെ സന്ദർശിക്കാനാവാത്തതിൽ അല്ലുവിന് വിഷമമുണ്ട്'; കാരണം വ്യക്തമാക്കി അല്ലുവിന്റെ പിതാവ്

ഹൈദരാബാദ്: പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഒൻപതുവയസ്സുകാരനെ സന്ദർശിച്ച് നിർമാതാവും നടൻ അല്ലു അർജുന്റെ പിതാവുമായ അല്ലു അരവിന്ദ്. ബുധനാഴ്ച ഹൈദരാബാദിലെ ആശുപത്രിയിലെത്തിയ അല്ലു അരവിന്ദ് കുട്ടിയെ സന്ദര്‍ശിക്കുകയും ആരോഗ്യനില സംബന്ധിച്ച് അന്വേഷിക്കുകയും ചെയ്തു. കുട്ടിയുടെ പിതാവിനെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പിന്നാലെ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ അല്ലു അര്‍ജുന്‍ കുട്ടിയെ സന്ദര്‍ശിക്കാത്തത് സംബന്ധിച്ച് പ്രതികരിക്കുകയും ചെയ്തു.
അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അല്ലുവിന് ചികിത്സയിലുള്ള കുട്ടിയെ സന്ദര്‍ശിക്കണമെന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം അത് ഒഴിവാക്കിയെന്നും നടന്റെ പിതാവ് പറഞ്ഞു.
പലരും അല്ലു അര്‍ജുന്‍ ആശുപത്രിയില്‍ പോയി കുട്ടിയെ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്ന് ആശ്ചര്യപ്പെടുകയാണ്. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അല്ലുവിന് ചികിത്സയിലുള്ള കുട്ടിയെ സന്ദര്‍ശിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ ആശുപത്രി അധികൃതര്‍ പോകരുതെന്ന് നിര്‍ദേശിച്ചു. അതേ ദിവസമാണ് അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.- അല്ലുവിന്റെ പിതാവ് പറഞ്ഞു.
തങ്ങളുടെ അഭിഭാഷകസംഘവും ആശുപത്രിയില്‍ പോകരുതെന്നും പിതാവിനെ കാണരുതെന്നും ഉപദേശിച്ചു. ഞാന്‍ അധികൃതരില്‍ നിന്ന് സമ്മതം വാങ്ങിയാണ് സന്ദര്‍ശനം നടത്തിയത്. കുട്ടിയെ സന്ദര്‍ശിക്കാന്‍ സാധിക്കാത്തതില്‍ അല്ലുവിന് വിഷമമുണ്ട്. - അരവിന്ദ് കൂട്ടിച്ചേര്‍ത്തു.
കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ പത്ത് ദിവസമായി കുട്ടി സാവധാനം സുഖംപ്രാപിച്ചുവരുകയാണെന്നും എന്നാല്‍ ഇനിയും സമയമെടുക്കുമെന്നും അരവിന്ദ് പറഞ്ഞു. കുട്ടി സുഖംപ്രാപിച്ചുവരുന്നതിനായി ഏത് തരത്തിലുള്ള പിന്തുണ നല്‍കാനും ഞങ്ങള്‍ തയ്യാറാണ്. ഇതിനായി സര്‍ക്കാര്‍ മുന്നോട്ടുവന്നതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചെന്നും പരിക്ക് ഭേദമാവാന്‍ കുറേനാളുകള്‍ വേണ്ടിവരുമെന്നുമാണ് നേരത്തേ ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പ് സെക്രട്ടറി ദിവസേന കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരുന്നുമുണ്ട്.
ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ കുട്ടിയുടെ അമ്മയും ദില്‍സുഖ്‌നഗര്‍ സ്വദേശിനിയുമായ രേവതി നേരത്തേ മരണപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം.
സംഭവത്തിൽ തിയേറ്റർ അധികൃതർക്ക് ഹൈദരാബാദ് പോലീസ് കാരണം കാണിക്കൽ നോട്ടീസയച്ചിട്ടുണ്ട്. സംഭവം നടന്ന സന്ധ്യാ തീയേറ്റർ അധികൃതർക്കാണ് നോട്ടീസയച്ചത്. പോലീസ് തീയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 11-ഓളം വീഴ്ചകള്‍ തീയേറ്ററിന്റെ ഭാഗത്തുനിന്നുണ്ടായതായാണ് പോലീസ് പറയുന്നത്.
തീയേറ്ററിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ തൃപ്തികരമല്ലെന്നും അല്ലു അര്‍ജുന്റെ സന്ദര്‍ശനത്തെ സംബന്ധിച്ച് തിയേറ്റര്‍ അധികൃതര്‍ പോലീസിനെ അറിയിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നു. സിനിമയിലെ പ്രധാന അഭിനേതാക്കള്‍ വന്‍ ജനക്കൂട്ടത്തിന് ഇടയാക്കുമെന്ന് അറിഞ്ഞിട്ടും തീയേറ്ററിലേക്ക് പോകാനും വരാനുമൊന്നും യാതൊരു നടപടിക്രമങ്ങളും സ്വീകരിച്ചില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
Content Highlights: Allu Aravind visits Pushpa 2 premiere stampede victim in hospital