'മതവികാരം വ്രണപ്പെടുത്തി'; ആലിയ ഭട്ടിനും മഹേഷ് ഭട്ടിനുമെതിരേ പരാതി

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്, നിർമാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവർക്കെതിരേ പരാതി.
ഇവരുടെ ഏറ്റവും പുതിയ ചിത്രമായ സഡക് 2-ന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. കൈലാസ് മാനസരോവറിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് മുസഫർപൂർ സ്വദേശിയായ ചന്ദ്ര കിഷോർ പരാശർ പരാതി നൽകിയിരിക്കുന്നത്.
കേസിൽ മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജൂലൈ 8 ന് വീണ്ടും വാദം കേൾക്കും. ഐപിസി 295 എ (മത വികാരങ്ങളെ മനഃപൂർവ്വം പ്രകോപിപ്പിക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
29 മുമ്പ് മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു 1991-ൽ പുറത്തിറങ്ങിയ സഡക്. 29 കൊല്ലം മുമ്പിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ' സഡക് 2 ' എന്ന പേരിൽ പുറത്തിറങ്ങുന്നത്. ഒടിടി റീലീസായി പുറത്തിറക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ തീരുമാനം.റീലീസ് തിയ്യതി ഉടൻ പ്രഖ്യാപിക്കും.
സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂർ എന്നിവരാണ് 'സഡക് 2'ലെ അഭിനേതാക്കൾ. പ്രണയകഥാ പശ്ചാത്തലത്തിലുള്ള ത്രില്ലർ സിനിമയായാണ് സഡക് 2 അണിയിച്ചൊരുക്കുന്നത്. ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
Content Highlights : Alia Bhatt and Mahesh Bhatt accused of hurting religious sentiments in Sadak 2 Poster
Content Highlights: