കളക്ടർ വിളിച്ചു, മലയാളി വിദ്യാർത്ഥിനിയുടെ മുഴുവൻ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് അല്ലു അർജുൻ

അല്ലു അർജുൻ, കൃഷ്ണ തേജ ഐ.എ.എസ് | ഫോട്ടോ: ബി. മുരളികൃഷ്ണൻ, സി. ബിജു \ മാതൃഭൂമി
അല്ലു അർജുൻ, കൃഷ്ണ തേജ ഐ.എ.എസ് | ഫോട്ടോ: ബി. മുരളികൃഷ്ണൻ, സി. ബിജു \ മാതൃഭൂമി

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് അല്ലു അർജുൻ. ജീവകാരുണ്യപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്ലസ് ടുവിന് ശേഷം തുടർപഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിനിയുടെ മുഴുവൻ വിദ്യാഭ്യാസ ചെലവും ഏറ്റെടുത്തിരിക്കുകയാണ് അല്ലു അർജുൻ. ജില്ലാ കളക്ടർ കൃഷ്ണ തേജയാണ് തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.‌‌

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥിനി കളക്ടറെ കാണാനെത്തിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് കുട്ടി എത്തിയത്. കുട്ടിയുടെ പിതാവ് 2021-ല്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. തുടർന്ന് വീ ആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാൻ കളക്ടറും കൂട്ടരും തീരുമാനിച്ചു. 

നഴ്‌സ് ആകാനാണ് ആഗ്രഹമെന്നാണ് മോൾ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്‌മെന്റ് സീറ്റിലെങ്കിലും തുടര്‍പഠനം ഉറപ്പാക്കണമായിരുന്നു. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ലഭിച്ചു. നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു സ്‌പോണ്‍സര്‍ വേണമെന്നതായിരുന്നു അടുത്ത കടമ്പ. അതിനായാണ് അല്ലു അർജുനെ വിളിച്ചത്. ആവശ്യം അറിഞ്ഞയുടൻ നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചെലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നുവെന്ന് കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.

താന്‍ തന്നെ കഴിഞ്ഞ ദിവസം കോളേജില്‍ പോയി ഈ വിദ്യാർത്ഥിനിയെ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അവർ നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്സായി മാറുമെന്ന് ഉറപ്പുണ്ടെന്നും കൃഷ്ണ തേജ കൂട്ടിച്ചേർത്തു.

Content Highlights: alappuzha district collector, district collector krishna teja's viral facebook post about allu arjun