'വിശ്വാസം നിലനിർത്തുക, നിങ്ങൾ ശിവന്റെ ദാസനാണ്'; അക്ഷയ് കുമാറിന്റെ 'ഓ മൈ ഗോഡ് 2'

അക്ഷയ് കുമാർ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ഓ മൈ ഗോഡ് 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പോസ്റ്ററുകളിലൊന്നിൽ പരമശിവനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലുക്കിലാണ് അക്ഷയ്നെ കാണാനാവുക. 'വിശ്വാസം നിലനിർത്തുക, നിങ്ങൾ ശിവന്റെ ദാസനാണ്' എന്ന വാചകവും പോസ്റ്ററിലുണ്ട്.
യാമി ഗൗതം നായികയായെത്തുന്ന ചിത്രത്തിൽ പങ്കജ് ത്രിപാഠിയും ഒരു പ്രധാന വേഷത്തിലെത്തുന്നു. അമിത് രാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ മുംബൈയിൽ തുടങ്ങി.
2012ൽ പുറത്തിറങ്ങിയ ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കുന്നത്. ഉമേഷ് ശുക്ല സംവിധാനം ചെയ്ത ഓ മൈ ഗോഡിൽ പരേഷ റാവൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അക്ഷയ് കുമാർ ഭഗവാൻ ശ്രീകൃഷ്ണനായും ചിത്രത്തിൽ വേഷമിട്ടു. ആദ്യ ചിത്രം മതത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, ഓ മൈ ഗോഡ് 2 ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
അതേസമയം അക്ഷയ്നെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത സൂര്യവൻശി നവംബർ 5ന് റിലീസിന് തയ്യാറെടുക്കുകയാണ്. ഓ മൈ ഗോഡിന് പുറമേ രാമ സേതു, സിൻഡ്രല്ല എന്നീ ചിത്രങ്ങളിലാണ് അക്ഷയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർ ഹിറ്റ് തമിഴ് ത്രില്ലർ ചിത്രം രാക്ഷസന്റെ റീമേയ്ക്ക് ആണ് സിൻഡ്രല്ല. ഇതുകൂടാതെ പൃഥ്വിരാജ്, രക്ഷാബന്ധൻ, ബച്ചൻ പാണ്ഡെ തുടങ്ങിയ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്.
content highlights : Akshay Kumar new Movie OMG 2 poster out Yami Gautham Pankaj Tripati
Content Highlights: