സർഫിറാ; ഇത് അക്ഷയ് കുമാറിന്റെ 'സൂററൈ പോട്ര്', അതിഥി വേഷത്തിൽ സൂര്യയും

സർഫിറായിലെ വിവിധ രം​ഗങ്ങളിൽ അക്ഷയ് കുമാർ, സൂര്യ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
സർഫിറായിലെ വിവിധ രം​ഗങ്ങളിൽ അക്ഷയ് കുമാർ, സൂര്യ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

അക്ഷയ് കുമാറിനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന സർഫിറാ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സുധ തന്നെ സംവിധാനംചെയ്ത സൂററൈ പോട്ര് എന്ന സിനിമയുടെ റീമേക്കാണ് സർഫിറാ.

സാധാരണക്കാരായവർക്ക് ടിക്കറ്റിന് ഒരു രൂപ നൽകി വിമാനയാത്ര യാഥാർത്ഥ്യമാക്കുന്ന എയർലൈൻ കമ്പനി തുടങ്ങാനുള്ള വീർ മാഹ്ത്രേയുടെ ഉയർച്ച താഴ്ചകളുടെ കഥയാണ് സർഫിറാ. പരേഷ് റാവൽ, ശരത്കുമാർ, രാധികാ മദൻ, സീമാ ബിശ്വാസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സർഫിറായുടെ ഒറിജിനൽ ചിത്രമായ സൂററൈ പോട്രിലെ നായകൻ സൂര്യ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ രം​ഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു കഥാപാത്രമായാണ് സൂര്യ എത്തുക.

എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു 'സൂരറൈ പോട്ര്'.  ജി.ആർ. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ - എ ഡെക്കാൺ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സർഫിറാ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായികയും ശാലിനി ഉഷാദേവിയും ചേർന്നാണ് തിരക്കഥ. 

പൂജാ തൊലാനി സംഭാഷണവും ജി.വി. പ്രകാശ് സം​ഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മൽഹോത്ര എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈ വർഷം ജൂലൈ 12-ന് സർഫിറാ തിയേറ്ററുകളിലെത്തും.

2020-ലാണ് സൂര്യ, അപർണാ ബാലമുരളി, ഉർവശി എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ സൂററൈ പോട്ര് ഇറങ്ങിയത്. കോവിഡ് കാലമായതിനാൽ ചിത്രം നേരിട്ട് ഓ.ടി.ടി റിലീസായാണ് എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് സൂര്യക്കും നായിക അപർണാ ബാലമുരളിക്കും ആ വർഷത്തെ മികച്ച നടനും നടിക്കുമുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്‌കാരവും സൂററൈ പോട്രിനായിരുന്നു. ജി.വി പ്രകാശ് മികച്ച പശ്ചാത്തല സംഗീതത്തിനും സുധ കൊങ്കരയും ശാലിനി ഉഷ നായരും മികച്ച തിരക്കഥാകൃത്തുക്കൾക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

Content Highlights: akshay kumar and suriya movie sarfira trailer released