ആലുങ്കലിലെ അക്ഷരവീട്ടിലേക്ക് നാലാമത്തെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ആകാശ് രാജിലൂടെ

ഹെഡ്മാസ്റ്ററില്‍ ആകാശ് രാജ്
ഹെഡ്മാസ്റ്ററില്‍ ആകാശ് രാജ്

ഏറ്റവും മികച്ച ബാലനടനുള്ള 2022 ലെ സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ആകാശ് രാജിന്. രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലെ ശ്രീധരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. കാരൂര്‍ നീലകണ്ഠപിള്ളയുടെ വിഖ്യാതമായ പൊതിച്ചോറ് എന്ന കഥയുടെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് ഹെഡ് മാസ്റ്റര്‍.  ക്ലാസിലെ കുട്ടിയുടെ പൊതിച്ചോറ് പട്ടിണികാരണം കട്ടുതിന്ന പ്രധാന അദ്ധ്യാപകന്റെ എല്ലാത്തിനും മൂകസാക്ഷിയായ മകന്‍ ശ്രീധരനായി ആകാശ് സിനിമയില്‍ മുഖ്യ കഥാപാത്രമായി.  ബാബു ആന്റണി, തമ്പി ആന്റണി, ജഗദീഷ്, മധുപാല്‍, മഞ്ജു പിള്ള, തുടങ്ങിയ പ്രമുഖരോടൊപ്പമായിരുന്നു ആകാശിന്റെ ആദ്യ സിനിമ അഭിനയം. 

രമേശ് പിഷാരടി ഒരു ചാനലില്‍ പറഞ്ഞ നര്‍മ്മകഥ കേട്ട് തന്റെ മനോധര്‍മ്മമനുസരിച്ച് ഒന്‍പതു കഥാപാത്രങ്ങളെ അവതരിപ്പിച്ച് സ്വയം ചിത്രീകരിച്ച് നവമാധ്യമങ്ങളില്‍ ആകാശ് ഷെയര്‍ ചെയ്തിരുന്നു. ഇത് അമേരിക്കയിലുള്ള തമ്പി ആന്റണി സംവിധായകന്‍ രാജീവ് നാഥിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ് ആകാശിന്റെ സിനിമ പ്രവേശനം സുഗമമാക്കിയത്.

ചാനല്‍ ഫൈവ് മീഡിയ യുടെ ബാനറില്‍ ശ്രീലാല്‍ ദേവരാജാണ് ചിത്രം നിര്‍മ്മിച്ചത്. ഹെഡ്മാസ്റ്റര്‍ 7 ക്രിട്ടിക്‌സ് അവാര്‍ഡുകളാണ് നേടിയത്. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനാണ് ആകാശ് രാജ്. മൂന്ന് വട്ടം ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ രാജീവ് ആലുങ്കലിന്റെ വീട്ടിലേക്ക് നാലാമത്തെ പുരസ്‌കാരം മകനിലൂടെ എത്തുകയാണ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കണ്ടമംഗലം ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ്സ് പാസായ ആകാശ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം അഭിനയവും. അച്ഛനോടൊപ്പമുള്ള യാത്രകള്‍ ഒത്തിരി ഹൃദ്യമായ അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അതെല്ലാം ഇനിയും  സഹായകരമാകുമെന്നും ആകാശ് പറയുന്നു.

Content Highlights: akash raj actor headmaster movie film critics awards 2022