സുഹൃത്തിന്റെ മക്കൾക്ക് വീഡിയോ കോളിലൂടെ സർപ്രൈസ് നൽകി അജിത്, ഭാഗ്യം ചെയ്തവരെന്ന് ആരാധകർ; വീഡിയോ വൈറൽ

തന്റെ ആരാധകരെ അത്ഭുതപ്പെടുത്തുന്നതിൽ എപ്പോഴും മുന്നിലാണ് തമിഴ് സൂപ്പർതാരം അജിത് കുമാർ. തന്റെ ഒരു ബൈക്കർ സുഹൃത്തിന്റെ മക്കളെ വീഡിയോ കോളിലൂടെ സർപ്രൈസ് ചെയ്ത അജിത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള താരത്തിന്റെ ഈ എളിമ ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്.
അജിത്തിന്റെ സുഹൃത്തിന്റെ മകളാണ് ഈ അപ്രതീക്ഷിത വീഡിയോ കോളിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. തന്റെ അച്ഛന്റെ സുഹൃത്തുക്കളുടെ പട്ടികയിൽ അജിത് കുമാർ ഉണ്ടെന്നറിഞ്ഞ പെൺകുട്ടിയുടെയും സഹോദരന്റെയും അമ്പരപ്പാണ് വീഡിയോയുടെ പ്രധാന ആകർഷണം. വീഡിയോ കോളിൽ കുട്ടികളുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അജിത്, അടുത്ത തവണ അവരെ നേരിട്ട് കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങൾക്ക് മനോഹരമായ ഒരു ജീവിതം ആശംസിക്കുന്നു" എന്ന് പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകളുടെ പ്രവാഹമാണ് ഉണ്ടായത്. "ലോകത്തിലെ ഏറ്റവും ഭാഗ്യംചെയ്തവർ" എന്നാണ് പലരും വിശേഷിപ്പിച്ചത്. അജിത്തിനെ 'ദൈവം' എന്ന് വിശേഷിപ്പിച്ച ആരാധകർ, താരത്തിന് ആ കുടുംബത്തോടുള്ള അടുത്ത സൗഹൃദത്തെ ഏറെ പ്രശംസിച്ചു. വീഡിയോ കോളിന് ശേഷം ആവേശത്തോടെ തുള്ളിച്ചാടുന്ന കുട്ടികളുടെ ദൃശ്യങ്ങൾ ആരാധകരുടെ മനസ്സ് നിറയ്ക്കുന്നതായിരുന്നു.
സിനിമയ്ക്കൊപ്പം തന്നെ തന്റെ റേസിംഗ് കരിയറിലും അജിത് ഇപ്പോൾ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2024-ൽ റേസിംഗിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, റേസിംഗ് സീസണിലെ ഇടവേളകളിൽ മാത്രമാണ് സിനിമകളിൽ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മ മോഹിനി മണി അടുത്തിടെയാണ് അന്തരിച്ചത്. 'വിടാമുയർച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നിവയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ.
അദ്ദേഹത്തിന്റെ പുതിയ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Content Highlights: Known for his unmatched humility and down-to-earth persona, Tamil superstar Ajith Kumar has once again left social media in awe. A heartwarming video has gone viral across digital platforms showing the actor making a surprise video call to the children of one of his close biking companions.