ക്ഷേത്രമാണ്, ഒച്ചവെക്കരുത്; ആരാധകരോട് വീണ്ടും അഭ്യർത്ഥനയുമായി അജിത്, വീഡിയോ വൈറൽ

#മൂവി ഡെസ്ക്
ആരാധകരോട് ശാന്തരാകാൻ ആവശ്യപ്പെടുന്ന നടൻ അജിത് | സ്ക്രീൻ​ഗ്രാബ്
ആരാധകരോട് ശാന്തരാകാൻ ആവശ്യപ്പെടുന്ന നടൻ അജിത് | സ്ക്രീൻ​ഗ്രാബ്

ക്വലാലംപൂരിലെ ബാട്ടു കേവ്സിലെ മുരുക ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് സൂപ്പർതാരം അജിത് കുമാർ. സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന മിഷലിൻ 12H മലേഷ്യ എൻഡ്യൂറൻസ് റേസിൽ പങ്കെടുക്കുന്നതിനായി മലേഷ്യയിൽ എത്തിയതാണ് അദ്ദേഹം. ക്ഷേത്രത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അവയിലൊന്നിൽ, ക്ഷേത്രപരിസരത്ത് ബഹളം വെക്കരുതെന്ന് ആരാധകരോട് താരം ആവശ്യപ്പെടുന്നത് കാണാം.

വെള്ള ടീ-ഷർട്ടും ജീൻസും ധരിച്ച്, തലയിൽ സൺഗ്ലാസും വെച്ചാണ് അജിത്തിനെ കാണാനാവുക. ആരാധകർ അഭിവാദ്യം ചെയ്യുമ്പോൾ താരം പുഞ്ചിരിക്കുന്നുണ്ടെങ്കിലും, ഉടൻ തന്നെ അവരോട് ശാന്തരാകാനും ക്ഷേത്രത്തിനുള്ളിൽ ഒച്ചവെക്കരുതെന്നും ആംഗ്യം കാണിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു.

ക്ഷേത്രത്തിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ അജിത് പൂജയിൽ പങ്കെടുക്കുന്നതും ആരതി ഉഴിയുന്നതും കാണാം. ആദരസൂചകമായി ചുവപ്പും സ്വർണ്ണനിറവുമുള്ള പരമ്പരാഗത ഷാൾ കൊണ്ട് തോളുകൾ മറച്ച താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

ക്ഷേത്രത്തിനുള്ളിൽ ആരാധകരോട് ശാന്തരാകാൻ അജിത്തിന് ആവശ്യപ്പെടേണ്ടി വരുന്നത് ഇതാദ്യമായല്ല. അടുത്തിടെ തിരുപ്പതി തിരുമല സന്ദർശിച്ചപ്പോഴും, തന്നെ കണ്ട് ആർത്തുവിളിച്ച ആരാധകരോട് ശാന്തരാകാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഈ വർഷം മഗിഴ് തിരുമേനിയുടെ 'വിടാമുയർച്ചി', ആദിക് രവിചന്ദ്രന്റെ 'ഗുഡ് ബാഡ് അഗ്ലി' എന്നീ ചിത്രങ്ങളിലാണ് അജിത്തിന്റേതായി പുറത്തുവന്നത്. ഈ വർഷം ഭൂരിഭാഗവും ലോകമെമ്പാടുമുള്ള എൻഡ്യൂറൻസ് റേസുകളിൽ മത്സരിക്കുന്നതിന്റെ തിരക്കിലായിരുന്നു അജിത്. റേസിംഗിൽ നിന്ന് ഒഴിവുസമയം ലഭിക്കുമ്പോൾ മാത്രമേ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുള്ളൂവെന്ന് അജിത് വ്യക്തമാക്കിയിട്ടുണ്ട്.

'ഗുഡ് ബാഡ് അഗ്ലി'യുടെ റിലീസിന് ശേഷം, അജിത്തിന്റെ അടുത്ത പ്രോജക്ടിനായുള്ള പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Content Highlights: Ajith Kumar Visits Batu Caves Murugan Temple in Kuala Lumpur, Promotes Temple Etiquette