‘മോഹൻലാൽ പോലും നോക്കിനിന്നുപോയ നിമിഷം’; 'ഇരുവറി'ലെ ആ അനുഭവം വെളിപ്പെടുത്തി ബൃന്ദ മാസ്റ്റർ

#മൂവീസ് ഡെസ്ക്
ഇരുവര്‍ എന്ന ചിത്രത്തിൽ നിന്ന് | ഫയൽ ചിത്രം
ഇരുവര്‍ എന്ന ചിത്രത്തിൽ നിന്ന് | ഫയൽ ചിത്രം

മണിരത്നം സംവിധാനം ചെയ്ത 'ഇരുവർ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഐശ്വര്യയുടെ സൗന്ദര്യവും അഭിനയ മികവും മികച്ച രീതിയിൽ പുറത്തെടുത്ത ചിത്രമായിരുന്നു ഇത്. ഈ സിനിമയുടെ ചിത്രീകരണ വേളയിലുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ.

'ഇരുവർ' സിനിമയിലെ "കണ്ണൈ കെട്ടിക്കൊള്ളാതെ" എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഈ സംഭവം നടന്നത്.

എനിക്ക് ആ ഗാനരംഗം ഇപ്പോഴും ഓർമയുണ്ട്, അവരതിൽ തകർത്തു. അവർ റിഹേഴ്സലിന് വന്നിരുന്നു. ഞാനാണ് പലപ്പോഴും ഹോട്ടലിൽ തിരിച്ച് കൊണ്ടാക്കാറുള്ളത്. ഞാനാണ് അവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. അന്ന്, അവൾ സെറ്റിൽ വന്നു, പുലർച്ചെ അഞ്ച് മണിക്ക് ചിത്രീകരണം ആരംഭിക്കാനായിരുന്നു മണിരത്നത്തിന്റെ തീരുമാനം. പുറത്ത് അപ്പോഴും ഇരുട്ടായിരുന്നു. ആ സമയത്ത് എഴുന്നേറ്റ് തയ്യാറാകേണ്ടി വന്നപ്പോൾ, അയ്യോ ഞാൻ മരിച്ചുപോവും, ദൈവമേ നിങ്ങൾ എന്നെ ഇങ്ങനെ പീഡിപ്പിക്കുകയാണല്ലോ !" എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
പക്ഷെ ആ ഒരു ചെറിയ കഷ്ണം ഗാനരംഗത്തിൽ ആ ഒറ്റ ഷോട്ടിൽ, അവൾ നടത്തിയ പ്രകടനം ! അതിശയിപ്പിക്കുന്ന നർത്തകിയാണവർ. മോഹൻലാൽ അടക്കമുള്ള ആണുങ്ങളെല്ലാം അവരിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു- ബൃന്ദ മാസ്റ്റർ ഓർക്കുന്നു.

ഐശ്വര്യ ലോകസുന്ദരി പട്ടം നേടുന്നതിനും മുൻപ്, അവർ ഒരു മോഡലായിരുന്ന കാലത്താണ് താൻ അവരെ ആദ്യമായി കാണുന്നതെന്നും ബൃന്ദ മാസ്റ്റർ ഓർക്കുന്നു.

'ഇരുവർ'

തമിഴ്‌നാട് രാഷ്ട്രീയത്തിലെ പ്രമുഖരായ എം.ജി. രാമചന്ദ്രൻ, എം. കരുണാനിധി, ജെ. ജയലളിത എന്നിവരുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ഇരുവർ. സിനിമയുടെയും രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രകാശ് രാജ്, രേവതി, ഗൗതമി, തബു, നാസർ തുടങ്ങിയ വൻ താരനിര തന്നെ ഉണ്ടായിരുന്നു. എ.ആർ. റഹ്മാൻ സംഗീതവും സന്തോഷ് ശിവൻ ഛായാഗ്രഹണവും നിർവ്വഹിച്ച ഈ ചിത്രം വലിയ ബജറ്റിലാണ് നിർമ്മിക്കപ്പെട്ടത്.

Content Highlights: Aishwarya Rai, Iruvar Movie, Mani Ratnam, Mohanlal, Brinda Master, Kannai Kattikolathey Song, Aishwarya Rai Debut, Tamil Cinema History, Malayalam News Cinema.