'എന്തൊരു ആഭാസമാണിത്', നടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെതിരെ വീണാ നായർ

വിജയ് ബാബു, വീണ എസ് നായർ | ഫോട്ടോ: Mathrubhumi, https://www.facebook.com/Vijaybabuofficial/photos
വിജയ് ബാബു, വീണ എസ് നായർ | ഫോട്ടോ: Mathrubhumi, https://www.facebook.com/Vijaybabuofficial/photos

ലൈം​ഗിക പീഡനത്തെക്കുറിച്ച് പരാതി നൽകിയ നടിയുടെ പേര് ഫെയ്സ്ബുക്ക് ലൈവിൽ വന്ന് വെളിപ്പെടുത്തിയ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി പൊതുപ്രവർത്തകയും അഭിഭാഷകയുമായ വീണ എസ്. നായർ. വിജയ് ബാബു പരാതിക്കാരിയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത് ആഭാസമാണെന്ന് അവർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടൻ വിജയ് ബാബുവിന്റെ ലൈവിൽ കണ്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താൻ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണ്.

പരാതി നൽകിയ പെൺകുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത്  അവളെ സൈബർ ഇടങ്ങളിൽ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങൾ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാൻ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകൾ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും അവർ പറയുന്നു. 

ജസ്റ്റിസ് ഹേമ കമ്മിറ്റി  റിപ്പോർട്ട്‌ വെളിച്ചം കാണാത്തത് വിജയ് ബാബുവിനെ പോലെ നിരവധി പേർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല എന്നാണ് ഈ സംഭവത്തിൽ നിന്നും മനസിലാക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വിടാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഒരു നടി ഒരു നടനെതിരെ പീഡനത്തിനു പരാതി നൽകുന്നു.

ആ നടൻ "ഇര താനാണ്" എന്ന വിചിത്ര വാദവുമായി പരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു.

എന്തൊരു ആഭാസമാണിത്. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടൻ വിജയ് ബാബുവിന്റെ ലൈവിൽ കണ്ടത്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താൻ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണ്.

നടി നൽകിയ പരാതി പോലീസ് അന്വേഷിക്കട്ടെ, വിജയ് ബാബു കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.

എന്നാൽ പരാതി നൽകിയ പെൺകുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബർ ഇടങ്ങളിൽ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങൾ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാൻ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇല്ലെങ്കിൽ അത് പൊതു സമൂഹത്തിനു നൽകുന്നത് തെറ്റായ സന്ദേശമായിരിക്കും.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വെളിച്ചം കാണാത്തത് വിജയ് ബാബുവിനെ പോലെ നിരവധി പേർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല എന്നാണ് ഈ സംഭവത്തിൽ നിന്നും മനസിലാക്കുന്നത്.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വിടാൻ സർക്കാർ തയ്യാറാകണം. സമൂഹത്തിൽ മാന്യന്മാരായി നടക്കുന്ന കള്ള നാണയങ്ങളെ ജനങ്ങൾ തിരിച്ചറിയട്ടെ.

Justice shall prevail even if heaven falls. ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കണം. അതിനാവട്ടെ നമ്മുടെ പോരാട്ടം 

ശാരീരികമായി ഉപദ്രവിച്ചുെവന്നും ബലാത്സംഗം ചെയ്തുവെന്നുമുള്ള നടിയുടെ പരാതിയിൽ കഴിഞ്ഞദിവസമാണ് വിജയ് ബാബുവിനെതിരേ പോലീസ് കേസെടുത്തത്. കോഴിക്കോട് സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് നടപടി. 22-നാണ് കൊച്ചി സൗത്ത് സിറ്റി പോലീസിന് പരാതി നൽകിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനംചെയ്ത് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് ഒട്ടേറെ തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

Content Highlights: adv veena s nair against actor producer vijay babu, vijay babu case