സർജറി കഴിഞ്ഞു, ഇനി കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോ തെറാപ്പിയും - വീണ നായർ

ചിത്രീകരണത്തിനിടെ പരിക്ക്പറ്റിയ നടി വീണ നായരുടെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും കുറച്ചു ദിവസത്തെ വിശ്രമവും ഫിസിയോതെറപ്പിയുമാണ് ഡോക്ടര്‍മാർ നിർദേശിച്ചിരിക്കുന്നതെന്നും വീണ നായർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു
‘എനിക്ക് പറ്റിയ അപകടം അറിഞ്ഞ് ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വിവരങ്ങൾ തിരക്കുകയും എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തത് അറിയാൻ സാധിച്ചു. സർജറി നല്ല രീതിയിൽ കഴിഞ്ഞു. കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോതെറപ്പിയുമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാർഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം.’–വീണ നായർ കുറിച്ചു.
സ്വകാര്യ ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. വെള്ളിമൂങ്ങ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, ചന്ദ്രേട്ടൻ എവിടെയാ, വെൽക്കം ടു സെൻട്രൽ ജെയിൽ, ജോണി ജോണി യെസ് അപ്പാ, മനോഹരം, ആദ്യരാത്രി തുടങ്ങിയവയാണ് വീണയുടെ ശ്രദ്ധേയ ചിത്രങ്ങൾ. ഇതുകൂടാതെ നിരവധി പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും വീണ പ്രേക്ഷകർക്ക് സുപരിചിതയാണ്.
Content Highlights: Actress Veena Nair Injured while Shooting Health update