‘പ്രശസ്തി ഒരുതരത്തിലും അവളെ മാറ്റിയില്ല’, സൗന്ദര്യയെ വിതുമ്പലോടെ ഓർത്ത് നടി രമ്യാ കൃഷ്ണൻ

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ തെന്നിന്ത്യൻ നടിയാണ് സൗന്ദര്യ. 2004 ഏപ്രിൽ 17-ന് വിമാനാപകടത്തിലാണ് മുപ്പത്തിരണ്ടുകാരിയായ സൗന്ദര്യ മരിച്ചത്. ഇപ്പോഴിതാ സൗന്ദര്യ എന്ന സുഹൃത്തിനെ വിതുമ്പലോടെ ഓർക്കുന്ന നടി രമ്യാ കൃഷ്ണന്റെ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. നടൻ ജഗപതി ബാബു അവതാരകനായെത്തുന്ന ടിവി ഷോയ്ക്കിടയിലാണ് രമ്യ വികാരാധീനയായി സൗന്ദര്യയെ ഓർത്തെടുത്തത്.
തങ്ങളുടെ ഇരുവരുടെയും സുഹൃത്തായ സൗന്ദര്യയേക്കുറിച്ച് സംസാരിക്കാം എന്നുപറഞ്ഞാണ് ജഗപതി ബാബു വീഡിയോ തുടങ്ങുന്നത്. 1999-ൽ സൗന്ദര്യയും രമ്യാ കൃഷ്ണനും ചേർന്നഭിനയിച്ച പടയപ്പ എന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഷോയിൽ കാണിക്കുന്നുണ്ട്. ഇതുകണ്ടയുടൻ രമ്യയുടെ കണ്ണ് നിറയുകയും വിതുമ്പലോടെ സൗന്ദര്യയേക്കുറിച്ച് സംസാരിക്കുകയുമായിരുന്നു.
1995-ൽ പുറത്തിറങ്ങിയ അമ്മോരു എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് സൗന്ദര്യയെ ആദ്യമായി കാണുന്നതെന്ന് രമ്യാ കൃഷ്ണൻ പറഞ്ഞു. സൗന്ദര്യക്കൊപ്പം പടയപ്പ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ചെയ്തു. പ്രശസ്തി ഒരുതരത്തിലും അവളെ മാറ്റിയില്ല. മനോഹരമായ വ്യക്തിത്വത്തിന് ഉടമയും നല്ല സുഹൃത്തുമായിരുന്നു-രമ്യ പറഞ്ഞു. പേരുപോലെ തന്നെ മനോഹരമായ ഹൃദയമുള്ളയാളാണ് സൗന്ദര്യ എന്നാണ് വികാരാധീനനായി ജഗപതി ബാബു പറഞ്ഞത്.
2004ല്‍ ബെംഗളൂരുവില്‍ ഒരു തിരഞ്ഞെടുപ്പ് കാമ്പയിനിടയില്‍ നടത്തിയ യാത്രക്കിടെ വിമാനാപകടത്തില്‍പ്പെട്ടാണ് സൗന്ദര്യയും സഹോദരന്‍ അമര്‍നാഥും മരണപ്പെടുന്നത്. കോലാർ ജില്ലയിലെ മുൽബാഗിൽ ജനിച്ച സൗന്ദര്യ തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം മികവു തെളിയിച്ച നടിയാണ്. കന്നഡ സിനിമാനിർമാതാവായ സത്യനാരായാണയാണ് സൗന്ദര്യയുടെ അച്ഛൻ. ബെംഗളൂരുവിലായിരുന്നു സ്ഥിരതാമസം.
മലയാളത്തിൽ വൈകിയെത്തിയ സൗന്ദര്യ ചലച്ചിത്ര പ്രേമികൾ എന്നും ഓർക്കുന്ന രണ്ടു കഥാപാത്രങ്ങൾക്കു ജീവൻ പകർന്നാണ് കടന്നുപോയത്. 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ ജ്യോതിയെയും 'കിളിച്ചുണ്ടൻ മാമ്പഴ'ത്തിലെ ആമിനയേയും. കമൽ സംവിധാനം ചെയ്യുന്ന 'മുന്തിരിപ്പൂക്കളുടെ അതിഥി', പി.കെ.ആർ. പിള്ള നിർമിക്കുന്ന 'ഹരിശ്രീ' എന്നീ ചിത്രങ്ങളിൽ സൗന്ദര്യ അഭിനയിക്കാനിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൗന്ദര്യ സജീവമായതിനാൽ 'മുന്തിരിപ്പൂക്കളുടെ അതിഥി' തൽക്കാലം നിർത്തിവെക്കുകയായിരുന്നു. ഈ ചിത്രമാണ് പിന്നീട് ആഗതൻ എന്ന പേരിൽ പുറത്തിറങ്ങിയത്.
Content Highlights: Actress Ramya Krishnan tearfully remembers her close friend, the late South Indian actress Soundarya,