ശിക്ഷ കഠിനമാക്കണം, സമൂഹത്തിന് പേടിയുണ്ടാകണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ഗൗരി നന്ദ

Gowri Nandha, Pinarayi Vijayan
Gowri Nandha, Pinarayi Vijayan

സംസ്ഥാനത്ത് തുടർച്ചയായി സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി നടി ഗൗരി നന്ദ. ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കിൽ ഇനിയും നമ്മൾ ഇതുപോലെ സഹതപിക്കേണ്ടിവരും.. സമൂഹത്തിന് പേടിയുണ്ടാകണം. കുഞ്ഞുങ്ങളുടെ, പെൺകുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെയെല്ലാം ജീവൻ നിലനിർത്താൻ വേണ്ടിയാണ് പറയുന്നതെന്നും ​ഗൗരി നന്ദ ഫെയ്സ്ബുക്കിൽ പങ്കുവച്ച കത്തിൽ കുറിക്കുന്നു

ഗൗരി നന്ദയുടെ കത്ത്:

നമസ്കാരം,

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സർ അങ്ങയോട് എനിക്ക് സംസാരിക്കണം എന്ന് തോന്നിയത് കൊണ്ട് എഴുതുന്നു. അങ്ങ് ഇത് കാണുമോ ഇല്ലയോ എന്നുപോലും അറിയില്ല. പക്ഷേ വേറെ ആരോടും പറയാൻ തോന്നിയില്ല. കാരണം ഇപ്പോ ഈ കേരളം അങ്ങയുടെ കൈകളിൽ ആണ്. എനിക്ക് രാഷ്ട്രീയം ഇല്ല, പാർട്ടിയില്ല, കൊടിയുടെ നിറവും ഇല്ല, പക്ഷേ ഒരു സാധാരണ പെൺകുട്ടി.

ഈ സമൂഹത്തിൽ നല്ല രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നു. ഇവിടെ സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ എന്റെ സഹോദരിയാകാൻ മാത്രം പ്രായമുള്ള പെൺകുട്ടികൾ ജീവനൊടുക്കുന്നത് കാണുമ്പോൾ, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നത് കാണുമ്പോൾ പറയണം എന്ന് തോന്നി.

സർ നിയമം ആളുകൾ കയ്യിൽ എടുക്കരുത് എന്ന് പറയുന്നതിനോട് ഞാൻ അനുകൂലിക്കുന്നു. പക്ഷേ ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കിൽ ഇനിയും നമ്മൾ ഇതുപോലെ സഹതപിക്കേണ്ടിവരും.. സമൂഹത്തിന് പേടിയുണ്ടാകണം. സർ തെറ്റ് ചെയ്താൽ കഠിന ശിക്ഷ കിട്ടും എന്ന പേടി ആ നിയമം എത്രയും വേഗം നടപ്പിലാക്കിയാൽ മാത്രമേ ജീവൻ അതും പെൺകുട്ടികളുടെ ജീവൻ നിലനിൽക്കൂ.

എന്ത് അതിക്രമം കാണിച്ചും ഇവിടെ ഒന്നും സംഭവിക്കാതെ തെറ്റ് ചെയ്തവർ ജീവിക്കുമ്പോൾ ഇതിലും മൃഗീയമായ കാര്യങ്ങൾ നമ്മൾ കാണേണ്ടി വരും, കേൾക്കേണ്ടി വരും. മറ്റുള്ള രാജ്യങ്ങൾ തെറ്റ് കണ്ടാൽ കഠിന ശിക്ഷ നടപ്പിലാക്കുന്നു.. അപ്പോൾ സമൂഹത്തിന് ജനങ്ങൾക്ക് പേടി ഉണ്ടാകുന്നു ഇവിടെ അത് സംഭവിക്കുന്നില്ല. ഒരു കുറ്റം ചെയ്താൽ അതിന്റെ ശിക്ഷ പൊതുസമൂഹത്തിന്റെ മുമ്പിൽ കാണിച്ചുകൊണ്ട് നടപ്പിലാക്കൂ എങ്കിൽ കുറെയേറെ സംഭവങ്ങൾ ഇവിടെ ഇല്ലാതാകും.

ഞാനും ഒരു പെൺകുട്ടിയാണ് എന്റെ ജീവിതത്തിൽ നാളെ എന്തു സംഭവിക്കും എന്ന് അറിയില്ല. കുഞ്ഞുങ്ങളുടെ, പെൺകുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെ, അങ്ങനെ എല്ലാവരുടെയും നല്ല ജീവിതത്തിനും അവരുടെ ജീവൻ നിലനിർത്താൻ വേണ്ടി പറയുന്നു. നിയമം ശക്തമാക്കണം, ശിക്ഷ കഠിനമാക്കണം, എല്ലാവരും ഈ ഒരു കാര്യം നടപ്പില്ലാക്കി എടുക്കാൻ ഒറ്റകെട്ടായി നിൽക്കണം. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ. ആര് തെറ്റ് ചെയ്താലും അവർ ഉടനടി ശിക്ഷിക്കപ്പെടണം. മനുഷ്യരുടെ ജീവൻ വലുതാണ് അത് ആണായാലും പെണ്ണായാലും.

content Highlights : Actress Gowri Nandha Open letter to CM Pinarayi Vijayan on dowry deaths in kerala

Content Highlights: