ഭാവനയ്ക്ക് ചിന്ത രവീന്ദ്രൻ പുരസ്കാരം; സമർപ്പണം ജൂലൈ 25-ന് കോഴിക്കോട്ട്

#Movie desk
ഭാവന | ചിത്രം: മാതൃഭൂമി
ഭാവന | ചിത്രം: മാതൃഭൂമി

കോഴിക്കോട്: 2026-ലെ ചിന്ത രവീന്ദ്രൻ പുരസ്കാരം നടി ഭാവനയ്ക്ക്. കേരളീയ സാമൂഹികജീവിതത്തിൽ സ്ത്രീകളുടെ സ്വതന്ത്രമായ നിലനിൽപ്പിനുവേണ്ടി അവർ നടത്തിയ പോരാട്ടങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് ഫൗണ്ടേഷൻ അറിയിച്ചു. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ജൂലൈ 25-ന് രാവിലെ 10 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. എൻ.എസ്. മാധവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സക്കറിയ, ശശികുമാർ എന്നിവർ സംസാരിക്കും. പുരസ്കാര സമർപ്പണത്തോടനുബന്ധിച്ച് നടക്കുന്ന ചിന്ത രവീന്ദ്രൻ സ്മാരക പ്രഭാഷണം പ്രമുഖ മാധ്യമപ്രവർത്തകൻ എൻ. റാം നിർവഹിക്കും. ‘റിപ്പബ്ലിക്കിനെ ഇല്ലാതാക്കൽ: ഹിന്ദുത്വ ഏകാധിപത്യ രാഷ്ട്രീയം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ എങ്ങനെ തകർക്കുന്നു’ എന്നതാണ് പ്രഭാഷണ വിഷയം.

തിരഞ്ഞെടുത്തത് പ്രമുഖരടങ്ങിയ ജൂറി

കെ. സച്ചിദാനന്ദൻ, കെ.സി. നാരായണൻ, എം.പി. സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറി പാനലാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. എഴുത്തുകാരനും മാധ്യമവിദഗ്ധനുമായിരുന്ന ചിന്ത രവീന്ദ്രന്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ട്രസ്റ്റ് ഏർപ്പെടുത്തുന്ന ഏഴാമത്തെ പുരസ്കാരമാണിത്. കെ.പി. കുമാരൻ, പ്രൊഫ. ബി. രാജീവൻ, സുനിൽ പി. ഇളയിടം, പി. സായ്‌നാഥ്, യോഗേന്ദ്ര യാദവ്, ശരൺകുമാർ ലിംബാളെ എന്നിവരാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരത്തിന് അർഹരായവർ.

അനുസ്മരണ പരിപാടികളുടെ ഭാഗമായി 'എക്കോസ് ഓഫ് എൻ അൺഫിനിഷ്ഡ് ഡ്രീം' എന്ന പേരിൽ സുനിൽ അശോകപുരം ക്യൂറേറ്റ് ചെയ്യുന്ന ചിത്രപ്രദർശനം ജൂലൈ 20-ന് വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് ആർട്ട് ഗാലറിയിൽ ആരംഭിക്കും. ഗാസയിൽ കൊല്ലപ്പെട്ട 18,000 കുട്ടികളുടെ പേരുകൾ വായിച്ചുകൊണ്ട് ഫൗണ്ടേഷൻ നടത്തിയ 'ഗാസയുടെ പേരുകൾ' എന്ന പരിപാടിയുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

Content Highlights: Actress Bhavana has been selected for the 7th Chinta Raveendran Award (2026) in recognition of her inspiring struggle for the independent existence of women in Kerala's social life, which will be presented at a ceremony in Kozhikode on July 25 featuring a memorial lecture by eminent journalist N. Ram.