'ഞങ്ങളുടെ അവധിയാഘോഷത്തിന്റെ 5 മിനിറ്റ് നശിപ്പിച്ചു'; വേർപിരിയൽ വാർത്തകൾ തള്ളി അസിൻ

മലയാളത്തിൽ ആരംഭിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡിലെത്തിയ നടിയാണ് അസിൻ. 2016-ൽ മൈക്രോ മാക്സ് മൊബൈൽ ഫോൺ കമ്പനി സഹ സ്ഥാപകൻ രാഹുലിനെ വിവാഹം ചെയ്തശേഷം അസിൻ സിനിമയിൽ അഭിനയിച്ചിട്ടില്ല. കഴിഞ്ഞദിവസം അസിൻ പൊടുന്നനേ വാർത്തകളിൽ നിറഞ്ഞു. രാഹുലുമായി നടി വേർപിരിയുന്നു എന്ന വാർത്തകളായിരുന്നു അതിന് കാരണം.
അസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് രാഹുലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കൂട്ടത്തോടെ അപ്രത്യക്ഷമായതാണ് വേർപിരിയൽ അഭ്യൂഹം ശക്തമാവാൻ കാരണം. ഇരുവരുടേയും വിവാഹചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു എന്നതും ഈ പ്രചാരണത്തിന് ശക്തിയേകി. ബോളിവുഡ് നടൻ റിഷി കപൂർ അന്തരിച്ച വേളയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം മാത്രമാണ് അസിനും രാഹുലും ഒരുമിച്ചുനിൽക്കുന്നതായി ഇൻസ്റ്റാഗ്രാമിലുള്ളത്. വാർത്ത പരന്നതോടെ വിശദീകരണവുമായി അസിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
താൻ കുടുംബവുമൊത്ത് ഒരു അവധിക്കാലയാത്രയിലാണെന്നാണ് അസിൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതിയത്. പ്രചരിക്കുന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. ഈ വാർത്ത നശിപ്പിച്ചുകളഞ്ഞ അഞ്ച് മിനിറ്റ് ഒഴിച്ചുനിർത്തിയാൽ അവധിയാഘോഷം ഗംഭീരമായിരുന്നെന്നും അസിൻ കൂട്ടിച്ചേർത്തു.
2001-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ സിനിമാരംഗത്തെത്തിയത്. എം.കുമരൻ സൺ ഓഫ് മഹലാക്ഷ്മിയിലൂടെ തമിഴ് സിനിമയിലും അസിൻ ചുവടുറപ്പിച്ചു. കമൽ ഹാസൻ, വിജയ്, അജിത്, സൂര്യ, പ്രഭാസ്, രവിതേജ, നാഗാർജുന, പവൻ കല്യാൺ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങി തമിഴിലേയും തെലുങ്കിലേയും ഹിന്ദിയിലേയും സൂപ്പർതാരങ്ങൾക്കൊപ്പം അസിൻ വേഷമിട്ടു. അരിൻ ആണ് അസിന്റേയും രാഹുലിന്റേയും മകൾ.
Content Highlights: actress asin reacts divorce rumours, asin new instagram post