ജനനായകൻ ഒടിടിയിൽ റിലീസ് ചെയ്യണം, വിജയ്യുടെ പരിശ്രമമെല്ലാം പാഴായിപ്പോയല്ലോ -വിശാൽ

വിജയ് നായകനാകുന്ന ജനനായകൻ എന്ന ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്യണമെന്ന് നടൻ വിശാൽ. ഇനിയും റിലീസ് ചെയ്യാത്ത ഈ സിനിമയുടെ വ്യാജപതിപ്പ് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ആരാധകൻ എന്ന നിലയിൽ തന്റെ അഭിപ്രായമാണ് പറയുന്നതെന്നും വിശാൽ കൂട്ടിച്ചേർത്തു. ജനനായകന്റെ ഹൈ ക്വാളിറ്റി പ്രിന്റ് ചോർന്ന സംഭവത്തിൽ നടൻ ശിവ കാർത്തികേയന്റെ പ്രതികരണം വന്നതിനുപിന്നാലെയാണ് വിശാലും രംഗത്തെത്തിയത്.
"പ്രിയ വിജയ്, നിങ്ങളുടെ/നമ്മുടെ സിനിമയായ ജനനായകന്റെ ലീക്കായ വീഡിയോകൾ കാണുന്നത് വളരെ നിരാശാജനകമാണ്. ഇത്രയധികം പരിശ്രമവും സമർപ്പണവും ജോലിയും പാഴായിപ്പോയതിൽ വിഷമമുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നിങ്ങളുടെ ആരാധകനായതിനാൽ, തിയേറ്ററുകളിൽ നിങ്ങളുടെ സിനിമകൾ കാണുകയും എന്റെ പ്രിയപ്പെട്ട നായകന്/നടന്/കലാകാരന് വേണ്ടി ആരവം മുഴക്കി ആസ്വദിക്കുകയും ചെയ്യാറുണ്ട്.
സിനിമ OTT-യിലും സാറ്റലൈറ്റിലും റിലീസ് ചെയ്താൽ പോലും, നമ്മുടെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്നാലും, ഇപ്പോൾ നമുക്ക് അത് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട നടന് വേണ്ടി വീട്ടിലിരുന്ന് ആരവം മുഴക്കുന്ന ഒരു വ്യത്യാസം മാത്രമായിരിക്കും അവിടെയുള്ളത്. നിർമാണ കമ്പനിക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ളതും നിർണായകവുമായ ഒരു സാമ്പത്തിക തീരുമാനമാണെന്ന് എനിക്കറിയാം. പക്ഷേ ഒരു ആരാധകൻ എന്ന നിലയിൽ എന്റെ വികാരം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു.
സിനിമ ഉടൻ തിയേറ്ററുകളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ സിനിമ അത്രയും വിവാദമുണ്ടാക്കുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല, എന്നാൽ ബഹുമാനപ്പെട്ട സെൻസർ ബോർഡിന് അവരുടേതായ കാരണങ്ങൾ ഉണ്ടാകാം. സിനിമ നിയമപരമായി ഉടൻ കാണാൻ കഴിയുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ." വിശാലിന്റെ വാക്കുകൾ.
ടെസ്റ്റ് സ്ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. മുഴുവൻ ചിത്രം തന്നെ ചോർന്നതായി പലരും എക്സിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. എക്സിന് പുറമേ യൂട്യൂബ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്റെ ഭാഗങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ടുണ്ട്.
മുഴുവൻസമയ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്യുടെ അവസാന ചിത്രമെന്നാണ് 'ജനനായകൻ' വിശേഷിപ്പിക്കപ്പെടുന്നത്. എച്ച്. വിനോദ് സംവിധാനംചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. പൊങ്കൽ റിലീസായി പദ്ധതിയിട്ട ചിത്രം സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. കോടതിയെ സമീപിച്ചെങ്കിലും നിർമാതാക്കൾക്ക് അനുകൂലമായി വിധിയുണ്ടായില്ല.
Content Highlights: Actor Vishal has suggested that Thalapathy Vijay’s 'Jananayagan' should consider an OTT and Satellite release to counter the impact of recent high-quality footage leaks and ongoing delays from the Censor Board.