രാഷ്ട്രീയ പ്രവേശത്തിന് വിശാലും?; ധനുഷിന് പിന്നാലെ നടന്റെ പ്രസംഗത്തിൽ വ്യാപക അഭ്യൂഹം

പൊതുപരിപാടിക്കിടെ തമിഴ് നടൻ വിശാൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകുന്നു. സിനിമയിലൂടെ തനിക്ക് ലഭിച്ച ജനപ്രീതിയും സ്‌നേഹവും ജനങ്ങളെ സേവിക്കാൻ വിനിയോഗിക്കുമെന്ന വിശാലിന്റെ പ്രസംഗമാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ഇനി മുന്നോട്ടുള്ള തന്റെ പാത സാധാരണ ഒന്നായിരിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെ താരം രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണോ എന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തി.
പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, വർഷങ്ങളായി ജനങ്ങൾ തനിക്ക് നൽകിയ സ്‌നേഹത്തിന് തിരിച്ചെന്തെങ്കിലും ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വിശാൽ പറഞ്ഞു. 'വർഷങ്ങളായി ചലച്ചിത്ര രംഗത്തുള്ള ഒരു നടൻ എന്ന നിലയിൽ നിങ്ങൾക്കായി തിരിച്ചെന്തെങ്കിലും ചെയ്യാനുള്ള ജനപ്രീതി എനിക്കുണ്ട്. ഇനി മുന്നോട്ടുള്ള എന്റെ പാത സാധാരണ ഒന്നായിരിക്കില്ല. കുറുക്കുവഴികളില്ലാതെ നേരായ വഴിയിലൂടെ മാത്രമായിരിക്കും ഞാൻ സഞ്ചരിക്കുക. ആ വഴിയിലൂടെ വന്ന് എല്ലാ മേഖലകളിലും നിങ്ങൾക്കുള്ള പിന്തുണ ഞാൻ ഉറപ്പാക്കും,' എന്നായിരുന്നു വിശാലിന്റെ പ്രസംഗം.
രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് താരം ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണെന്ന് പലരും വിലയിരുത്തുന്നു.
മുമ്പും വിശാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചയിൽ ഉയർന്നിരുന്നു. 2017-ൽ 'തുപ്പരിവാലൻ' എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ആർ.കെ. നഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ വിശാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ആവശ്യമായ നിർദ്ദേശകരുടെ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക തള്ളുകയായിരുന്നു.
2024-ൽ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ, ഉടൻ രാഷ്ട്രീയത്തിലേക്ക് വരാൻ പദ്ധതിയില്ലെന്ന് വിശാൽ വ്യക്തമാക്കിയിരുന്നു. എങ്കിലും ഭാവിയിൽ അതിനുള്ള സാധ്യത നടൻ തള്ളിക്കളഞ്ഞിരുന്നില്ല.
മുമ്പ് രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്ക് വിശാൽ മറുപടി നൽകിയിരുന്നു. ഫാൻസ് ക്ലബ്ബിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും ജനങ്ങളെ സേവിക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നായിരുന്നു അന്ന് വിശാൽ പ്രസ്താവനയിൽ പറഞ്ഞത്.
'ഒരു നടനായും സാമൂഹിക പ്രവർത്തകനായും എന്നെ അംഗീകരിച്ച തമിഴ്‌നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. തുടക്കം മുതൽ തന്നെ എന്റെ ഫാൻസ് ക്ലബ് വെറുമൊരു ആരാധക കൂട്ടായ്മയായി മാത്രം ഒതുങ്ങാതെ, ആവശ്യക്കാരായ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു,' വിശാൽ പറഞ്ഞു.
അതേസമയം, വിശാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'മകുടം' ഓഗസ്റ്റിൽ തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്. തമന്നയും യോഗി ബാബുവും പ്രധാന വേഷങ്ങളിലെത്തുന്ന സുന്ദർ സി. ചിത്രം 'പുരുഷൻ' ആണ് വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.
തന്റെ ഫാൻസ് ക്ലബ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നടൻ ധനുഷ് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വിശാലിന്റെ പ്രസംഗവും ചർച്ചയാകുന്നത്.
Content Highlights: Tamil actor Vishal sparked intense speculation about entering politics following an impactful speech at a recent public event. During the speech, Vishal stated that his future journey would not be ordinary and that he intends to use his popularity to serve the public. This is not the first time Vishal has eyed politics; he previously attempted to contest the R.K. Nagar by-election as an independent candidate in 2017. His remarks come closely on the heels of similar political hints dropped by actor Dhanush at a fan club blood donation drive. On the professional front, Vishal is gearing up for the release of his directorial debut film Makudam along with Sundar C's Purushan.