'എടാ മോനേ, ഇത് കണ്ടിരിക്കേണ്ട പടം'; ആവേശം കണ്ട് ത്രില്ലടിച്ച് വരുൺ ധവാൻ

വരുൺ ധവാൻ, ആവേശം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: എ.എഫ്.പി, www.facebook.com/FahadhFaasil
വരുൺ ധവാൻ, ആവേശം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: എ.എഫ്.പി, www.facebook.com/FahadhFaasil

ഈ വർഷം തിയേറ്ററുകളിലെത്തിയവയിൽ തിയേറ്ററിലും ഒ.ടി.ടിയിലും തരം​ഗം സൃഷ്ടിച്ച ചിത്രങ്ങളിലൊന്നാണ് ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനംചെയ്ത ആവേശം. നൂറുകോടിയിലേറെയായിരുന്നു ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ.

ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായാണ് വരുൺ ധവാൻ ആവേശം സിനിമയേയും ഫഹദ് ഫാസിലിനേയും അഭിനന്ദിച്ചത്.  ആവേശത്തിലെ ഒരു ​ഗാനരം​ഗത്തിന്റെ സ്ക്രീൻഷോട്ടാണ് താരം പോസ്റ്റ് ചെയ്തത്. രം​ഗണ്ണൻ എപ്പോഴും തന്റെ വാക്കുപാലിക്കും എന്ന് വരുൺ ധവാൻ കുറിച്ചു. ഈ സിനിമ എല്ലാ സിനിമാ പ്രേമികളും തീർച്ചയായും ഇഷ്ടപ്പെടുമെന്നും വരുൺ കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല ചലച്ചിത്രരം​ഗത്തുനിന്നുള്ള പ്രമുഖർ ഈ ജിത്തു മാധവൻ ചിത്രത്തെ പ്രശംസിക്കുന്നത്. നേരത്തേ നയൻ താര, സാമന്ത എന്നിവർ ആവേശത്തെ വാനോളം പുകഴ്ത്തിയിരുന്നു. ഈ വർഷത്തെ വിഷു റിലീസായാണ് ആവേശം തിയേറ്ററുകളിലെത്തിയത്. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് നിർമിച്ചത്.

അതേസമയം കലീസ് സംവിധാനംചെയ്യുന്ന ബേബി ജോൺ ആണ് വരുൺ ധവാന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തമിഴ് സൂപ്പർഹിറ്റ് ചിത്രം തെരിയുടെ റീമേക്ക് ആണ് ബേബി ജോൺ. കീർത്തി സുരേഷ്, വാമിഖ ​ഗബ്ബി, ജാക്കി ഷ്റോഫ്, സാനിയ മൽഹോത്ര എന്നിവരാണ് മറ്റുവേഷങ്ങളിൽ. രാജ്-ഡി.കെ ടീം ഒരുക്കുന്ന സിറ്റഡെൽ ഹിന്ദി റീമേക്കിലൂടെ ഒ.ടി.ടിയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വരുൺ ധവാൻ.

Content Highlights: actor varun dhawan praising avesham movie and fahadh faasil