മുംബൈയിലെ ഏജന്റുമാർ പണം വാങ്ങി പറ്റിച്ചു, അമ്മയെപ്പോലും ഭീഷണിപ്പെടുത്തുന്നു- നടൻ സുബീഷ് സുധി

പ്രധാനവേഷത്തിലെത്തിയ ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രം തന്നെ സാമ്പത്തികമായി തകർത്തുവെന്ന നടൻ സുബീഷ് സുധിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിർമാണത്തിൽ പങ്കാളിയായ ചിത്രമുണ്ടാക്കിയ ബാധ്യതകാരണം പിടിച്ചുനിൽക്കാൻ കഴിയാതെ രണ്ടുതവണ ആത്മഹത്യയ്ക്കുശ്രമിച്ചതായും നടൻ വെളിപ്പെടുത്തി. ഒടിടി വിൽപനയ്ക്ക് ശ്രമിച്ചപ്പോൾ മുംബൈയിലെ ഏജന്റുമാർ പണം വാങ്ങി കബളിപ്പിച്ചുവെന്നും തന്റെ വീട് ജപ്തിയിലാണെന്നും സുബീഷ് പറഞ്ഞിരുന്നു. പണം നൽകാനുള്ളവരിൽനിന്ന് തന്റെ കുടുംബത്തിന് പോലും ഭീഷണി നേരിടേണ്ടിവരികയാണെന്ന് പറയുകയാണ് ഇപ്പോൾ നടൻ. ചിത്രത്തിന്റെ റീ- റിലീസിൽ മാത്രമാണ് പ്രതീക്ഷയെന്നും അതിനായി നല്ലൊരു വിതരണക്കാർ മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'റിലീസ് ചെയ്ത സമയം അനുകൂലമായിരുന്നില്ല. മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു പോലെയുള്ള പടങ്ങളുണ്ടായിരുന്നു. മാർച്ചിൽ പരീക്ഷകൾ, നോമ്പ് അങ്ങനെ ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. സിനിമ കണ്ട എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. ഒടിടിയിൽ കച്ചവടമാവുമെന്ന് പ്രതീക്ഷിച്ചു. അതും നടന്നില്ല. ബോംബെയിൽ പോയപ്പോൾ കുറേ ഏജന്റുമാർ പൈസ വാങ്ങി പറ്റിച്ചു', സുബീഷ് ആവർത്തിച്ചു.
'ആ കടം തീർക്കാൻ പല പരിപാടികളും നോക്കി. ഒന്നും നടന്നില്ല. അവസാനം എല്ലാം വഴിമുട്ടിയ അവസ്ഥയിലായി. ബാധ്യതമുഴുവൻ എന്റെ തലയിലായി. പണം തിരികെ കിട്ടാൻ നിർമാതാക്കൾ എന്നെ വല്ലാതെ പീഡിപ്പിച്ചു. എന്നെ മറ്റൊന്നിനും വിടാതെ, ഇതിനുവേണ്ടി മാത്രം നടക്കുന്ന അവസ്ഥവന്നു', നടൻ പറഞ്ഞു.
'ഒന്നും നടക്കാതെ വന്നപ്പോൾ കത്തെഴുതി സുഹൃത്തിന് നൽകി തിരുവനന്തപുരത്തുവെച്ച് ആത്മഹത്യയ്ക്കുശ്രമിച്ചു. പക്ഷേ, എന്നെ പിന്തുടർന്ന് കണ്ടെത്തി പിന്തിരിപ്പിച്ചു. അരമണിക്കൂർ മുമ്പേപോലും അമ്മയെ വിളിച്ചു ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. റീ- റിലീസിൽ മാത്രമാണ് പ്രതീക്ഷ. നല്ലൊരു വിതരണക്കമ്പനി വരേണ്ടതുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Actor Subeesh Sudhi reveals severe financial distress after producing a film. Claims Mumbai-based agents cheated him during OTT sale attempts. Reports facing threats against his family and mother from creditors. Admits to two suicide attempts due to mounting debt and pressure. Hopes for a film re-release with support from a reliable distributor