സോഷ്യൽ മീഡിയയിൽനിന്ന് വിവാഹച്ചിത്രങ്ങൾ നീക്കി ശർവാനന്ദ്, വിവാഹമോചനമെന്ന് അഭ്യൂഹം

സോഷ്യൽ മീഡിയാ അക്കൗണ്ടിൽനിന്ന് വിവാഹച്ചിത്രങ്ങൾ നീക്കം ചെയ്ത് തെലുങ്ക് നടൻ ശർവാനന്ദ്. ഭാര്യ രക്ഷിത റെഡ്ഡിയുമായി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന വാർത്തകൾക്കിടെയാണിത്. രക്ഷിതയുമൊരുമിച്ചുള്ള മറ്റുചിത്രങ്ങളും താരത്തിന്റെ അക്കൗണ്ടിലില്ല. ഏകദേശം മൂന്ന് വർഷത്തെ ബന്ധത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നു എന്ന വാർത്തകൾ വരുന്നത്.
വിവാഹച്ചിത്രങ്ങൾക്കൊപ്പം മകളെക്കുറിച്ചുള്ള പോസ്റ്റുകളും ശർവാനന്ദ് നീക്കം ചെയ്തതാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട സംശയങ്ങൾ വർദ്ധിപ്പിച്ചത്. തന്റെ മകളുടെ ജനനശേഷം പിതൃത്വത്തെക്കുറിച്ചും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളെക്കുറിച്ചും വാചാലനായിരുന്ന താരം ഇത്തരമൊരു നീക്കം നടത്തിയത് ആരാധകർക്കിടയിൽ വലിയ സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്.
2023 ജൂൺ 3-ന് ജയ്പൂരിൽ വെച്ച് നടന്ന ഗംഭീരമായ ചടങ്ങിലായിരുന്നു ശർവാനന്ദും രക്ഷിത റെഡ്ഡിയും വിവാഹിതരായത്. യുഎസിൽ ടെക് പ്രൊഫഷണലായ രക്ഷിത, ആന്ധ്രാപ്രദേശ് ഹൈക്കോടതി അഭിഭാഷകൻ പസുന്നൂർ മധുസൂദന റെഡ്ഡിയുടെ മകളാണ്. 2024 മാർച്ചിൽ ഇവർക്ക് ലീല ദേവി മൈനേനി എന്ന മകൾ ജനിച്ചു.
ഇത് ആദ്യമായല്ല ശർവാനന്ദിന്റെ വിവാഹമോചന വാർത്തകൾ പ്രചരിക്കുന്നത്. കഴിഞ്ഞ വർഷവും സമാനമായ അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും ശർവാനന്ദിന്റെ ടീം അത് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളിയിരുന്നു.
സ്പോർട്സ് ഡ്രാമയായ 'ബൈക്കർ' ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇതിലെ വിക്കി എന്ന മോട്ടോക്രോസ് റേസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഭോഗി' എന്ന ചിത്രമാണ് ശർവാനന്ദിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
Content Highlights: Telugu actor Sharwanand has fueled intense divorce speculations by deleting his wedding and family photographs from Instagram, just three years into his marriage with US-based professional Rakshita Reddy.