ലോട്ടറിക്കച്ചവടക്കാർക്ക് ശബ്ദം റെക്കോർഡ് ചെയ്തുനൽകിയ ജയറാം; ഓർമകൾ പങ്കുവെച്ച് താരവും സുഹൃത്തും

പെരുമ്പാവൂർ: നാലുപതിറ്റാണ്ടുമുൻപുളള പെരുമ്പാവൂരിനെക്കുറിച്ചും പഴയകാലത്തെ മൈക്ക് അനൗൺസ്‌മെന്റിനേക്കുറിച്ചുമുളള ഓർമ്മകൾ പങ്കുവച്ച് നടൻ ജയറാം. നടനാവുന്നതിന് മുൻപ് അനൗൺസ്‌മെന്റ് വാഹനത്തിൽ ആദ്യമായി മൈക്ക് കൈയിൽ വെച്ചുകൊടുത്ത സുഹൃത്ത് സണ്ണി തുരുത്തിയിലുമായുളള കൂടിക്കാഴ്ചയായിരുന്നു വേദി.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് താരം വെങ്ങോലയിലെ സണ്ണിയുടെ വീട്ടിലെത്തിയത്. 45 മിനിറ്റോളം ഇരുവരും പഴയകാല ഓർമ്മകൾ പങ്കുവച്ചു. മിമിക്രിയിൽ സജീവമാകുന്നതിന് മുൻപ് ജയറാമിന്റെ പെരുമ്പാവൂരിലെ ചങ്ങാത്തം മൈക്ക് സെറ്റുകാർക്കൊപ്പമായിരുന്നു. പി.പി.തങ്കച്ചന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ജീപ്പിലിരുന്ന് ജയറാം അനൗൺസ്‌മെന്റ് നടത്തുന്നത് ഇപ്പോഴും കൺമുന്നിലുണ്ടെന്ന് സണ്ണി തുരുത്തിയിൽ പറഞ്ഞു.
അന്ന് ജയറാമിനൊപ്പം മൈക്ക് ഓപ്പറേറ്ററായിരുന്നു സണ്ണി. അക്കാലത്ത് ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാർക്ക് വേണ്ടിയും 'നാളെയാണ് നാളെ...' എന്ന മട്ടിൽ ജയറാം ശബ്ദം റെക്കോഡ് ചെയ്ത് നൽകിയിരുന്നു. പിൽക്കാലത്ത് ജയറാം സിനിമയിൽ ജനപ്രിയ നായകനായി വളർന്നപ്പോൾ സണ്ണി തുരുത്തിയിൽ പെരുമ്പാവൂരിലെ യുഡിഎഫിന്റെ 'കൊടികെട്ടിയ' അനൗൺസറായി മാറി.
തിരഞ്ഞെടുപ്പുകാലത്തും മറ്റും ആറും ഏഴും വാഹനങ്ങൾ 'സണ്ണീസ് സൗണ്ട്‌സ്’ എന്ന പേരിൽ നാടുചുറ്റി. സണ്ണിയുടെ ഘനമുളള ശബ്ദം നാടാകെ മുഴങ്ങി. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന വിവരം അറിഞ്ഞാണ് താരം പഴയ സഹപ്രവർത്തകനെ സന്ദർശിക്കാനെത്തിയത്. വീണ്ടും കാണാമെന്ന് ഉറപ്പുനൽകിയാണ് ജയറാം മടങ്ങിയതെന്ന് സണ്ണി പറഞ്ഞു.
Content Highlights: Popular Malayalam actor Jayaram paid a nostalgic visit to his old friend and veteran election announcer Sunny Thuruthiyil at his residence in Vengola to relive their early days of doing jeep announcements in Perumbavoor before his cinema debut.