'മമ്മൂക്കാ എനിക്കുവേണ്ടി വന്ന് ഈ വേഷം ചെയ്തതിന് നന്ദി'; ഫ്ലൈയിംഗ് കിസ് എറിഞ്ഞ് ജയറാം

'എബ്രഹാം ഓസ്‌ലർ'ക്ക് നൽകിയ മികച്ച പ്രതികരണങ്ങൾക്ക് നന്ദി പറഞ്ഞ് നടൻ ജയറാം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം പ്രേക്ഷകർക്കും ചിത്രത്തിലെ സഹപ്രവർത്തകർക്കും നന്ദി അറിയിച്ചത്. ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തിയ മമ്മൂട്ടിക്ക് ജയറാം പ്രത്യേകം നന്ദി അറിയിക്കുന്നുണ്ട്.
ഒരുപാട് സന്തോഷത്തോടും അഭിമാനത്തോടെയുമാണ് ഈ വീഡിയോ ചെയ്യുന്നതെന്നുപറഞ്ഞുകൊണ്ടാണ് ജയറാം പോസ്റ്റ് ആരംഭിക്കുന്നത്. മറ്റൊന്നിനുംവേണ്ടിയല്ല. നന്ദി പറയാനാണ്. ഒരു വലിയ ഇടവേളയ്ക്കുശേഷം തിയേറ്ററുകളിലെത്തിയ തന്റെ ചിത്രമാണ് എബ്രഹാം ഓസ്‌ലർ. എത്ര വൈകിവന്നാലും നല്ലൊരു സിനിമയുമായി വന്നാൽ രണ്ടുകയ്യുംനീട്ടി സ്വീകരിക്കും എന്നതിന്റെ തെളിവാണ് ഇന്ന് തിയേറ്ററിൽനിന്ന് കിട്ടിയ സ്നേഹവും സന്തോഷങ്ങളുമെല്ലാം എന്ന് അദ്ദേഹം പറഞ്ഞു.
വരുംദിവസങ്ങളിൽ കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട തിയേറ്ററുകളിലുമെത്തി നിങ്ങളോട് നേരിട്ട് നന്ദി പറയണമെന്നുണ്ട്. താങ്ക്യൂ മിഥുൻ, എന്നിലൊരു എബ്രഹാം ഓസ്‌ലർ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിന്. മമ്മൂക്കാ, എനിക്കുവേണ്ടി വന്ന് ഈ ക്യാരക്റ്റർ ചെയ്തതിന് സ്നേഹം മാത്രം. നന്ദി. ജയറാം കൂട്ടിച്ചേർത്തു.
അബ്രഹാം ഓസ്‌ലർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും, മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയയാണ് പ്രദർശനത്തിനെത്തിച്ചത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
Content Highlights: actor jayaram about abraham ozler movie success, mammootty