ആദ്യമായി കണ്ടത് അമ്പലത്തിൽ വെച്ച്, ഒരുഘട്ടത്തിൽ പിരിയുമെന്ന് തോന്നി;ജീവിതകഥയുമായി ജിപിയും ഗോപികയും

ആരാധകർക്ക് വളരെയധികം സർപ്രെെസ് നൽകിയ സംഭവമായിരുന്നു താരങ്ങളായ ഗോപിക അനിലിന്റേയും ഗോവിന്ദ് പത്മസൂര്യയുടേയും വിവാഹ നിശ്ചയം. ആർക്കും ഒരു സൂചന പോലും നൽകാതെ, വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടപ്പോൾ എല്ലാവരുമൊന്ന് അമ്പരന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നോ അതോ കുടുംബങ്ങൾ ചേർത്തുവെച്ചതാണോ എന്നൊക്കെയായി ആരാധകരുടെ ചോദ്യങ്ങൾ. ഇപ്പോഴിതാ എല്ലാത്തിനുമുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഇരുവരും.
ജി.പി എന്ന് ആരാധകർ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ കഥ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. തങ്ങളുടേത് പ്രണയവിവാഹം അല്ലെന്നും കുടുംബങ്ങൾ ചേർത്തുവെച്ചതാണെന്നും താരങ്ങൾ പറഞ്ഞു. തങ്ങളുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോട് കൂടിയാണ് ഞെട്ടിയതെന്നും ഇവർ കൂട്ടിച്ചേർത്തു.
ഗോപിക: ചേട്ടന്റെ അച്ഛന്റെ സഹോദരിയും എന്റെ വല്യമ്മയും 15 വർഷത്തോളമായി കൂട്ടുകാരാണ്. അവരാണ് ഇങ്ങനെ ഒരു വിവാഹാലോചന തുടങ്ങിവെച്ചത്.
ഗോവിന്ദ് പത്മസൂര്യ: മേമ എന്നോട് ഗോപികയെപ്പറ്റി പറഞ്ഞ ശേഷം പോയി കാണണം എന്നുപറഞ്ഞു. ഞങ്ങൾ തമ്മിൽ അതിന് മുൻപ് പരിചയമുണ്ടായിരുന്നില്ല. ഞാൻ ഒരു ഒന്നരമാസത്തോളം ഉഴപ്പി. മേമ സീരിസാണെന്ന് എനിക്ക് പതിയെ മനസിലായി. അവസാനം ഞാൻ ഗോപികയെ വിളിച്ചു. എവിടെയാണുള്ളതെന്ന് ചോദിച്ചപ്പോൾ ചെന്നൈയിൽ ആണെന്ന് പറഞ്ഞു. ആ സമയത്ത് ഞാനുള്ളത് കൊച്ചിയിലാണുണ്ടായിരുന്നത്. ഒരു മണിക്കൂർ കൊണ്ട് ഫ്‌ളൈറ്റിൽ ചെന്നൈ എത്താം. അങ്ങനെയാണ് ആദ്യം കണ്ടുമുട്ടിയത്. തിരുവനന്തപുരം വരെ ആറേഴ് മണിക്കൂർ വണ്ടി ഓടിച്ചു പോകേണ്ട ആവശ്യമില്ല, ചെന്നെെ കറക്ട് സ്ഥലവും. ഇടയ്ക്കിടെ ഞാൻ പോകാറുള്ള കാപാലീശ്വര ക്ഷേത്രത്തിൽ പോകുകയും ചെയ്യാം, ഒപ്പം മറ്റു ചില മീറ്റിങ്ങുകളും. കൂട്ടത്തിൽ ഗോപികയെ കണ്ടെന്നും പറയാം. അങ്ങനെ നിരവധി പദ്ധതിയുമായാണ് ഞാൻ ചെന്നൈയ്ക്ക് പോയത്.
ഗോപിക: അമ്പലത്തിൽ വെച്ചാണ് ആദ്യമായി കാണുന്നത്.
ഗോവിന്ദ് പത്മസൂര്യ: ഗോപികയുടെ കൂടെ മിട്ടുവും സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവർ ഒരു ഗ്യാങ് ആയിട്ടാണ് എത്തിയത്. കുറച്ചു നേരം എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ചു. ഒടുവിൽ ഞങ്ങൾക്ക് മാത്രമായി സംസാരിക്കാൻ അവസരം നൽകി. പിന്നീട് എനിക്ക് സംസാരിക്കേണ്ടിയേ വന്നിട്ടില്ല. സത്യത്തിൽ ഗോപിക ഇത്രയേറെ സംസാരിക്കുന്ന ആളാണെന്ന് ഞാൻ മനസിലാക്കിയത് അപ്പോഴാണ്. വെറുതെ ഒന്ന് വന്ന് കണ്ട് പരിചയപ്പെടാം എന്നാണ് കരുതിയത്. എന്നാൽ അഞ്ചു മണിക്കൂറോളം ഗോപിക സംസാരിച്ചു. പരസ്പരം പിരിയുമ്പോൾ ഞാൻ ഒരു ആയുർവേദ ഡോക്ടർ ആയ പോലെയാണ് എനിക്ക് തോന്നിയത്. എപ്പിസോഡുകൾ പോലെ ഓരോ ദിവസത്തേയും കാര്യങ്ങൾ പറഞ്ഞു
ഒരാഴ്ച കഴിഞ്ഞപ്പോൾ വിവാഹത്തിലേക്ക് പോകാൻ പറ്റിയ ഒരു ബന്ധമായി ഇരുവർക്കും തോന്നിയെന്നും എന്നാൽ തന്നെപ്പറ്റി ഒന്നും അറിയില്ലെന്ന് ഗോപിക പറഞ്ഞുവെന്നും ഗോവിന്ദ് പത്മസൂര്യ വെളിപ്പെടുത്തി. അതിനാൽ അത് സ്വയം പറഞ്ഞുതരണമെന്നും ഗോപിക ആവശ്യപ്പെട്ടതായി ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.
ഗോവിന്ദ് പത്മസൂര്യ: എനിക്ക് എന്തെങ്കിലും പറയാൻ അവസരം തരണ്ടേ. ഞാനങ്ങനെ എന്നെക്കുറിച്ച് എല്ലാം പറഞ്ഞു. ഞാൻ എന്റെ ജീവിതത്തിൽ വേറാരോടും ഇത്രയും തുറന്ന് സംസാരിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള കാർ യാത്രയിലാണ് ഇതൊക്കെ പറഞ്ഞത്. ഈ ബന്ധം കുഴപ്പമില്ലെന്ന് തോന്നുന്നുവെന്ന് ഞാൻ വീട്ടിൽ പറഞ്ഞു. ഗോപിക ആകെ ആശയക്കുഴപ്പത്തിലായിരുന്നു. പറയാം, ആലോചിക്കട്ടെ എന്ന് പറഞ്ഞ് കുറേ കാലം പോയി. ഈ ബന്ധം ശരിയാവില്ലെന്ന് എനിക്ക് തോന്നി. ആ നിമിഷം ഗോപിക തിരിഞ്ഞു. ഇത് സെറ്റാണല്ലോയെന്ന് അവൾ പറഞ്ഞു.
ഗോപിക: എനിക്ക് ഒരാളുമായി അഡ്ജസ്റ്റ് ആവാൻ സമയമെടുക്കും, പിന്നെ തലയിൽ നിന്ന് പോകില്ല. അതാണെന്റെ സ്വഭാവം.
ഗോവിന്ദ് പത്മസൂര്യ: ഗോപിക പിന്നെ എന്നെ വിളിച്ച് ഉപദേശം തുടങ്ങി. പിന്നെ എനിക്ക് കുറച്ച് സമയം വേണമായിരുന്നു. അപ്പോൾ ഗോപികയ്ക്ക് ഓക്കെയായിരുന്നു. കുറെ നാളുകൾ അങ്ങനെ പോയി.
വീട്ടുകാരോട് ഒരു അവസാന തീരുമാനം വൈകിയാണ് പറഞ്ഞതെന്ന് ഇവർ പറയുന്നു. ഒടുവിൽ എല്ലാവരും കൂടിയാലോചിച്ച് കുടുംബാംഗങ്ങളെ മാത്രം ഉൾപ്പെടുത്തി വിവാഹനിശ്ചയം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് താരങ്ങൾ കൂട്ടിച്ചേർത്തു.
വിവാഹനിശ്ചയത്തിന് ദിവസങ്ങൾക്ക് മുൻപ് ഗോപിക അഭിനയിക്കുന്ന സാന്ത്വനം എന്ന സീരിയലിന്റെ സംവിധായകൻ ആദിത്യൻ മരണപ്പെട്ടത് നടിയെ ഏറെ വേദനിപ്പിച്ചിരുന്നു. വിവാഹ നിശ്ചയം മാറ്റിവച്ചാലോ എന്ന് പോലും ചിന്തിച്ചുവെന്ന് ഗോവിന്ദ് പത്മസൂര്യ പറഞ്ഞു. ദൂരെ സ്ഥലങ്ങളിൽ നിന്നും ബന്ധുക്കൾ എത്തിത്തുടങ്ങിയതിനാൽ വിവാഹ നിശ്ചയവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും താരം വ്യക്തമാക്കി. ഗോപികയ്ക്ക് ഇഷ്ടമുള്ള കാലം വരെ അഭിനയം തുടരുമെന്നും വിവാഹ നിശ്ചയം കഴിഞ്ഞതിനാൽ ഗോപിക അഭിനയം നിർത്തുന്നുവെന്ന പ്രചരണങ്ങൾ തെറ്റാണെന്നും ഗോവിന്ദ് പത്മസൂര്യ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ടെലിവിഷൻ പ്രോഗ്രാമിലെ അവതാരകനായി ജനപ്രിയനായ ഗോവിന്ദ് പത്മസൂര്യ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേതം, 32-ാം അധ്യായം 23-ാം വാക്യം, നീരജ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 'സാന്ത്വനം' എന്ന സീരിയലിലൂടെ ജനപ്രിയയാണ് ഗോപിക അനിൽ.
Content Highlights: actor govind padmasoorya and actress gopika anil shares their life story