‘നിങ്ങളുണ്ടാക്കിയ പണമാണ്, എന്റെ പേരും പടവും കണ്ട് വഞ്ചിതരാകരുത്’; വ്യാജ ലോൺ പരസ്യത്തിനെതിരെ അജു

തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലോൺ പരസ്യത്തിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. ബാങ്കിങ് സ്ഥാപനമെന്ന വ്യാജേന പ്രവർത്തിക്കുന്ന ഗ്രൂപ്പ് തന്റെ അനുവാദമില്ലാതെയാണ് ചിത്രവും പേരും ഉപയോഗിച്ചതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
‘മൂന്ന് ലക്ഷം രൂപവരെ കേരളത്തിൽ എവിടെയും നൽകുന്നു’ എന്നാണ് അജു വർഗീസിന്റെ ചിത്രം ഉപയോഗിച്ച് നിർമിച്ച പരസ്യത്തിൽ ഉള്ളത്. ഈസി പേഴ്സണൽ ലോൺ എന്ന ലോഗോയും ഇതിൽ കാണാം. ഈ പരസ്യത്തിൽ ഉള്ളതുപോലൊരു സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അജു വർഗീസ് പറഞ്ഞു. ഇത്തരം അനധികൃത സ്ഥാപനങ്ങളുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
"അംഗീകാരമില്ലാത്ത ഒരു ബാങ്കിങ് സ്ഥാപനം എന്റെ അനുവാദമില്ലാതെ എന്റെ പേരും ചിത്രവും അവരുടെ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ല. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്. നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി." അജു വർഗീസ് കുറിച്ചു.
പലരും ലോൺ ആപ്പുകളുടെ കെണിയിൽ വീണ് ബുദ്ധിമുട്ടിലാകുന്ന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് അജു വർഗീസിന്റെ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
Content Highlights: Actor Aju Varghese has warned the public against a fraudulent banking group using his identity and photos to promote unauthorized personal loans up to 300,000, clarifying he has no association with the firm.