അജിത്തിന് ഇപ്പോൾ സിനിമയൊന്നും ഇല്ലാത്തതെന്ത്? യാഥാർത്ഥ്യം ഞെട്ടിക്കുന്നതെന്ന് വിതരണക്കാരൻ

#മൂവി ഡെസ്ക്
ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിൽ അജിത് കുമാർ | ഫോട്ടോ: X
ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിൽ അജിത് കുമാർ | ഫോട്ടോ: X

ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം തമിഴ് സൂപ്പർതാരം അജിത് കുമാർ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കാർ റേസിങ്ങിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം പുതിയ ചിത്രങ്ങൾ പ്രഖ്യാപിക്കാത്തത് എന്ന ചർച്ച ആരാധകർക്കിടയിൽ പുരോഗമിക്കുമ്പോൾ തമിഴിലെ പ്രമുഖ ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യത്തിന്റെ ഒരു പരാമർശം ശ്രദ്ധ നേടുകയാണ്. കാറോട്ട മത്സരങ്ങളിലുള്ള താരത്തിന്റെ അമിത താൽപ്പര്യമാണ് സിനിമകൾ വൈകാൻ കാരണമെന്ന് പലരും കരുതുമ്പോഴും യാഥാർത്ഥ്യം അതിലും വലുതാണെന്ന് അദ്ദേഹം പറയുന്നു.

തമിഴ് സിനിമാ വ്യവസായത്തിന് നിലവിൽ നൽകാൻ കഴിയുന്നതിലും ഉയർന്ന പ്രതിഫലമാണ് അജിത് കുമാർ ആവശ്യപ്പെടുന്നതെന്നാണ് തിരുപ്പൂർ സുബ്രഹ്മണ്യം ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അജിത്തിന് അദ്ദേഹം ആവശ്യപ്പെടുന്ന പ്രതിഫലം വേണം. പക്ഷേ അത് നൽകാൻ നിലവിൽ തമിഴ് ഇൻഡസ്ട്രിയിൽ ആരുമില്ല. നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിലവിൽ, റെഡ് ജയന്റ് സ്റ്റുഡിയോസ്, എജിഎസ് എന്റർടൈൻമെന്റ്സ്, സൺ പിക്ചേഴ്സ്, വെൽസ് എന്റർടൈൻമെന്റ്സ് എന്നിവർ നിർമിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പക്ഷേ അവർക്ക് അത്തരം വലിയ റിസ്കുകൾ എടുക്കാൻ താൽപ്പര്യമില്ലെന്നും അവർ ലാഭവിഹിതം പങ്കുവെക്കുന്ന രീതിയാണ് താത്പര്യപ്പെടുന്നതെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി.

110 മുതൽ 120 കോടി വരെയാണ് അജിത്തിന്റെ പ്രതിഫലം. നിർമാണ കമ്പനികളുമായി ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ സഹകരിക്കാൻ അജിത് തയ്യാറാകണമെന്നും എങ്കിൽ മാത്രമേ തമിഴ് സിനിമയ്ക്ക് താരത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾ ലഭിക്കുകയുള്ളൂ എന്നും സുബ്രഹ്മണ്യം അഭിപ്രായപ്പെടുന്നു. അജിത് ഇപ്പോൾ തന്നെ സാമ്പത്തികമായി സുരക്ഷിതനാണെന്നും പരസ്യങ്ങളിലൂടെയും മറ്റും മികച്ച വരുമാനം നേടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിശ്ചിത പ്രതിഫലം എന്ന നിലപാടിൽ അജിത്ത് ഉറച്ചുനിൽക്കുന്നത് സിനിമകളുടെ തുടർച്ചയെ ബാധിക്കുന്നുണ്ട്. തമിഴ് സിനിമാ വ്യവസായത്തെ സഹായിക്കുന്ന രീതിയിലുള്ള സമീപനം താരത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും സുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.

താരങ്ങളുടെ പ്രതിഫലം കുത്തനെ വർധിച്ചതിൽ തെലുങ്ക് സിനിമാ നിർമ്മാതാക്കൾക്കും പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാരിസ്, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളുടെ നിർമാതാക്കൾ വിജയ്ക്കും അജിത്തിനും വൻതുക പ്രതിഫലം നൽകിയെന്നും ഇത് താരങ്ങളുടെ പ്രതിഫല ഘടന തന്നെ മാറ്റിയെന്നും ഒരു തമിഴ് നിർമാതാവ് അടുത്തിടെ വെളിപ്പെടുത്തിയെന്ന് ഗുൾട്ടെ റിപ്പോർട്ട് ചെയ്തിരുന്നു.

അജിത് അവസാനമായി അഭിനയിച്ചത് 2025-ലെ വിടമുയർച്ചിയും ഗുഡ് ബാഡ് അഗ്ലിയും ആണ്. വിടാമുയർച്ചി ലോകവ്യാപകമായി 135.89 കോടി രൂപ മാത്രമാണ് നേടിയതെങ്കിൽ, ഗുഡ് ബാഡ് അഗ്ലിയുടെ ആഗോള കളക്ഷൻ 248.25 കോടി രൂപയാണ്.

Content Highlights: Prominent Tamil film distributor and financier Tiruppur Subramaniam revealed that superstar Ajith Kumar's hefty fixed salary demands of over ₹110-120 crore post the massive box office success of Good Bad Ugly have left local Kollywood production houses unable to afford or risk signing him for new projects.