ഞാൻ ക്യൂട്ടാണെന്ന് ഈയിടെയായി കുറേപേർ പറയുന്നുണ്ട്, ആളുകൾക്ക് പഴയ പേടിയൊക്കെ പോയി -അബു സലിം

വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അബു സലിം. പതിവ് ശൈലിയിൽ നിന്നെല്ലാം മാറി അദ്ദേഹം അവതരിപ്പിച്ച പൂക്കാലം എന്ന ചിത്രത്തിലെ വേണു എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം നേടുകയാണ്. തുടർച്ചയായി വില്ലൻ വേഷങ്ങൾ ചെയ്തതുകൊണ്ട് ആളുകൾക്ക് തന്നോടുണ്ടായിരുന്ന പേടി ഇപ്പോൾ കുറഞ്ഞുവെന്നും ക്യൂട്ടാണെന്നുവരെ കുറേപ്പേർ പറയുന്നുണ്ടെന്നും താരം മാതൃഭൂമി ഡോട്ട് കോമിന്റെ ടോക്കീസ് ചാറ്റ് ഷോയിൽ പറഞ്ഞു.
പൂക്കാലം സെറ്റിൽ ഒരു കുടുംബം പോലെയായിരുന്നുവെന്ന് അബുസലിം പറഞ്ഞു. പലരേയും നേരിട്ട് കാണുന്നത് അവിടെ വെച്ചിട്ടാണ്. മലയാളസിനിമയിൽ പൊതുവേ ഒരാൾ ഒരുതരത്തിലുള്ള വേഷം ചെയ്തുകഴിഞ്ഞാൽ അടുത്ത പടത്തിലും അതേവേഷം തന്നെയാവും കിട്ടുക. പക്ഷേ അത് മാറിയെന്നും അദ്ദേഹം പറഞ്ഞു.
'വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന ആളുകളാണ് മലയാളത്തിൽ ഗംഭീര കോമഡി താരങ്ങളായി വന്നിട്ടുള്ളത്. കാരക്റ്റർ റോളുകളിലേക്ക് വന്നവരും വില്ലൻവേഷങ്ങൾ ചെയ്തവരാണ്. നമുക്കും അങ്ങനെയൊരു കാലം വരും എന്നൊരു തോന്നലുണ്ടായിരുന്നു. എന്റെ കാര്യത്തിൽ ഭീഷ്മപർവത്തോടുകൂടിയാണ് ആ മാറ്റം വന്നത്. ഏത് റോളും ചെയ്യിക്കാം എന്നൊരു ധാരണ സംവിധായകർക്കും വന്നുതുടങ്ങിയിട്ടുണ്ട്. പിന്നെ ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻപറ്റും എന്ന് തെളിയിക്കാനുള്ള അവസരം കിട്ടണം. കിട്ടിയാലേ പറ്റൂ. എന്ത് വേഷമാണോ കിട്ടുന്നത്, അത് വൃത്തിയായി ചെയ്യുക എന്നുള്ളതാണ്.' താരത്തിന്റെ വാക്കുകൾ.
'കലാകാരനായതിന് ശേഷമാണ് കാക്കിയണിഞ്ഞത്. 1977-ലാണ് ആദ്യത്തെ പടം ചെയ്തത്. സുകുമാരേട്ടൻ നായകനായ രാജൻ പറഞ്ഞ കഥ. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായിരുന്നു. 1979-ലാണ് പോലീസിൽ ചേരുന്നത്. പക്ഷേ ആദ്യസിനിമയിൽ പോലീസ് വേഷമായിരുന്നു. മുമ്പ് ഹോട്ടലുകളിൽ പോകുമ്പോൾ ലിഫ്റ്റിൽ കയറുന്ന സമയത്തെല്ലാം സ്ത്രീകൾ പേടിച്ച അനുഭവമുണ്ടായിട്ടുണ്ട്. ചിരിയൊക്കെ ആദ്യത്തെ ആ ഞെട്ടലിന് ശേഷമാണ്.' അബു സലിം ഓർത്തെടുത്തു.
45 വർഷത്തെ സിനിമാ ജീവിതത്തിൽ ഒരിക്കലും സിനിമ വേണ്ടെന്ന് തോന്നിയിട്ടില്ല. ജീവിതത്തിൽ മൂന്ന് ആഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. പോലീസാവുക, നടനാവുക, ബോഡി ബിൽഡിങ്. മൂന്നും തുടർന്നുകൊണ്ടുപോന്നിട്ടുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ പോലീസിൽ തുടരാനാവില്ല എന്നതുകൊണ്ട് റിട്ടയർ ആയി. മറ്റേത് രണ്ടും ഇപ്പോഴുമുണ്ട്. എന്താവണം എന്നുള്ളതിന്റെ മാക്സിമത്തിൽ എത്തി എന്നതിൽ സംതൃപ്തിയുമുണ്ടെന്നും അബു സലിം കൂട്ടിച്ചേർത്തു.
Content Highlights: actor abu salim interview, abu salim about pookkalam movie