സാംസ്കാരിക-വിശ്വാസ ഇടങ്ങളിലെ നിശബ്ദ മാറ്റങ്ങൾ ചർച്ച ചെയ്യുന്ന ഡോക്യുമെന്ററി; ‘ആവാസം’ IDSFFK-യിലേക്ക്

#Movies Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഫിലിം സ്‌കൂളിലെ 2022 ബാച്ചിലെ ഡോക്യുമെന്ററി ചിത്രമായ 'ആവാസം', 18-ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവെലിലേക്ക്. കിരൺ കെ.ആർ. സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ഛായാഗ്രാഹണം അദുൽ കമാലും എഡിറ്റിങ് അർജുൻ വിജയ് കുമാറുമാണ്. വിഷ്ണു പി.യാണ് ശബ്ദവിഭാഗം കൈകാര്യംചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമുക്ക് ചുറ്റുമുള്ള സാംസ്‌കാരിക-വിശ്വാസ ഇടങ്ങളിലും സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലും നിശ്ശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങളിലേക്കുള്ള ഒരു നോട്ടമാണ് 'ആവാസം'. പാരമ്പര്യമായി കൈമാറിക്കിട്ടിയ അനുഷ്ഠാനങ്ങളും വെച്ചാരാധനകളും അബ്രാഹ്‌മണികമായ ആചാരക്രമങ്ങളും കാലക്രമേണ പുതിയ അർഥതലങ്ങളിലേക്ക് മാറിപ്പോകുന്നതെങ്ങനെയെന്ന് ചിത്രം അന്വേഷിക്കാൻ ശ്രമിക്കുന്നു.

ഒരുകാലത്ത് ജൈവികവും വൈവിധ്യപൂർണ്ണവുമായി നിലനിന്നിരുന്ന പ്രാദേശിക ആരാധനാരീതികളും സങ്കൽപ്പങ്ങളും ഇന്ന് പ്രബലമായ രാഷ്ട്രീയ- സാംസ്‌കാരിക ശക്തികളുടെ സ്വാധീനത്തിൽ എങ്ങനെ കൂടുതൽ സനാതനവത്കരിക്കപ്പെടുകയും ഏകീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് അടയാളപ്പെടുത്തുവാൻ ശ്രമിക്കുകയാണ് സിനിമ. വളരെ സ്വാഭാവികവും നിശ്ശബ്ദവുമായാണ് ഈ പരിവർത്തനങ്ങൾ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഏതൊക്കെ പ്രാദേശിക ആചാരപദ്ധതികളാണ് ഇത്തരം മാറ്റങ്ങൾക്കൊടുവിൽ അപ്രത്യക്ഷമാകുന്നത്? സാംസ്‌കാരിക ഇടങ്ങൾക്ക് എന്തുതരം മാറ്റങ്ങളാണ് സംഭവിക്കുന്നത്? ഏതുതരം വിശ്വാസധാരകൾക്കാണ് ക്രമേണ മേൽക്കൈ ലഭിക്കുന്നത്? ഈ പരിണാമങ്ങൾ സാധാരണ മനുഷ്യരുടെ സ്വത്വത്തെയും ജീവിതരീതികളെയും എങ്ങനെയാണ് സ്വാധീനിക്കുന്നത്? ഇത്തരം ചോദ്യങ്ങളിലേക്കും ആലോചനകളിലേക്കും പ്രേക്ഷകരെ കൊണ്ടുപോകാൻ ശ്രമിക്കുകയാണീ ഹ്രസ്വചിത്രം.

Content Highlights: The short film 'Aavasam' has been selected for the 18th International Documentary and Short Film Festival of Kerala (IDSFFK). Directed by Kiran K.R., the project was produced by the 2022 documentary batch of K.R. Narayanan National Institute of Visual Science and Arts. Technical crew includes cinematographer Adul Kamal, editor Arjun Vijay Kumar, and sound designer Vishnu P. The film examines the quiet transformations occurring within cultural and religious spaces over recent years. It investigates how local rituals and non-Brahminical traditions are gradually being homogenized and influenced by dominant cultural forces.