ഡാനിയല്‍ ക്രേഗില്ല; ബോണ്ടായി ഇനിയെത്തുന്നത് ആരോൺ ടൈലര്‍ ജോണ്‍സന്‍?

Aaron Taylor Johnson| Photo Credit: AFP
Aaron Taylor Johnson| Photo Credit: AFP

1953ല്‍ ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാന്‍ ഫ്ളെമിങ് സൃഷ്ടിച്ച ഒരു കുറ്റാന്വേഷണ കഥാപാത്രം. 007 എന്ന കോഡ് നാമത്തിലാണ് അയാള്‍ അറിയപ്പെടുന്നത്. ബുദ്ധിരാക്ഷസന്‍, സാഹസികന്‍, പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ആരാധകര്‍ നെഞ്ചിലേറ്റുന്ന വ്യക്തി. അതാണ് ജയിംസ് ബോണ്ട്.  ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികള്‍ തകര്‍ക്കുന്ന ബോണ്ട് നോവലിലൂടെ മാത്രമല്ല സിനിമകളിലൂടെയും നമുക്കൊപ്പം വര്‍ഷങ്ങളായി സഞ്ചരിക്കുന്നു. 1962 ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ നോയില്‍ തുടങ്ങി 2021 ലെ നോ ടൈം ടു ഡൈ വരെ.

സിനിമാ ചരിത്രത്തിലെ ഏറ്റവും കാലം നീണ്ടുനിന്നതും ഏറ്റവും അധികം ലാഭം നേടിയതുമായ ചലച്ചിത്ര പരമ്പരയിലെ കഥാപാത്രങ്ങളായി ഷോണ്‍ കോണ്‍റി, ജോര്‍ജ്ജ് ലാസെന്‍ബി, റോജര്‍ മൂര്‍, തിമോത്തി ഡാല്‍ട്ടണ്‍, പിയേഴ്സ് ബ്രോസ്നന്‍, ഡാനിയേല്‍ ക്രേഗ് എന്നിവര്‍ നമുക്ക് മുന്നിലെത്തി. 

2021 ല്‍ പുറത്തിറങ്ങിയ നോ ടൈം ടു ഡൈ ആയിരുന്നു അവസാനം പുറത്തിറങ്ങിയ ബോണ്ട് ചിത്രം. 2006 മുതല്‍ 2021 വരെ അഞ്ച് സിനിമകളിലാണ് ക്രേഗ് ബോണ്ടായി വിസ്മയിപ്പിച്ചത്. ബോണ്ട് ചിത്രങ്ങളില്‍ ഇനി വേഷമിടില്ലെന്ന് ക്രേഗ് പ്രഖ്യാപിച്ചിരുന്നു. ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടന്നുവെങ്കിലും ക്രേഗ് നിലപാടില്‍ ഉറച്ചു നിന്നു. 

പുതിയ ബോണ്ടിനുള്ള അന്വേഷണത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ബ്രിട്ടീഷ് താരം ആരോണ്‍ ടൈലര്‍ ജോണ്‍സനെ സമീപിച്ചുവെന്നും അദ്ദേഹം സമ്മതിച്ചുവെന്നും ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദ അപ്പോകാലിപ്പ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ടൈലര്‍ ജോണ്‍സന്റെ സിനിമാപ്രവേശം. ഇതിഹാസ സംഗീതജ്ഞന്‍ ജോണ്‍ ലെനന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ നോവേര്‍ ബോയ് എന്ന കഥാപാത്രമാണ് ടൈലര്‍ ജോണ്‍സന്‍ ശ്രദ്ധേയനായത്. സാവേജസ്, അന്ന കരീന, ഗോഡ്‌സില്ല (2014), നോക്ടുമല്‍ ആനിമല്‍സ്, ടെനറ്റ്, ബുള്ളറ്റ് ട്രെയ്ന്‍, അവഞ്ചേഴ്‌സ് (2015) തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. 

ഹെന്‍ട്രി കാവില്‍, ഡാംസണ്‍ ഇന്ദ്രിസ്, ജെയിംസ് നോര്‍ട്ടണ്‍, ടോം ഹാര്‍ഡി, ഇന്ദ്രിസ് എല്‍ബ, ക്രിസ് ഇവാന്‍സ് എന്നിവര്‍ക്ക് പുറമേ ഇത്തവണത്തെ ഓസ്‌കര്‍ ജേതാവ് കിലിയന്‍ മര്‍ഫി എന്നിവരെയും ബോണ്ടിന്റെ കഥാപാത്രത്തിനായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

മുന്‍കാലത്ത് ബോണ്ടായി എത്തിയ അഭിനേതാക്കള്‍

ഷോണ്‍ കോണ്‍റി

ആദ്യമായി ജയിംസ് ബോണ്ടായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടനാണ് ഷോണ്‍ കോണ്‍റി. ആറ് സിനിമകളിലാണ് അദ്ദേഹം ബോണ്ടിനെ അവിസ്മരണീയമാക്കിയത്.  
ഡോക്ടര്‍ നോ (1962)
ഫ്രം റഷ്യ വിത്ത് ലൗ (1963)
ഗോള്‍ഡ് ഫിംഗര്‍ (1964)
തണ്ടര്‍ ബോള്‍ (1965)
യു ഓണ്‍ലി ലീവ് ടൈ്വസ് (1967)
ഡയമണ്ട് ആര്‍ ഫോര്‍ എവര്‍ (1971)

ജോര്‍ജ് ലാസെന്‍ബി

ഓരേയൊരു ബോണ്ട് ചിത്രത്തില്‍ വേഷമിട്ട നടനാണ് ജോര്‍ജ് ലാസെന്‍ബി. 1969 ല്‍ പുറത്തിറങ്ങിയ ഓണ്‍ ഹെര്‍ മെജസ്റ്റി സീക്രട്ട് സര്‍വീസ് എന്ന ചിത്രത്തില്‍. 

റോജര്‍ മൂര്‍ 

ഏറ്റവും കൂടുതല്‍ തവണ ജെയിംസ് ബോണ്ടായി വേഷമിട്ട നടനാണ് റോജര്‍ മൂര്‍. 1973 മുതല്‍ 85 വരെ അദ്ദേഹം ബോണ്ടായി തകര്‍ത്തു. 

ലീവ് ആന്റ് ലെറ്റ് ഡൈ (1973)
ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍ (1974)
ദ സ്പൈ ഹു ലൗവ്ഡ് മി (1977)
മൂണ്‍റാക്കര്‍ (1979)
ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി(1981)
ഒക്ടോപസ്സി (1983)
എ വ്യൂ ടു എ കില്‍ (1985)

തിമോത്തി ഡാല്‍ട്ടണ്‍

1987 മുതല്‍ 1989 വരെ ബോണ്ടായി വേഷമിട്ട തിമോത്തി ഡാല്‍ട്ടണ്‍ ആകെ വകവരുത്തിയത് 20 വില്ലന്‍മാരെയാണ്. ദി ലിവിങ് ഡേ ഔട്ട്- 10, ലൈസന്‍സ് ടു കില്‍-10

പിയേഴ്സ്  ബ്രോസ്നന്‍

1995 മുതല്‍ 2002 കാലഘട്ടത്തില്‍ നാല് സിനിമകളില്‍  ബ്രോസ്നന്‍ ബോണ്ടായി തിളങ്ങി.

ഗോള്‍ഡന്‍ ഐ (1995)
ടുമാറോ നെവര്‍ ഡൈസ് (1997)
ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് (1999)
ടൈ അനദര്‍ ഡേ (2002)

ഡാനിയല്‍ ക്രെയ്ഗ്

2006 മുതല്‍ നോ ടൈം ടു ടൈ വരെ ബോണ്ടായി വേഷമിട്ട നടനാണ് ഡാനിയേല്‍ ക്രെയ്ഗ്.

കാസിനോ റോയല്‍ (2006)
ക്വാണ്ടം ഓഫ് സോളാസ് (2008)
സൈഫാള്‍ (2012)
സ്പെക്ടര്‍ (2015)
നോ ടൈം ടു ഡൈ (2021)


 

Content Highlights: aaron taylor johnson to be news james bond, 007, who is next one after daniel craig