ഗോത്രവിഭാഗത്തിലെ 135 വിദ്യാർഥികൾക്കായി 'ആകാശംലോ ഒക താര'യുടെ പ്രത്യേക പ്രദർശനം; കുട്ടികൾക്ക് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

#മൂവീസ് ഡെസ്‌ക്
വിദ്യാർഥികൾ 'ആകാശംലോ ഒക താര'യുടെ പ്രദർശനത്തിന് എത്തിയപ്പോൾ
വിദ്യാർഥികൾ 'ആകാശംലോ ഒക താര'യുടെ പ്രദർശനത്തിന് എത്തിയപ്പോൾ

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച കാസർകോട് പരപ്പയിലെ ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം 'ആകാശംലോ ഒക താര'യുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് പരിധിയിലുള്ള മൂന്ന് പ്രീ- മെട്രിക് ഹോസ്റ്റലുകളിലെ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന 135 വിദ്യാർഥികളാണ് പുതുതായി ആരംഭിച്ച പരപ്പ മാജിക് ഫ്രെയിംസ് മൾട്ടിപ്ലെക്‌സിൽ ചിത്രം കണ്ടത്. കുട്ടികൾക്ക് പ്രചോദനവും സന്തോഷവും പകരുന്ന പ്രത്യേക സിനിമാനുഭവത്തിന് പിന്തുണയറിയിച്ച ദുൽഖർ സൽമാൻ വിദ്യാർഥികൾക്ക് നന്ദിയും അറിയിച്ചു.

വീട്ടിൽനിന്ന് അകന്ന് താമസിച്ച് പഠിക്കുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സിനിമാ പ്രദർശനം സംഘടിപ്പിച്ചത്. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഹോസ്റ്റലുകളിൽ നടത്തിയ ബോധവത്കരണ പരിപാടികൾക്ക് ശേഷമായിരുന്നു കുട്ടികൾക്കായി പ്രദർശനം ഒരുക്കിയത്. പഠനത്തിലും അക്കാദമിക പ്രവർത്തനങ്ങളിലും മികച്ച രീതിയിൽ മുന്നേറുന്ന വിദ്യാർഥികൾക്ക് സന്തോഷകരമായൊരു ഇടവേള നൽകുന്നതിനൊപ്പം ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും കണ്ടെത്താൻ പ്രചോദനം നൽകുക എന്നതും പരിപാടിയുടെ ലക്ഷ്യമായിരുന്നു. സിനിമ കണ്ടിറങ്ങിയ കുട്ടികളുടെ മുഖത്തെ സന്തോഷവും ആവേശവുമാണ് സംരംഭത്തിന്റെ ഏറ്റവും മനോഹരമായ നിമിഷമായി മാറിയത്.

മന്ത്രി കെ.എ. തുളസിയുടെ നേതൃത്വത്തിൽ ഹോസ്റ്റൽ വിദ്യാർഥികൾക്ക് വിനോദത്തിനും മാനസിക ഉല്ലാസത്തിനും അവസരങ്ങൾ ഒരുക്കണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് സംരംഭം നടപ്പിലാക്കിയത്. പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽനിന്നുള്ള തുക വിനിയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ അധ്യക്ഷനായ എസ്.സി/ എസ്.ടി വികസന സമിതിയുടെ അംഗീകാരത്തോടെയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.

പവൻ സാദിനേനി സംവിധാനം ചെയ്ത 'ആകാശംലോ ഒക താര'യിൽ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. സ്വന്തം സ്വപ്‌നങ്ങളിലേക്ക് മുന്നേറാൻ ആഗ്രഹിക്കുന്ന കൽപനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വപ്‌നങ്ങൾ കാണാനും അവ നേടിയെടുക്കാൻ പരിശ്രമിക്കാനും പ്രചോദനം നൽകുന്ന ചിത്രത്തിന്റെ പ്രമേയം വിദ്യാർഥികൾക്കും ഏറെ പ്രസക്തമാണ്. സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ കൽപനയായി എത്തുന്നത്. ശ്രുതി ഹാസൻ, റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം ഗീത ആർട്‌സ്, സ്വപ്‌ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നീ ബാനറുകളുടെ പിന്തുണയോടെ സന്ദീപ് ഗുണ്ണവും രമ്യ ഗുണ്ണവും ചേർന്നാണ് നിർമിച്ചത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണം ചെയ്തത്. കുട്ടികളുടെ മനസ്സിൽ സ്വപ്‌നങ്ങൾക്കും പ്രതീക്ഷകൾക്കും പ്രചോദനത്തിനും ഇടം നൽകുന്ന സിനിമയുടെ സന്ദേശം കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായും പ്രത്യേക പ്രദർശനം ശ്രദ്ധേയമായി.

രചന, തിരക്കഥ: ഗുണ്ണം ഗംഗരാജു, കഥ: പവൻ സാദിനേനി, വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം: ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം: ഡി.പി.വി. സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സി.എച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിങ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വി.എഫ്.എക്‌സ്: എഗൈ്വറ്റ് വി.എഫ്.എക്‌സ്, വി.എഫ്.എക്‌സ്. സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: സായ് ശശാങ്ക്.

Content Highlights: A special screening of Dulquer Salmaan's Aakasamlo Oka Tara was organized for 135 tribal students from three pre-metric hostels in Parappa, Kasaragod, at Parappa Magic Frames Multiplex on Constitution Day. Dulquer Salmaan thanked the students, while the initiative aimed to support mental well-being, confidence, and inspiration following Constitution Day awareness programs. Organized using Scheduled Tribe Development Department corpus funds with SC/ST development committee approval under Minister K.A. Thulasi's vision, the film is directed by Pavan Sadineni and distributed in Kerala by Wayfarer Films. Starring Dulquer Salmaan as Krishna and Satvika Veeravalli as Kalpana alongside Shruti Haasan, Ruhani Sharma, Murali Sharma, and Swasika, the film was produced by Sandeep Gunnam and Ramya Gunnam.