ചിരഞ്ജീവിയുടെയും നാനിയുടെയും പ്രശംസ നേടി 'ആകാശംലോ ഒക താര'; ഗംഭീര വിജയം തുടർന്ന് ദുൽഖർ സൽമാൻ ചിത്രം

#മൂവീസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത പാൻ- ഇന്ത്യൻ ചിത്രം 'ആകാശംലോ ഒക താര' (ആകാശത്തിൽ ഒരു താരകം) മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുന്നതിനിടെ ചിത്രത്തെ പ്രശംസിച്ച് തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളായ ചിരഞ്ജീവിയും നാനിയും. ചിത്രം കണ്ടതിന് പിന്നാലെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച അഭിനന്ദനക്കുറിപ്പുകൾ ശ്രദ്ധ നേടുകയാണ്. ഹൃദയസ്പർശിയായ സിനിമാനുഭവമെന്നാണ് നാനി ചിത്രത്തെ വിശേഷിപ്പിച്ചത്. മികച്ച ആത്മവിശ്വാസത്തോടെയും വ്യക്തമായ കാഴ്ചപ്പാടോടെയും പ്രചോദനാത്മകമായ കഥ അവതരിപ്പിച്ച സംവിധായകൻ പവൻ സാദിനേനിയെ ചിരഞ്ജീവിയും അഭിനന്ദിച്ചു.

ചിത്രം തന്നെ ഏറെ സ്വാധീനിച്ചെന്നും രണ്ടാം പകുതിയിലുടനീളം വൈകാരികമായി പ്രേക്ഷകരെ സ്പർശിക്കുന്ന പ്രചോദനാത്മകമായ കഥയാണ് സിനിമയുടേതെന്നും ചിരഞ്ജീവി കുറിച്ചു. സംവിധായകൻ പവൻ സാദിനേനിയുടെ ആത്മാർഥമായ അവതരണത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും തങ്ങളുടെ കഥാപാത്രങ്ങളെ സ്വാഭാവികമായ അഭിനയത്തിലൂടെ മികച്ച രീതിയിൽ അവതരിപ്പിച്ചെന്നും ശ്രുതി ഹാസനും റൂഹാനി ശർമയും ഉൾപ്പെടെയുള്ള താരങ്ങൾ തങ്ങളുടെ വേഷങ്ങളോട് പൂർണമായ നീതി പുലർത്തിയെന്നും ചിരഞ്ജീവി അഭിപ്രായപ്പെട്ടു. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും സുജിത് സാരംഗിന്റെ ഛായാഗ്രഹണവും ചിത്രത്തിലെ വൈകാരിക മുഹൂർത്തങ്ങളെ കൂടുതൽ ഹൃദയസ്പർശിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്കൊപ്പം മാതാപിതാക്കളും നിർബന്ധമായും കാണേണ്ട ചിത്രമാണിതെന്നും ഈ കഥ യുവതലമുറയ്ക്ക് വലിയ പ്രചോദനമാകുമെന്നും ചിരഞ്ജീവി പറഞ്ഞു.

'ആകാശംലോ ഒക താര' എല്ലാ അർഥത്തിലും മനോഹരമായ, ഹൃദയസ്പർശിയായ സിനിമയാണെന്നാണ് നാനിയുടെ പ്രതികരണം. കൃഷ്ണ എന്ന കഥാപാത്രത്തെ ദുൽഖർ അവതരിപ്പിച്ച രീതിയെ പ്രത്യേകം പ്രശംസിച്ച അദ്ദേഹം, സാത്വിക വീരവല്ലിയുടെ അരങ്ങേറ്റം മികച്ചതാണെന്നും കൽപന എന്ന കഥാപാത്രം സാത്വികയ്ക്ക് മാത്രമേ ഇത്ര മനോഹരമായി അവതരിപ്പിക്കാനാകൂ എന്നും കുറിച്ചു. ശ്രുതി ഹാസന്റെ പ്രകടനത്തെയും റൂഹാനി ശർമയുടെ അഭിനയത്തെയും നാനി അഭിനന്ദിച്ചു. സംവിധായകൻ പവൻ സാദിനേനിയുടെ കാഴ്ചപ്പാടും അവതരണ മികവും ചിത്രത്തെ ഉയർത്തിയെന്നും ജി.വി. പ്രകാശ് കുമാർ സിനിമയ്ക്ക് വലിയ കരുത്തായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിർമ്മാതാക്കളായ സന്ദീപ് ഗണ്ണത്തിനും രമ്യ ഗണ്ണത്തിനും സ്വപ്‌ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നീ ബാനറുകൾക്കും നാനി അഭിനന്ദനങ്ങൾ അറിയിച്ചു.

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ചിത്രം ഗീത ആർട്‌സ്, സ്വപ്‌ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നീ ബാനറുകൾ ആണ് അവതരിപ്പിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമിച്ചത്.

ചിത്രത്തിൽ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി 'കൽപന'യായി എത്തുന്നു. സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്‌നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കൽപനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. സ്വപ്‌നങ്ങൾ കാണാനും അവ നേടിയെടുക്കാൻ പരിശ്രമിക്കാനും പ്രചോദനം നൽകുന്ന പ്രമേയം പ്രേക്ഷകരുമായി വൈകാരികമായി സംവദിക്കുന്നുണ്ട്. എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, കൽപന ചൗള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾക്ക് ചിത്രം സമർപ്പിച്ചിരിക്കുന്നതും ഇതിന്റെ ആശയലോകത്തിന് കൂടുതൽ പ്രസക്തി നൽകുന്നു.

ചിത്രത്തിൽ ശ്രുതി ഹാസൻ 'രോഹിണി' എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ വൈകാരിക മുഹൂർത്തങ്ങൾക്ക് കരുത്തേകുന്നു. ദൃശ്യഭംഗിയും അവതരണ മികവും പ്രകടനങ്ങളും ഒത്തുചേരുന്ന ഒരു മനോഹരമായ സിനിമാനുഭവമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങളും വ്യക്തമാക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലും മികച്ച ബോക്‌സ് ഓഫിസ് മുന്നേറ്റം തുടരുകയാണ്. 115 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് മൂന്നാം ദിനത്തോടെ 155 സ്‌ക്രീനുകളിലേക്ക് പ്രദർശനം വ്യാപിപ്പിച്ചിരുന്നു. ചിത്രത്തിന് യുവാക്കളിൽ നിന്നും കുടുംബപ്രേക്ഷകരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നേരത്തെ രാജമൗലിയും ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളുടെ അഭിനന്ദനങ്ങൾ കൂടി എത്തിയതോടെ 'ആകാശംലോ ഒക താര'യുടെ സ്വീകാര്യത കൂടുതൽ ശ്രദ്ധ നേടുകയാണ്.

രചന, തിരക്കഥ: ഗണ്ണം ഗംഗരാജു, കഥ: പവൻ സാദിനേനി, വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം: ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം: ഡി.പി.വി. സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സി.എച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിങ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വി.എഫ്.എക്‌സ്: എഗൈ്വറ്റ് വി.എഫ്.എക്‌സ്, വി.എഫ്.എക്‌സ്. സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം.

Content Highlights: Telugu actors Chiranjeevi and Nani praised Dulquer Salmaan's pan-Indian film Aakasamlo Oka Tara on social media, highlighting its emotional story and Pavan Sadineni's direction. Chiranjeevi lauded performances by Dulquer Salmaan, Satvika Veeravalli, Shruti Haasan, and Ruhani Sharma, along with music by G.V. Prakash Kumar and cinematography by Sujith Sarang. Nani praised Dulquer as Krishna and Satvika Veeravalli's debut as Kalpana, while commending producers Sandeep Gunnam and Ramya Gunnam and banners Swapna Cinema and Lightbox Media. Distributed in Kerala by Wayfarer Films, the film expanded from 115 centers to 155 screens by its third day amid strong audience response.