ജാനുവിന്റെ പേര് കേട്ട് കുട്ടിയെപ്പോലെ പൊട്ടിച്ചിരിക്കുന്ന എസ്. ജാനകി; 96-ലെ ഡിലീറ്റഡ് സീൻ

48,000-ത്തിലേറെ ഗാനങ്ങൾ ആലപിച്ച എസ്. ജാനകി അവസാനമായി സിനിമയിൽ ക്യാമറയ്ക്ക് മുമ്പിലെത്തിയത് 96 എന്ന ചിത്രത്തിലാണ്. പക്ഷേ, ചിത്രം തിയേറ്ററിലെത്തിയപ്പോൾ ആ സീൻ ഉണ്ടായിരുന്നില്ല. വിജയ് സേതുപതിയെയും തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സി. പ്രേംകുമാർ സംവിധാനംചെയ്ത ചിത്രത്തിലെ ഡിലീറ്റഡ് സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
നാലുമിനിറ്റിലേറെ വരുന്ന സീനിൽ എസ്. ജാനകി തന്നെയായാണ് അവർ അഭിനയിച്ചത്. ഒപ്പം അവരുടെ അന്തരിച്ച മകൻ മുരളി കൃഷ്ണയുമുണ്ടായിരുന്നു. ചിത്രത്തിൽ എസ്. ജാനകി ദേവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. ജാനു എന്ന സിനിമയിൽ ഉടനീളം വിളിക്കപ്പെടുന്ന ആ കഥാപാത്രത്തിന്റെ യഥാർഥ പേര് സാക്ഷാൽ എസ്. ജാനകിയോടുള്ള ആരാധനയിൽനിന്നാണ് വന്നതെന്ന് ചിത്രത്തിൽ തന്നെ പറയുന്നുണ്ട്. ജാനകിയോടുള്ള ആരാധനകൊണ്ട് അവരുടെ ഗാനങ്ങൾ മാത്രം പാടുന്ന കഥാപാത്രമാണ് എസ്. ജാനകി ദേവി.
പൂർവവിദ്യാർഥി സംഗമത്തിന് സിങ്കപ്പുരിൽനിന്ന് എത്തുന്ന ജാനുവും റാമും രാത്രി നടക്കാനിറങ്ങുന്നു. ഒടുവിൽ അവർ എസ്. ജാനകിയുടെ വീട്ടിന് മുന്നിലെത്തുന്നതാണ് ഡിലീറ്റഡ് സീനിലുള്ളത്. വീട്ടിന് മുമ്പിൽവെച്ച് തൃഷയുടെ കഥാപാത്രം ഫോട്ടോയെടുക്കവെ അവിടേക്ക് കാറിൽ മകൻ മുരളിക്കൊപ്പം എസ്. ജാനകി എത്തുന്നു. കടുത്ത ആരാധികയാണെന്നും ഈ സമയത്ത് വന്നത് നിങ്ങളെ കാണാനാണെന്നും എസ്. ജാനകിയോട് റാം അറിയിച്ചു. പിന്നാലെ ഇരുവരേയും വീട്ടിലേക്ക് ക്ഷണിക്കുന്ന ജാനകി, ജാനുവിനെക്കൊണ്ട് പാട്ടുപാടിക്കുന്നു.
ജാനകിയുടെ പാട്ടുകൾ മാത്രമേ ജാനു പാടാറുള്ളൂ എന്ന് പറയുമ്പോൾ, തന്റെ പാട്ടുകൾ മാത്രം പാടിയാൽപ്പോരാ എന്ന് അവർ ഉപദേശിക്കുന്നു. ഒരു പാട്ട് പാടാൻ നിർബന്ധിക്കുന്നു, നന്നായി പാടാൻ നിർദേശങ്ങൾ നൽകുന്നു. തുടർന്ന് ഇരുവരും ഒന്നിച്ച് പാട്ട് പാടുന്നതും സീനിലുണ്ട്.
ജാനുവിനെ കെട്ടിപ്പിടിച്ച് അനുഗ്രഹിച്ച ശേഷം പേര് ചോദിക്കുന്നു. എസ്. ജാനകി എന്ന് പറയുമ്പോൾ അത് എന്റെ പേരല്ലേ എന്നായിരുന്നു ജാനകിയുടെ മറുചോദ്യം. എസ്. ജാനകി ദേവി എന്നാണ് തന്റെ മുഴുവൻപേര് എന്ന് തൃഷയുടെ കഥാപാത്രം പറയുമ്പോൾ, വൗ എന്ന് പറഞ്ഞ് കുട്ടികളെപ്പോലെ പൊട്ടിച്ചിരിക്കുന്ന ജാനകിയെയാണ് സംവിധായകൻ പകർത്തിവെച്ചിരിക്കുന്നത്.
സിനിമയിൽ തൃഷയ്ക്കുവേണ്ടി ഗായിക ചിന്മയി ശ്രീപദയാണ് ശബ്ദം നൽകിയിരിക്കുന്നത് എന്നത് മറ്റൊരു കൗതുകം. തൃഷയുടെ കഥാപാത്രം ചിത്രത്തിൽ പാടുന്ന, റാമിന് ഇഷ്ടപ്പെട്ട എസ്. ജാനകി ഗാനം 'യമുന ആട്രിലെ' 96 ഇറങ്ങിയ കാലത്ത് വീണ്ടും ട്രെൻഡ് ചാർട്ടുകളിൽ ഇടംനേടിയിരുന്നു.
Content Highlights: Legendary singer S. Janaki made her final on-screen appearance in the critically acclaimed Tamil movie '96' starring Vijay Sethupathi and Trisha. Although her four-minute appearance was unfortunately cut from the theatrical release, the makers later released it online as a deleted scene. The scene features Ram and Jaanu meeting S. Janaki and her late son Murali Krishna outside her house during their late-night walk. In the emotional sequence, Janaki listens to Jaanu sing, offers her musical advice, and bursts into a childlike laugh upon hearing that Trisha's character is named after her. The scene also highlights interesting trivia, including Chinmayi Sripada dubbing for Trisha and the resurgence of Janaki’s classic track 'Yamunai Aatrile' following the movie's release