കൊച്ചി നഗരസഭയുടെ പ്രഖ്യാപനത്തെക്കുറിച്ച് അറിയില്ല; ‘ഹൗസ് ഓഫ് യേശുദാസ്’ വിട്ടുകൊടുക്കില്ലെന്ന് ഉടമ

#Movies Desk
സി.എ. നാസർ, ഫോർട്ട്കൊച്ചിയിലെ 'ഹൗസ് ഓഫ് യേശുദാസി'ന്റെ മുൻഭാഗം | Photo: Mathrubhumi
സി.എ. നാസർ, ഫോർട്ട്കൊച്ചിയിലെ 'ഹൗസ് ഓഫ് യേശുദാസി'ന്റെ മുൻഭാഗം | Photo: Mathrubhumi

ഫോർട്ട്കൊച്ചി: ഗാനഗന്ധർവൻ യേശുദാസ് ജനിച്ചുവളർന്ന ഫോർട്ട്കൊച്ചിയിലെ വീട് ഏറ്റെടുത്ത് മ്യൂസിയമാക്കി മാറ്റുമെന്ന കൊച്ചി നഗരസഭയുടെ പ്രഖ്യാപനത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ സി.എ.നാസർ. ’അത് സ്വപ്‌നം മാത്രമാണ്. ഇങ്ങനെ ഒരു കാര്യം ആരും എന്നോട് സംസാരിച്ചിട്ടില്ല. ഹൗസ് ഓഫ് യേശുദാസ് എന്ന ആ വീട് ആർക്കും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല ’- നാസർ പറയുന്നു.

ഫോർട്ട്കൊച്ചിയിലെ ‘ഹൗസ് ഓഫ് യേശുദാസി’ൽ അതേ പേരിൽ ഒരു ഹോട്ടലാണ് പ്രവർത്തിക്കുന്നത്. വീട്ടുമുറ്റത്ത് യേശുദാസിന്റെ അമ്മ നട്ടുവളർത്തിയ മാവ് കെട്ടിടത്തിന്റെ അകത്ത് നിലനിർത്തിക്കൊണ്ടാണ് നാസർ ആ വീട് പുതുക്കി നിർമിച്ചത്. എല്ലാ വർഷവും നാസർ മുൻകൈ എടുത്ത് ആ വീട്ടിൽ യേശുദാസിന്റെ ജന്മദിനം ആഘോഷിക്കുന്നു. യേശുദാസും കുടുംബാംഗങ്ങളുമൊക്കെ കൊച്ചിയിൽ വരുമ്പോഴെല്ലാം ഈ വീട്ടിലെത്തും. ആ മാവിന്റെ ചുവട്ടിൽ അവർ വെള്ളമൊഴിക്കും.

യേശുദാസിന്റെ വീട് ആദ്യം വാങ്ങിയത് മറ്റൊരാളാണ്. അദ്ദേഹത്തിന്റെ കൈയിൽ നിന്നാണ് നാസർ വാങ്ങിയത്. പിന്നീട് അത് ഹോട്ടലാക്കി മാറ്റുകയായിരുന്നു. റസ്‌റ്ററന്റിനൊപ്പം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന വിധത്തിൽ മുറികളോടെയാണിത് പുതുക്കിപ്പണിതത്. 25 വർഷം മുൻപാണ് നാസർ ഈ കെട്ടിടം വാങ്ങിയത്.

ഈ വീട് വാങ്ങി നാഷണൽ കൾച്ചറൽ ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ യേശുദാസിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള മ്യൂസിയമാക്കുമെന്നാണ് കോർപ്പറേഷന്റെ പ്രഖ്യാപനം. ഇതിനായി ആറ് കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ഭാവിയിൽ ഈ കെട്ടിടം മ്യൂസിയമാക്കാനാണ് പദ്ധതിയെന്നും അത് താൻ തന്നെ ചെയ്യുമെന്നും നാസർ പറയുന്നു.

Content Highlights: Kochi Corporation announced plans to convert K.J. Yesudas's ancestral home into a museum., The current owner, C.A. Nasar, who runs a hotel on the property, was not consulted and refuses to sell., Nasar states he has his own plans to eventually turn the building into a museum himself