രണ്ടാം വാരത്തിലും 'തങ്കം' മുന്നോട്ട്; ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തിറക്കി അണിയറപ്രവർത്തകര്‍

എന്നും ജനപ്രിയമായ സിനിമകളിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്ന് ഈ ബാനറില്‍ നിര്‍മ്മിച്ച സിനിമകളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ആ ബാനറിൽ ഏറ്റവും പുതിയതായി തിയറ്ററുകളിലെത്തിയ 'തങ്ക'വും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടാം വാരത്തിലും തിയറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി ചിത്രം മുന്നേറുകയാണ്.
സിനിമയുടെ തിരക്കഥയും സംവിധാനവും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും സാങ്കേതിക മികവും മികച്ച അഭിപ്രായമാണ് ഇതിനകം നേടിയിട്ടുള്ളത്. സിനിമയുടെ സംഗീത വിഭാഗവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ബിജിബാല്‍ ഒരുക്കിയ ഗാനങ്ങളോടൊപ്പം തന്നെ പശ്ചാത്തല സംഗീതവും ഏറെ മികവ് പുലർത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ കഥാഗതിയിൽ ഏറെ സ്വാധീനിച്ചിട്ടുള്ള ഒറിജിനല്‍ സൗണ്ട് ട്രാക്ക് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 39 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്.
ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് ഒരുക്കിയിരിക്കുന്ന സിനിമയിൽ വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, കൊച്ചുപ്രേമൻ, കലൈയരസൻ തുടങ്ങി നിരവധി താരങ്ങളാണ് 'തങ്ക'ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. ഒപ്പം നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്.
Content Highlights: Thankam sound track songs Bijibal Bhavana Studios Vineeth Sreenivasan Biju Menon Aparna