'കണ്ണടയ്ക്കുമ്പോൾ നിങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം മാത്രം, ഈ യാത്രാമൊഴി കഠിനമാണ് വാജിദ് ഭായ്'

-
-

അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ വേർപാട് വിശ്വസിക്കാനാവാതെ ​ഗായിക ശ്രേയ ഘോഷൽ. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പുകളിലൂടെയാണ് ശ്രേയ വാജിദിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. 

"എനിക്ക് വിശ്വസിക്കാനാകുന്നില്ല, ഞാനിത് എഴുതുന്നുവെന്ന്. ഓരോ തവണ കണ്ണടയ്ക്കുമ്പോഴും എനിക്ക് നിങ്ങളുടെ ചിരിക്കുന്ന മുഖമാണ് കാണാനാവുന്നത് വാജിദ് ഭായ്, ഏത് സാഹചര്യത്തിലും നിങ്ങൾ നല്ലത് മാത്രമാണ് കണ്ടിരുന്നത്. സ്നേഹവും സന്തോഷവും കരുത്തും ചുററുമുള്ളവർക്ക് പകർന്നു നൽകി.

ആദ്യം നിങ്ങളെ പരിചയപ്പെടുമ്പോൾ ഞാൻ ബോളിവുഡിൽ താരതമ്യേന പുതിയ ആളാണ്. പക്ഷേ നിങ്ങളെന്നെ ഒരു കുടുംബം പോലെ തോന്നിപ്പിച്ചു.. നിങ്ങളുടെ മനുഷ്യത്വം, അർപ്പണബോധം, മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ആ​ഗ്രഹം,എല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിലുമുപരി അനു​ഗ്രഹീതനായ സം​ഗീത സംവിധായകനാണ് നിങ്ങൾ. 

ഓരോ തവണ നമ്മൾ സംസാരിക്കുമ്പോഴും നിങ്ങൾ പറയുമായിരുന്നു, നിങ്ങൾ ഒരുപാട് മനോഹര ​ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്, സം​ഗീതത്തിന്റെ അവസാനിപ്പിക്കാൻ സാധിക്കാത്ത ശക്തിയാണ് നിങ്ങളെന്ന്. നിങ്ങൾ എവിടെയാണെങ്കിലും അവിടെ സമാധാനത്തോടെ ഇരിക്കാനാവട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ശക്തി നൽകട്ടെ..ഈ യാത്രാമൊഴി ഭയങ്കര ബുദ്ധിമുട്ടേറിയതാണ്.  നിത്യശാന്തി നേരുന്നു വാജിദ് ഭായ്..."ശ്രേയ കുറിച്ചു. 

വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വാജിദ് ഖാന്റെ മരണം. വൃക്ക മാറ്റിവച്ചശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വാജിദ് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നുവെന്ന് സംഗീത സംവിധായകന്‍ സലിം മെര്‍ച്ചന്റ് പറഞ്ഞു.അതേസമയം വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുവെന്ന് ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Content Highlights : Shreya Ghoshal Remembers Music Director Wajid Khan

 

Content Highlights: