നികുതിവെട്ടിപ്പുകേസ്: ഷക്കീറ കുറ്റവിമുക്ത, 5.5 കോടി യൂറോ പിഴ റദ്ദാക്കി

മഡ്രിഡ്: നികുതിവെട്ടിപ്പുകേസിൽ പോപ്പ് ഗായിക ഷക്കീറയെ സ്പാനിഷ് ഹൈക്കോടതി കുറ്റവിമുക്തയാക്കി. കേസിൽ സ്പെയിനിലെ നികുതിവകുപ്പ് 2021-ൽ ചുമത്തിയ 5.5 കോടി യൂറോ പിഴയും റദ്ദാക്കി. ഇവരിൽനിന്ന് ഈടാക്കിയ തുക പലിശസഹിതം ആറുകോടി യൂറോയായി (673 കോടി രൂപ) തിരികെ നൽകണമെന്ന് നികുതിവകുപ്പിനോട് കോടതി നിർദേശിച്ചു. വിധിക്കെതിരേ വകുപ്പിന് സുപ്രീംകോടതിയിൽ അപ്പീൽനൽകാം.
2011-ലെ നികുതിയുമായി ബന്ധപ്പെട്ട കേസാണിത്. അക്കൊല്ലം 183 ദിവസത്തിലേറെ ഷക്കീറ സ്പെയിനിൽ താമസിച്ചു എന്നു തെളിയിക്കാൻ അധികൃതർക്കുകഴിഞ്ഞില്ലെന്ന് ജഡ്ജി പറഞ്ഞു. ഇത്രയും ദിവസത്തിലധികം സ്പെയിനിൽകഴിയുന്നവരാണ് നിയമപ്രകാരം നികുതിദാതാക്കൾ. എഫ്.സി. ബാഴ്സലോണയുടെ താരമായിരുന്ന ജെറാർദ് പിക്വെയുടെ പങ്കാളിയെന്ന നിലയിലാണ് ഷക്കീറയുടെ സ്പെയിൻ ബന്ധം. പിക്വെയുമായി അവർ പിന്നീടു പിരിഞ്ഞു.
2012-’14 കാലത്തെ ആദായനികുതിയടവിൽ വീഴ്ചവരുത്തിയതിന് ഷക്കീറയുടെ പേരിൽ മറ്റൊരു കേസുണ്ടായിരുന്നു. ഈ കേസിൽ ബാഴ്സലോണയിലെ വിചാരണയിൽനിന്ന് ഒഴിവാകാൻ 2023 നവംബറിൽ പ്രോസിക്യൂട്ടർമാരുമായുണ്ടാക്കിയ കരാർപ്രകാരം അവർ 73 ലക്ഷം യൂറോ പിഴയൊടുക്കി.
Content Highlights: Spanish High Court absolved Shakira of 2011 tax evasion charges. The €55 million fine imposed by the tax department has been cancelled. Court ordered a refund of the collected amount with interest, totaling €60 million. Authorities failed to prove the mandatory 183-day residency requirement for tax liability. Distinct from the 2023 settlement regarding 2012-2014 tax liabilities