'ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ..'; പകരക്കാരിയായി എത്തി തെക്കിന്റെ വാനമ്പാടിയായി; ഒടുവിൽ ആ ശലഭനാദം നിലച്ചു

#മൂവി ഡെസ്ക്
എസ്. ജാനകി | (ഫയൽഫോട്ടോ): മാതൃഭൂമി
എസ്. ജാനകി | (ഫയൽഫോട്ടോ): മാതൃഭൂമി

തെന്നിന്ത്യയുടെ വാനമ്പാടിയായ എസ്. ജാനകിയുടെ സംഗീത ജീവിതത്തിന് നിർണായക പങ്കുവഹിച്ചത് അമ്മാവൻ ഡോ. ചന്ദ്രശേഖർ ആണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ജാനകി മദ്രാസിലേക്ക് പോവുന്നത്. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയത്. അതിനുശേഷം ഡോ. ചന്ദ്രശേഖരന്റെ അഭിപ്രായപ്രകാരം എ.വി.എം. സ്റ്റുഡിയോയിൽ സ്റ്റാഫ് ഗായിക തസ്തികയിലേക്ക് അപേക്ഷിച്ചു.

ആ സമയം ഗായിക പി. സുശീലയുമായുള്ള എ.വി.എമ്മിന്റെ കോൺട്രാക്റ്റ് അവസാനിച്ചിരിക്കുകയായിരുന്നു. ഒരു പുതിയ ഗായികയെ പകരം കണ്ടെത്തുവാനുള്ള ശ്രമത്തിലായിരുന്നു എ.വി.എം. സ്റ്റുഡിയോക്കാർ. അവിടെവെച്ചു നടന്ന ഓഡിഷൻ ടെസ്റ്റിൽ ജാനകിയമ്മ ലതാ മങ്കേഷ്കർ ആലപിച്ച "രസിക് ബൽമാ" എന്ന ഗാനം സംഗീതസംവിധായകരായ ആർ. സുദർശനം, ഗോവിന്ദം എന്നിവരുടെ മുന്നിൽ പാടി അവതരിപ്പിച്ചു. ജാനകിയമ്മയുടെ സ്വരമാധുരിയിൽ ആകൃഷ്ടരായി അവർ ജാനകിയമ്മയെ എ.വി.എമ്മിലെ സ്റ്റാഫ് ഗായികയായി നിയമിച്ചു.

1957 ഏപ്രിൽ നാലിന് എ.വി.എം. പ്രൊഡക്ഷൻസിന്റെ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ്പടത്തിൽ ടി. ചലപതി റാവുവിന്റെ സംഗീതസംവിധാനത്തിൽ ഒരു ഗാനം പാടിക്കൊണ്ട് സിനിമാസംഗീതരംഗത്ത് ആദ്യചുവടുവെച്ചു. പക്ഷേ പടം പുറത്തുവന്നില്ല. തൊട്ടടുത്ത ദിവസം 'എം.എൽ.എ' എന്ന തെലുഗുപടത്തിൽ ആരുദ്ര രചിച്ച് പെൺഡ്യാല നാഗേശ്വരറാവുവിന്റെ സംഗീതസംവിധാനത്തിൽ "നീ ആശ ആദിയാശ" എന്ന ഗാനം ആലപിച്ചുകൊണ്ട് സ്വന്തം മാതൃഭാഷയിലും തുടക്കം കുറിച്ചു. അത് ഘണ്ടശാല വെങ്കടേശ്വരറാവുവിനോടൊപ്പം ആലപിച്ച ഒരു ദുഃഖഗാനം ആയിരുന്നു. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്കൃതം, കൊങ്കണി, തുളു, ബഡഗ, ജർമ്മൻ ഭാഷകളിലും പാടിയിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ ജാനകി ആലപിച്ചിട്ടുണ്ട്. ധാരാളം മലയാള സിനിമാ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സംഗീതത്തിന് ഭാഷ തടസ്സമല്ലെന്ന് ഓരോ പാട്ടുകളിലൂടെ ജാനകി തെളിയിച്ചുകൊണ്ടേയിരുന്നു. 1957-ൽ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന മലയാളപടത്തിൽ 'ഇരുൾ മൂടുകയോ എൻ വാഴ്വിൽ' എന്ന ദുഃഖഗാനം ആലപിച്ചുകൊണ്ട് മലയാള സിനിമാഗാനരംഗത്തേക്ക് തുടക്കം കുറിച്ചു. ഗായിക എന്നതിനു പുറമെ ജാനകി ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങൾക്കു വേണ്ടി അവർ ഗാനങ്ങളെഴുതി.

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലു തവണ എസ്. ജാനകിക്ക് ലഭിച്ചു. 1977-ൽ 'പതിനാറു വയതിനിലേ' എന്ന തമിഴ് ചിത്രത്തിലെ 'സിന്ദൂര പൂവേ...' എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്കാരം ലഭിച്ചത്. 1981-ൽ 'ഓപ്പോൾ' എന്ന മലയാളചിത്രത്തിലെ 'ഏറ്റുമാനൂർ അമ്പലത്തിൽ...' എന്ന ഗാനത്തിനും 1984-ൽ തെലുങ്ക് ചിത്രമായ 'സിതാര'യിൽ 'വെന്നെല്ലോ ഗോദാരി ആനന്ദം...' എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ് ചിത്രമായ 'തേവർമകനിൽ' 'ഇഞ്ചി ഇടുപ്പഴകാ...' എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.

മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്നാട് സർക്കാരിന്റെ അവാർഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് പത്തു തവണയും ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം 1986-ലും സുർ സിംഗർ അവാർഡ് 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ് 2002-ലും സ്പെഷ്യൽ ജൂറി സ്വരലയ യേശുദാസ് അവാർഡ് 2005-ലും ലഭിച്ചു. എന്നാൽ 2013-ൽ ലഭിച്ച പത്മഭൂഷൺ ഗായിക നിരസിച്ചു.

2017 ഒക്ടോബർ അവസാനം മൈസൂരു മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന സംഗീതപരിപാടിയോടെയായിരുന്നു അവർ ആറു പതിറ്റാണ്ട് നീണ്ട സംഗീത യാത്ര അവസാനിപ്പിച്ചത്.

എസ്. ജാനകിയുടെ സംഗീത ജീവിതത്തെ അടയാളപ്പെടുത്തിയ ഗ്രന്ഥമാണ് അഭിലാഷ് പുതുക്കാട് എഴുതിയ എസ്. ജാനകി 'ആലാപനത്തിലെ തേനും വയമ്പും'.

പരേതനായ വി. രാമപ്രസാദ് ആണ് എസ്. ജാനകിയുടെ ഭർത്താവ്. അദ്ദേഹത്തിന്റെ മരണശേഷം ജാനകി സിനിമാരംഗത്തുനിന്ന് വിട്ടുനിന്നു. കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവിട്ട അവർ ഇടക്ക് ഭക്തിഗാന കാസറ്റുകൾക്കു വേണ്ടിയും പാടിയിട്ടുണ്ട്. മകൻ: പരേതനായ മുരളീ കൃഷ്ണ. മരുമകൾ: ഉമ.

Content Highlights: Debut in 1957 with the Tamil film Vidhiyin Vilayattu and Malayalam film Minnunnathellam Ponnalla., Recorded over 20,000 songs across various Indian and international languages., Winner of four National Film Awards for Best Female Playback Singer., Honored with numerous state awards and the Kalaimamani award., Retired from her six-decade musical career in 2017.