'കാവാലയ്യ'ക്കുശേഷം 'രെക്ക രെക്ക'യുമായി തമന്ന, ഒപ്പം ദിലീപും; 'ബാന്ദ്ര'യിലെ തകർപ്പൻ ഡാൻസ് നമ്പർ

'ബാന്ദ്ര'യിൽ ദിലീപും തമന്നയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
'ബാന്ദ്ര'യിൽ ദിലീപും തമന്നയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രമായിരുന്നു രാമലീല. ഈ  ചിത്രത്തിനു ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അടുത്ത ചിത്രമാണ് ബാന്ദ്ര. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ 'രക്ക രക്ക' എന്ന വീഡിയോ സോംഗ് റിലീസ് ചെയ്തു. ദിലിപിന്റെയും തമന്നയുടെയും തകർപ്പൻ ഡാൻസ് നമ്പരുമായി എത്തുന്ന രക്ക രക്ക ഗാനം ഇതിനകംതന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. 

വിനായക് ശശികുമാറിന്റെ വരികൾക്ക് സാം സി എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ശങ്കർ മഹാദേവനും നക്ഷത്ര സന്തോഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവംബർ 10ന് ചിത്രം റിലീസ് ചെയ്യും. ദിലീപ് മാസ്സ് ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്.  അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ്  തിരക്കഥ ഒരുക്കുന്നത്.

നേരത്തെ റിലീസ് ചെയ്ത ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമന്നയുടെ ആദ്യ മലയാള സിനിമയാണെന്ന പ്രത്യേകതയും ബാന്ദ്രയ്ക്കുണ്ട്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് പുതിയ വീഡിയോ സോംഗിന്റെ റിലീസോടെ ആരാധകർ ആഘോഷമാക്കുകയാണ്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.

അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹർഷൻ, കലാസംവിധാനം - സുബാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. പി ആർ ഒ - ശബരി.

Content Highlights: rekka rekka song from bandra, tamannaah bhatia and dileep, bandra movie song, sam cs