കേട്ട വാർത്തകൾ സത്യം;'പുഷ്പ'യിൽ സാമന്തയുടെ ത്രസിപ്പിക്കും ഡാൻസ് നമ്പർ, ഗാനമാലപിച്ച് രമ്യ നമ്പീശൻ

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയിലെ പാര്‍ട്ടി ഗാനം പുറത്തുവിട്ടു. തെന്നിന്ത്യൻ താരസുന്ദരി സാമന്ത ചുവടുവയ്ക്കുന്ന പാർട്ടി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം.
തെലുങ്കില്‍ ഇന്ദ്രവതി ചൗഹാന്‍ ആലപിച്ച ഗാനം മലയാളത്തില്‍ രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.
മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
Content Highlights : Pushpa Movie Samantha item dance number Ramya Nambessan Allu Arjun Rashmika
Content Highlights: