‘തളിരിട്ട കിനാക്കൾ തൻ...’; സംഗീതം: എം.എസ്. ബാബുരാജ്, ആലാപനം: എസ്. ജാനകി

കോഴിക്കോട്: ആകാശവാണിയും ഗ്രാമഫോണുംമാത്രം സിനിമാഗാനങ്ങൾ ആസ്വാദകരിലേക്കെത്തിച്ചിരുന്ന കാലം. കോഴിക്കോടിന്റെ സ്വന്തം ബാബുക്കയിലൂടെ പിറവിയെടുക്കുന്ന സംഗീതത്തിന് മാസ്മരിക ശബ്ദസൗകുമാര്യം ഒരുക്കി എസ്. ജാനകി മലയാളിയുടെ മനസ്സിന്റെ ശബ്ദമായി മാറിയ കാലം. പ്രിയപ്പെട്ട പല ചലച്ചിത്രഗാനങ്ങൾക്കുമൊപ്പം സംഗീതം: എം.എസ്. ബാബുരാജ്, ആലാപനം: എസ്. ജാനകി എന്നുണ്ടായിരുന്നു.
ബാബുരാജ്-ജാനകി കൂട്ടുകെട്ട് ഉത്തരേന്ത്യൻ സംഗീതത്തിന്റെ ഭാവങ്ങളും ഈണങ്ങളും മലയാളിയുടെ മനസ്സിലേക്ക് ഏറ്റവും മനോഹരമായി പകർന്നു. ബാബുരാജിന്റെ ഗാനങ്ങളിൽ ഭൂരിഭാഗവും അവിസ്മരണീയമാക്കിയത് എസ്. ജാനകിയുടെ മാന്ത്രിക ശബ്ദമാണ്. ‘തളിരിട്ട കിനാക്കൾ തൻ...’ (മൂടുപടം - 1963), ‘വാസന്ത പഞ്ചമിനാളിൽ...’ (ഭാർഗവീനിലയം - 1964), ‘താമരക്കുമ്പിളല്ലോ മമഹൃദയം...’ (ഓളവും തീരവും - 1970), ‘വൈഡൂര്യ രത്നമാല ചാർത്തി...’ (പുള്ളിമാൻ - 1972), ‘പാലാഴി കടഞ്ഞൊരു...’ (കടൽപ്പാലം - 1969), ‘അതിഥീ അതിഥീ...’ (അതിഥി - 1975).... ഇങ്ങനെ നീളുന്നു ആ അപൂർവഗാനങ്ങൾ. ഇതിൽ ‘തളിരിട്ട കിനാക്കൾ’ ജാനകിയമ്മയെ മലയാളത്തിൽ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചു.
വഴികാട്ടിയത് അമ്മാവൻ
സംഗീതജീവിതത്തിൽ നിർണായകപങ്കുവഹിച്ചത് അമ്മാവൻ ഡോ. ചന്ദ്രശേഖർ ആണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ജാനകി മദ്രാസിലെത്തുന്നത്. ആകാശവാണി ദേശീയതലത്തിൽ സംഘടിപ്പിച്ച ഗാനമത്സരത്തിൽ രണ്ടാംസ്ഥാനം നേടിയതോടെ ശ്രദ്ധേയയായി.
നാദസ്വരവിദ്വാനായിരുന്ന പൈദി സ്വാമിയായിരുന്നു ആദ്യഗുരു. ജാനകിയുടെ പത്താംവയസ്സിൽ അദ്ദേഹം മരിച്ചതിനുശേഷം മറ്റൊരു ഗുരുവുണ്ടായില്ല. അതിനപ്പുറം അവർ പാട്ടു പഠിച്ചിട്ടില്ല.
Content Highlights: Analysis of the creative synergy between composer M.S. Baburaj and singer S. Janaki. Highlighting the influence of Hindustani music elements in Malayalam film compositions. List of timeless classics including Thaliritta Kinakkal and Vasanta Panchami. Recognition of S. Janaki's vocal contribution to Baburaj's melodic legacy