സ്റ്റിക്കിന്റെ പുതിയ റാപ്പ് 'കിങ് മൂവ്സ്' പുറത്തിറക്കി ഡെഫ് ജാം ഇന്ത്യ

#മൂവീസ് ഡെസ്ക്
'കിങ് മൂവ്സി'ൽനിന്ന്
'കിങ് മൂവ്സി'ൽനിന്ന്

മലയാളി റാപ്പർ സ്റ്റിക്കിന്റെ പുതിയ ഗാനം 'കിങ് മൂവ്‌സ്' ഡെഫ് ജാം ഇന്ത്യ പുറത്തിറക്കി.

'കിങ് മൂവ്‌സി'ലൂടെ ഡെഫ് ജാം ഇന്ത്യയിലെ തന്റെ യാത്രയ്ക്ക് തുടക്കമിടുകയാണ് സ്റ്റിക്ക്. കലാകാരനെന്ന നിലയിൽ ഇന്ന് താൻ എവിടെ നിൽക്കുന്നു എന്നാണ് ഗാനം പറയുന്നത്. ആത്മവിശ്വാസവും സ്വന്തം വ്യക്തിത്വത്തിലുള്ള ഉറച്ച നിലപാടുമാണ് റാപ്പിന്റെ കാതൽ. മലയാളം ഹിപ്- ഹോപ്പിന് കൂടുതൽ കേൾവിക്കാരെ ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, പ്രാദേശിക ഭാഷയെയും സംസ്‌കാരത്തെയും സ്വന്തം ജീവിതാനുഭവങ്ങളെയും ഇന്ത്യൻ ഹിപ്- ഹോപ്പിലേക്ക് കൊണ്ടുവരുന്ന പുതുതലമുറ കലാകാരന്മാരിൽ ഒരാളാണ് സ്റ്റിക്ക്.

മൂർച്ചയുള്ള വരികളും കൃത്യമായ വാക്കുകളും വേറിട്ട കാഴ്ചപ്പാടുമാണ് സ്റ്റിക്കിനെ ശ്രദ്ധേയനാക്കുന്നത്. അനുദിനം വളരുന്ന ഇന്ത്യൻ ഹിപ്- ഹോപ്പ് രംഗത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ചുകഴിഞ്ഞു. മലയാളത്തിനും ഇംഗ്ലീഷിനുമിടയിൽ അനായാസമായി ഒഴുകുന്ന വരികളിൽ, താൻ വളർന്ന നാടിനോടുള്ള ശക്തമായ ബന്ധവും പ്രകടമാണ്.

ഹിപ്- ഹോപ്പ് രംഗത്തെ നിരവധി കലാകാരന്മാരുമായി സ്റ്റിക്ക് സഹകരിച്ചിട്ടുണ്ട്. അനോഹ്നിമസ്, ഡിവോണിയൻ, നോയ്ഡൻസി, ഭരതൻ എന്നിവർക്കൊപ്പം സ്റ്റിക് റാപ്പുകൾ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മണ്ണിൽ ഉറച്ചുനിന്നുകൊണ്ട്, ഇന്ത്യയിലെ വലിയ ഹിപ്- ഹോപ്പ് കൾച്ചറിന് അദ്ദേഹം തന്റെ സംഭാവനകൾ നൽകുന്നു.

''കിങ് മൂവ്‌സ്' ഇന്ന് ഞാൻ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എവിടെ നിൽക്കുന്നു എന്ന് കൃത്യമായി കാണിക്കുന്ന പാട്ടാണ്. ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്. ഞാൻ ഇങ്ങനെയാകണം എന്ന് മറ്റുള്ളവർ വിചാരിക്കുന്നതിനനുസരിച്ച് സംഗീതം ചെയ്യാനും ഞാൻ ശ്രമിക്കാറില്ല. ഇത് എന്റെ എഴുത്താണ്, എന്റെ വേരുകളാണ്, ഇവിടെ എത്താൻ ഞാൻ എടുത്ത എല്ലാ പരിശ്രമവുമാണ്. ഡെഫ് ജാം ഇന്ത്യയ്‌ക്കൊപ്പമുള്ള യാത്ര പാട്ടിലൂടെ തുടങ്ങുന്നത് അതിനെ കൂടുതൽ സ്‌പെഷ്യലാക്കുന്നു', സ്റ്റിക്ക് പറഞ്ഞു.

Content Highlights: Def Jam India releases Malayali rapper Stik's latest track titled 'King Moves'. The new song reflects Stik's personal journey, artistic independence, and cultural roots as a musician. Stik blends Malayalam and English seamlessly, incorporating local language and culture into mainstream Indian hip-hop. He has previously collaborated with well-known hip-hop artists like Anohnymous, Devonian, Noydensi, and Bharathan. Stik expressed that 'King Moves' marks a special milestone as his first project with Def Jam India.