കെകെ പാടിയ അവസാനഗാനം പുറത്ത്, ഷെർദിലിലെ 'ധൂപ് പാനി ബഹ്നേ ദേ' ഏറ്റെടുത്ത് ആരാധകർ

സംഗീതപ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി അകാലത്തിൽ വിട്ടുപിരിഞ്ഞ ഗായകൻ കെകെ സിനിമയ്ക്കായി പാടിയ അവസാന ഗാനം പുറത്ത്. ശ്രീജിത്ത് മുഖർജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷെർദിൽ: ദ പിലിബിത്ത് സാഗ എന്ന ചിത്രത്തിനായാണ് കെകെ പാടിയത്.
ധൂപ് പാനി ബഹ്നേ ദേ എന്ന ഗാനം രചിച്ചിരിക്കുന്നത് ഗുൽസാർ ആണ്. ശന്തനു മൊയിത്ര ഈണം പകർന്നിരിക്കുന്നു.
ഈ ഗാനത്തിന്റെ റെക്കോർഡിങ്ങിന് ശേഷം കെകെ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും അതീവവൈകാരികതയോടെയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്റെ പഴയ സുഹൃത്തായ മൊയ്ത്ര ശന്തനുവിന് വേണ്ടി ഒരു ഗാനം ആലപിച്ചു. (ഡൽഹി ജീവിതത്തിൽ ഞങ്ങൾ ഒരുമിച്ചാണ് ഗാനങ്ങളൊരുക്കിയിരുന്നത്. ) ശ്രീജിത്ത് മുഖർജി എന്ന പുതിയ സുഹൃത്തിനുവേണ്ടി ഗുൽസാർ സാബ് എന്ന പഴയ മറ്റൊരു സുഹൃത്താണ് ഈ ഗാനം എഴുതിയിരിക്കുന്നത്. എന്നിലുള്ള വിശ്വാസത്തിന് വളരെ നന്ദി എന്നാണ് കെകെ പോസ്റ്റ് ചെയ്തത്.
പങ്കജ് ത്രിപാഠിയാണ് ഗംഗാറാം എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീരജ് കാബി, സായാനി ഗുപ്ത എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.
Content Highlights: KK, Sherdil: The Pilibhit Saga, Dhoop Paani Bahne De Song, Pankaj Tripathi