അച്ഛനില്ലാത്ത ജീവിതം ഇരുട്ടുനിറഞ്ഞതാകുന്നു; വികാരാധീനയായി കെകെയുടെ മകള്‍ താമര

അന്തരിച്ച ഗായകന്‍ കെ.കെയെ അനുസ്മരിച്ച് കുറിപ്പുമായി മകള്‍ താമര. കെകെയുടെ പാത പിന്തുടര്‍ന്ന് സംഗീതരംഗത്ത് താമര പ്രവര്‍ത്തിക്കുന്നുണ്ട്. കെ.കെയ്ക്കും സഹോദരന്‍ നകുലിനുമൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ചാണ് താമരയുടെ കുറിപ്പ്.
കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ
അച്ഛന്‍ പോയതോടെ ജീവിതം ഇരുട്ടിലായി. ഒരു നിമിഷത്തേക്കെങ്കിലും താങ്കളെ തിരികെ ലഭിച്ചിരുന്നുവെങ്കില്‍. ഏറ്റവും മികച്ച അച്ഛന്‍ ആയിരുന്നു താങ്കള്‍. വീട്ടിലേക്കു കയറി വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ചിരുന്ന അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു. നമ്മള്‍ ഒരുമിച്ചുള്ള സന്തോഷം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ഇല്ലാതായിരിക്കുന്നു. അടുക്കളയിലെ നമ്മള്‍ ഒരുമിച്ചുള്ള രഹസ്യ ലഘുഭക്ഷണവേളകളും നഷ്ടമായിരിക്കുന്നു. എന്റെ സംഗീതവും ചെറിയ വോയ്‌സ്‌നോട്ടുകളും ആശയങ്ങളും കാണിക്കുമ്പോഴുള്ള താങ്കളുടെ പ്രതികരണം നഷ്ടമായിരിക്കുന്നു. താങ്കളുടെ കൈകള്‍ എനിക്കിനി പിടിക്കാനാകില്ലല്ലോ.
ഞങ്ങളുടെ ജീവിതം വളരെ സുരക്ഷിതവും സ്‌നേഹനിര്‍ഭരവും സന്തോഷപ്രദവും ഭാഗ്യം നിറഞ്ഞതുമാക്കി താങ്കള്‍ മാറ്റി. താങ്കളെ ഈ ലോകത്തിന് ആവശ്യമായിരുന്നു. പക്ഷേ താങ്കള്‍ പോയിരിക്കുന്നു. ആ യാഥാര്‍ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല ഞങ്ങള്‍ക്ക്. അച്ഛന്റെ നിരുപാധികമായ സ്‌നേഹം ഞങ്ങളെ അതിന് തയ്യാറാക്കികൊണ്ടിരിക്കുന്നു. താങ്കളാണ് ഞങ്ങളുടെ എക്കാലത്തേയും ശക്തി.
ലോകത്തില്‍ താങ്കളെക്കുറിച്ച് അഭിമാനമുയര്‍ത്താന്‍ വേണ്ടി ഞാനും നകുലും അമ്മയും പ്രവര്‍ത്തിക്കും. ഞങ്ങള്‍ ശക്തരായിരിക്കും. പരസ്പരം സ്‌നേഹപരിലാളനകള്‍ പങ്കുവയ്ക്കും ചെയ്യും. പ്രപഞ്ചത്തിലെ ഏറ്റവും മികച്ച അച്ഛന് ഫാദേഴ്‌സ് ഡേ ആശംസകള്‍ നേരുകയാണ്. ഞങ്ങള്‍ എപ്പോഴും അച്ഛനെ സ്‌നേഹിക്കുന്നു- താമര കുറിച്ചു.
മേയ് 31നാണ് ഗായകന്‍ കെകെയുടെ (കൃഷ്ണകുമാര്‍ കുന്നത്ത്) വിയോഗം. കൊല്‍ക്കത്തയിലെ വിവേകാനന്ദ കോളജിലെ സംഗീതപരിയ്ക്ക് ശേഷം ശാരീരികസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണം. മരിക്കുമ്പോള്‍ 53 വയസ്സായിരുന്നു പ്രായം
Content Highlights: KK Krishnakumar Kunnathu Singer, daughter Taamara, fathers day