യേശുദാസ് പറഞ്ഞു: തിരിച്ചുവരില്ലല്ലോ ആ കാലവും ആ പ്രായവും

യേശുദാസും പി.ഭാസ്കരനും. Photo: Mathrubhumi Archives
യേശുദാസും പി.ഭാസ്കരനും. Photo: Mathrubhumi Archives

മനസ്സുകൊണ്ടെങ്കിലും ഉള്ളിലെ കൗമാര കാമുകൻ ഏറ്റവുമധികം തവണ ആവർത്തിച്ച് മൂളിയ വരികളാകും അവ: 'രാഗമെനിക്കറിയില്ല, താളമെനിക്കറിയില്ല....'

'പകൽക്കിനാവി'ൽ ഭാസ്‌കരൻ മാസ്റ്ററും ബി എ ചിദംബരനാഥും ചേർന്ന് സൃഷ്ടിച്ച ഗന്ധർവഗാനം എവിടെയെങ്കിലും വെച്ച് യാദൃച്ഛികമായി കേൾക്കാനിടവന്നാൽ ഇന്നും അക്ഷമയോടെ കാതോർക്കും ആ രണ്ടു വരികൾക്കായി. വർഷങ്ങൾ പിന്നിടും തോറും കൂടിവന്നിട്ടേയുള്ളൂ ആ ഭ്രമം. എങ്ങോ പോയിമറഞ്ഞ പ്രണയസുരഭിലമായ ഒരു കാലം കൺചിമ്മിത്തുറക്കുന്ന വേഗത്തിൽ തിരിച്ചുകൊണ്ടുവരാൻ ആ കേൾവിക്ക് കഴിയുന്നത് കൊണ്ടാവാം.

ഓർക്കുന്തോറും വിസ്മയം. വെറുമൊരു പാട്ടിന്റെ വരികൾക്ക് എത്ര ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്നു നമ്മുടെയൊക്കെ മനസ്സുകളെ; കടിഞ്ഞാണില്ലാത്ത അവയുടെ കുതിപ്പിനെ...

'പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ' എന്ന് തുടങ്ങുന്ന പാട്ടിന്റെ രണ്ടാമത്തെ ചരണത്തിനൊടുവിൽ പൊൻകസവു പോലെ തുന്നിപ്പിടിപ്പിച്ചിരിക്കുകയാണ് ആ വരികൾ: 'പരിചിതമേതോ ഗാനം പാടി അരികത്തായ് ഞാൻ നിന്നല്ലോ, സുരഭീമാസം തരിവള ചാർത്തിയ മന്ദാരത്തിൻ ചോട്ടിൽ.... ' എന്ന് പാടി നിർത്തി, നിമിഷാർദ്ധത്തെ ഇടവേളക്ക് ശേഷം യേശുദാസ് രാഗമെനിക്കറിയില്ല, താളമെനിക്കറിയില്ല എന്ന് പാടിക്കേൾക്കുമ്പോൾ ആ തലമുറയിലെ ഏത് കാമിനിയുടെ ഹൃദയവും ഒന്ന് തുടിച്ചിരിക്കും, തീർച്ച.

സൗന്ദര്യാരാധകൻ കൂടിയായ ഒരു കാമുകന്റെ ഹൃദയവികാരങ്ങൾ മുഴുവനുണ്ട് പി ഭാസ്‌കരന്റെ വരികളിലും ചിദംബരനാഥന്റെ സംഗീതത്തിലും. പ്രണയത്തിനൊപ്പം പ്രണയത്തെക്കുറിച്ചുള്ള ആകാംക്ഷയും തെല്ലു പരിഭവവുമൊക്കെ കലർന്ന ആലാപനത്തിലൂടെ യേശുദാസ് ആ വരികളെ അനശ്വരമാക്കുന്നു. ആ കാലം, ആ അന്തരീക്ഷം, അന്നത്തെ നിഷ്‌കളങ്ക പ്രണയസങ്കല്പങ്ങൾ... എല്ലാം എത്ര കയ്യൊതുക്കത്തോടെയാണ് ആ രണ്ടേ രണ്ടു വരികളിൽ മൂന്ന് പ്രതിഭകളും ചേർന്ന് കൊത്തിവെച്ചിരിക്കുന്നത്?

തോന്നലാകാം; എന്നിലെ സ്വപ്നജീവിയുടെ തോന്നൽ. എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല. ആത്മനിഷ്ഠമാണല്ലോ ഏത് ആസ്വാദനവും.

പാട്ടിന്റെ പല്ലവിയും മറ്റു ചരണങ്ങളും യേശുദാസ് പാടിനിർത്തുന്നത് 'എപ്പോഴെന്നറിയില്ല, എന്നാണെന്നറിയില്ല' എന്നാണ്. ഈ ഒരൊറ്റ ചരണം മാത്രം അവസാനിക്കുന്നത് 'രാഗമെനിക്കറിയില്ല താളമെനിക്കറിയില്ല' എന്ന വരികളിലും. കരളിലെ മാനിന് കറുക കൊടുത്ത് കല്പടവിൽ നിൽക്കുകയാണ് പാട്ടിലെ കാമുകി. നൂപുരമിട്ട തിരകൾ കടലിന്റെ ഗോപുരനടയിൽ വന്ന് ജലകേളിക്കായി അവളെ കാലിൽ തൊട്ടു വിളിക്കുന്നു. കണ്മുന്നിൽ ആ രംഗങ്ങൾ ഒന്നൊന്നായി തെളിഞ്ഞുവരും യേശുദാസ് പാടിക്കേൾക്കുമ്പോൾ. ഭാസ്‌കര രചനയുടെ വിഷ്വൽ മാജിക്.

'പകൽക്കിനാ'വിലെ പാട്ട് പാടി റെക്കോർഡ് ചെയ്യുമ്പോൾ 26 വയസ്സാണ് യേശുദാസിന്. ജീവിതത്തിലെ ഏറ്റവും യൗവന തീക്ഷ്ണമായ കാലഘട്ടത്തിൽ അന്നത്തെ സാധാരണക്കാരനായ ഏത് കേരളീയ കാമുകനും ഉള്ളിൽ കൊണ്ടുനടന്നിരിക്കാവുന്ന സ്വപ്നങ്ങൾ മുഴുവൻ സ്വാഭാവികമായി വന്നു നിറയുന്നു യേശുദാസിന്റെ ആലാപനത്തിൽ. താളമെനിക്കറിയില്ല എന്ന വാക്കിലെ 'താള'ത്തിൽ വന്നു നിറയുന്ന നേർത്ത സങ്കോചം - അതോ അന്തർമുഖത്വമോ - പോലും എത്ര സ്വാഭാവികം.

രഹസ്യ സ്വപ്നങ്ങളുടേയും രഹസ്യ പ്രണയങ്ങളുടേയും കാലമായിരുന്നല്ലോ അത്.

വർഷങ്ങൾക്ക് ശേഷമുള്ള ഒരു കൂടിക്കാഴ്ച്ചയിൽ അഭിരാമപുരത്തെ വസതിയിലിരുന്ന് ഞാനുൾപ്പെട്ട ദൂരദർശൻ സംഘത്തിന് വേണ്ടി ഇഷ്ടഗാനങ്ങൾ പലതും ക്യാമറക്ക് മുന്നിൽ ഗൃഹാതുരത്വത്തോടെ മൂളിയിട്ടുണ്ട് യേശുദാസ്. താമസമെന്തേ വരുവാൻ, പ്രാണസഖി ഞാൻ വെറുമൊരു, അലിയാമ്പൽ കടവിൽ.... പിന്നെ എന്റെ പ്രത്യേക അപേക്ഷ മാനിച്ച് 'പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയി'ലും.

ഇടക്ക് വെച്ച് പാടി നിർത്തിയ ശേഷം ആത്മഗതമെന്നോണം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ഓർമ്മയിൽ: 'ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ പാട്ടുകളാണ്. അന്ന് പാടിയ പോലെ ഇനിയൊരിക്കലും പാടാൻ പറ്റില്ല ഇവയൊന്നും. ആ കാലം, ആ പ്രായം, അന്നത്തെ നമ്മുടെ മനസ്സ്, നമ്മുടെ വികാരങ്ങൾ, പ്രതീക്ഷകൾ, ആകാംക്ഷകൾ.... അതൊന്നും വീണ്ടെടുക്കാൻ പറ്റില്ലല്ലോ... '

ശരിയാണ്. ഓരോ പാട്ടിനും ഓരോ കാലമുണ്ട്. ഓരോ കാലത്തിനും ഓരോ പാട്ടും. ആ പാട്ടുകൾ ആസ്വദിക്കണമെങ്കിൽ മനസ്സുകൊണ്ടെങ്കിലും ആ കാലത്തേക്ക് തിരിച്ചുപോകണം നാം; സമയരഥങ്ങളിൽ ഒരു തിരിച്ചുപോക്ക്...

Content Highlights: Explores the timeless appeal of the song from the movie 'Pakalkkinavu'., Highlights the collaboration of P. Bhaskaran, B.A. Chidambaranath, and K.J. Yesudas., Reflects on Yesudas's perspective on youth, passing time, and lost eras., Captures a personal interaction between writer Ravi Menon and Yesudas.