'മോനേ, ജോയിയും പോയി...' ആത്മഗതം പോലെ ചിതറിവീഴുന്ന വാക്കുകള്‍; വേര്‍പാടില്‍ മനംനൊന്ത് ശ്യാം

കെ.ജെ ജോയ്, ശ്യാം
കെ.ജെ ജോയ്, ശ്യാം

ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള 'മോനേ''  എന്ന വിളിയില്‍  സ്‌നേഹവാത്സല്യങ്ങളുടെ മഹാസാഗരം തന്നെ  ഒതുക്കിവെക്കുന്ന, 'ഗോഡ് ബ്ലെസ്'' എന്ന ആശംസയില്‍ മനസ്സിലെ നന്മയും കരുതലും മുഴുവന്‍ നിറച്ചുവെക്കുന്ന മനുഷ്യന്‍. ശ്യാം എന്ന സാമുവല്‍ ജോസഫ്. ഇത്തവണ തെല്ലു നൊമ്പരം കൂടി കലര്‍ന്നിരുന്നു ആ ശബ്ദത്തില്‍. നഷ്ടബോധത്തിന്റെ തീരാനൊമ്പരം.  

 'മോനേ, ജോയിയും പോയി...' ആത്മഗതം പോലെ ചിതറിവീഴുന്ന വാക്കുകള്‍. നിമിഷങ്ങളുടെ മൗനത്തിനൊടുവില്‍,  ഫോണിന്റെ മറുതലയ്ക്കല്‍ വര്‍ഷങ്ങളായി കേട്ടു ശീലിച്ച അഗാധഗാംഭീര്യമാര്‍ന്ന ആ ശബ്ദം വീണ്ടും: 'ബിച്ചു, പൂവച്ചല്‍ ഖാദര്‍, ചുനക്കര.. എല്ലാവരും പോയി. ഇപ്പോള്‍ ജോയിയും. ഐ ഫീല്‍ ലോണ്‍ലി മോനേ....'

ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു ശ്യാം സാറിന്റെ മനസ്സ്. ട്രസ്റ്റ്പുരത്തെ വീട്ടില്‍ ഓര്‍മ്മകള്‍ മാത്രമാണല്ലോ കുറേക്കാലമായി അദ്ദേഹത്തിന് കൂട്ട്; ഭാര്യ വയലറ്റിന്റെ അകാല വിയോഗത്തിന് ശേഷം പ്രത്യേകിച്ചും. 'ജോയിയുടെ ശബ്ദം ഇപ്പോഴും കാതിലുണ്ട്. അവസാനം സംസാരിച്ചപ്പോഴും എന്തൊരുത്സാഹമായിരുന്നു...' 

ഒരേ മേഖലയില്‍ ഒരേ കാലത്ത് തിളങ്ങി നിന്ന രണ്ടു പ്രതിഭകള്‍. പരസ്പരം മത്സരിക്കാന്‍ വിധിക്കപ്പെട്ടവര്‍. എന്നിട്ടും എല്ലാ മത്സരങ്ങള്‍ക്കും അപ്പുറത്ത് സവിശേഷമായ ഒരു ആത്മബന്ധം കാത്തു സൂക്ഷിച്ചു ശ്യാമും കെ ജെ  ജോയിയും.  മലയാള സിനിമയുടെ  1970 കള്‍ പങ്കിട്ടെടുക്കാന്‍ ഇരുവരെയും തുണച്ചത് പുതുമക്ക് വേണ്ടിയുള്ള ഒടുങ്ങാത്ത അഭിനിവേശമാണ്. ഈണത്തിലും വാദ്യവിന്യാസത്തിലും സൗണ്ടിങ്ങിലും എല്ലാമുണ്ടായിരുന്നു പുതുമ. അന്നത്തെ യുവതലമുറ ഇരുവരുടേയും ഗാനങ്ങളെ ഹൃദയത്തോട് ചേര്‍ത്തത് അതുകൊണ്ടു കൂടിയാണല്ലോ.
 
'അവസാനം വിളിച്ചപ്പോഴും ഇടതടവില്ലാതെ സംസാരിച്ചു ജോയ്. ശ്രദ്ധിച്ചു കേട്ടാലേ വാക്കുകള്‍ വ്യക്തമാകൂ നമുക്ക്. അത്രയും വേഗമാര്‍ന്ന സംസാരമാണ്.' -- ശ്യാമിന്റെ വാക്കുകള്‍. ഓര്‍മ്മ വന്നത് സംഗീത സംവിധായകന്‍  ജോണ്‍സണ്‍ മാസ്റ്ററുടെ മുഖമാണെന്ന് ശ്യാം. 'സ്റ്റുഡിയോയില്‍ വെച്ച് ഞാനും ജോയിയും തമ്മില്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോഴേ ചിരിച്ചു തുടങ്ങും ജോണ്‍സണ്‍. എന്റേത് പതിഞ്ഞ താളത്തിലുള്ള സംസാരമാണ്. ജോയ് ആകട്ടെ അസാധ്യ വേഗത്തിലാണ് സംസാരിക്കുക.  കേട്ടുനില്‍ക്കുന്നവര്‍ക്ക് ഈ വൈരുധ്യം  തമാശയായി തോന്നുന്നത് സ്വാഭാവികം. ജോണ്‍സണ്‍ പതിവായി ഇക്കാര്യം പറഞ്ഞ് കളിയാക്കുമായിരുന്നു ഞങ്ങളെ....'

കെ.ജെ ജോയ്ക്ക് ശ്യാം ആദരമർപ്പിക്കുന്നു|Photo courtesy: Rex Isaacs 

ജോണ്‍സണ്‍ ആദ്യം യാത്രയായി. ഇപ്പോഴിതാ ജോയിയും. 'ഓരോ വിയോഗവാര്‍ത്തകളും കേള്‍ക്കുമ്പോള്‍ ഒരു പാട് ഓര്‍മ്മകള്‍ മനസ്സിനെ വന്നു മൂടും. ഇനിയൊരിക്കലും അവരുടെ ഫോണ്‍ കോളുകള്‍ വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ദുഃഖം തോന്നും; ഏകാന്തതയും.'

പ്രായത്തില്‍ മാത്രമല്ല, സിനിമാജീവിതത്തിലും ജോയിയുടെ സീനിയറാണ് ശ്യാം. എക്കോഡിയന്‍ വാദകനായി തൃശൂരില്‍ നിന്ന് ജോയ് ചെന്നൈയില്‍ വന്നിറങ്ങുമ്പോഴേക്കും തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ വയലിനിസ്റ്റ് ആയി വളര്‍ന്നിരുന്നു ശ്യാം. ഇരുവരും പിന്നീടെത്രയോ ഗാനങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ ഒരുമിച്ചു പങ്കാളികളായി. ഏറെയും എം എസ് വിശ്വനാഥന്റെയും സലില്‍ ചൗധരിയുടേയും  റെക്കോര്‍ഡിംഗുകളില്‍. 1974 ലാണ് സ്വതന്ത്ര സംഗീത സംവിധായകനായി മലയാളത്തില്‍ ശ്യാമിന്റെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ജോയിയും 'സ്വതന്ത്ര'നായി; ലവ്‌ലെറ്റര്‍ എന്ന സിനിമയിലൂടെ. മലയാള സിനിമയില്‍ ഒരു പുതുയുഗത്തിന് നാന്ദി കുറിച്ച അരങ്ങേറ്റങ്ങള്‍. 

'അന്നത്തെ കാലത്തെ പാട്ടുകളില്‍ അനിവാര്യതയായിരുന്നു ജോയിയുടെ കീബോര്‍ഡ്.'-- ശ്യാം ഓര്‍ക്കുന്നു. 'സിനിമകള്‍ക്ക് സ്വതന്ത്രമായി സംഗീതം നല്‍കുന്ന സമയത്തു തന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ഓര്‍ക്കസ്ട്രയില്‍ വായിക്കാനും സമയം കണ്ടെത്തി ഞങ്ങള്‍. മത്സരം ഉണ്ടായിരുന്നുവെന്നത് സത്യം; എങ്കിലും പരസ്പരമുള്ള ആദരവില്‍ അധിഷ്ഠിതമായിരുന്നു അത്..'

ബിച്ചു തിരുമലയാണ് ശ്യാമിന്റെയും ജോയിയുടെയും മിക്ക സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെയും രചയിതാവ്. പൂവച്ചല്‍ ഖാദറും ആ ഹിറ്റ് ഫോര്‍മുലയുടെ ഭാഗം. ഈണത്തിനനുസരിച്ചു പാട്ടെഴുതിക്കുക എന്ന സമ്പ്രദായം സാര്‍വത്രികമായത് ഈ രണ്ടു സംഗീത സംവിധായകരുടെ പ്രഭവകാലത്താണ്. എങ്കിലും മറിച്ചുള്ള ശൈലിയും പരീക്ഷിക്കാന്‍ മടിച്ചില്ല ഇരുവരും. 'തിരക്കിലും ബഹളത്തിലുമേ  എപ്പോഴും കണ്ടിട്ടുള്ളൂ ജോയിയെ. അതെല്ലാം അദ്ദേഹം ആസ്വദിച്ചിരുന്നു.'

ഇറക്കുമതി ചെയ്ത കാറുകളായിരുന്നു ജോയിയുടെ ദൗര്‍ബല്യം എന്നോര്‍ക്കുന്നു ശ്യാം; പിന്നെ പട്ടികളും. 'കല്പനാ ഹൗസില്‍ ചെന്നാല്‍ പലപ്പോഴും ഒരു കൂട്ടം പട്ടികളാണ് നമ്മളെ സ്വീകരിക്കുക. പല ജനുസ്സില്‍ പെട്ടവ. എനിക്കാണെങ്കില്‍ പട്ടികളെ ഭയമാണ് താനും.' --  ഓര്‍ത്തു ചിരിക്കുന്നു ശ്യാം. 'എല്ലാം ഇനി ഓര്‍മ്മയാണ്. സ്റ്റുഡിയോയില്‍ നിന്ന് സ്റ്റുഡിയോയിലേക്ക് ശ്വാസം വിടാന്‍ പോലും സമയമില്ലാതെ  ഓടിനടന്നിരുന്ന ഒരാളെ വര്‍ഷങ്ങളോളം കിടക്കയില്‍ തളച്ചിട്ടുകളഞ്ഞു വിധി. ഓര്‍ക്കുമ്പോള്‍ സങ്കടം മാത്രം. ആര്‍ക്കും ഈ വിധി വരുത്തരുതേ എന്ന പ്രാര്‍ത്ഥനയും.'

അപൂര്‍വമായേ ഇപ്പോള്‍ വീട്ടിന് പുറത്തിറങ്ങാറുള്ളൂ ശ്യാം സാര്‍. ചില്ലറ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഈശ്വരാനുഗ്രഹത്താല്‍ ഓര്‍മ്മയുടെ അറകള്‍ അടഞ്ഞിട്ടില്ല. 'വെറുതെ ഇരിക്കുമ്പോള്‍ ആ പഴയ കാലം ഓര്‍മ്മ വരും. എന്നെ ഞാനാക്കിയ മലയാളികള്‍ക്ക് മനസ്സു കൊണ്ട് നന്ദി പറയും. പാട്ടുകള്‍ ഉണ്ടാക്കാന്‍ ആര്‍ക്കും പറ്റും. അത് ചിലരൊക്കെ ഓര്‍മ്മയില്‍ സൂക്ഷിക്കുക എന്നത് വലിയ കാര്യമല്ലേ? ആ അര്‍ത്ഥത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ഇന്നും മലയാളികള്‍ അവരിലൊരാളായി എന്നെ കാണുന്നു. ഓര്‍മ്മയില്‍ നിന്ന് എന്റെ പാട്ടുകള്‍ ഫോണ്‍ വിളിച്ചു മൂളിക്കേള്‍പ്പിക്കുന്നു. എത്രയോ വര്‍ഷമായി ഞാന്‍ സിനിമയില്‍ സജീവമല്ലാതായിട്ട്. എന്നിട്ടും എന്റെ  പാട്ടുകള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടല്ലോ? ദൈവാനുഗ്രഹം എന്നേ കരുതുന്നുള്ളൂ ഞാന്‍..'

ഫോണ്‍ വെക്കും മുന്‍പ് ഒന്നുകൂടി പറഞ്ഞു ശ്യാം സാര്‍; ശബ്ദത്തിലെ വികാരാധിക്യം മറയ്ക്കാതെ: 'ഞാനും ഒരിക്കല്‍ യാത്രയാകും മോനേ; ഇന്നല്ലെങ്കില്‍ നാളെ. എന്നെ മറന്നാലും എന്റെ പാട്ടുകള്‍ ഓര്‍ക്കണം. അവയെക്കുറിച്ച് എഴുതണം....'

എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. വാക്കുകള്‍ തൊണ്ടയില്‍ തടയുന്നു. കണ്ണുകള്‍ നിറയുന്നു. എത്ര കേട്ടാലാണ്, എത്ര എഴുതിയാലാണ് മതിയാകുക?  ആ പാട്ടുകള്‍ക്കൊപ്പം കൗമാര യൗവനങ്ങള്‍  ചെലവഴിച്ച ഒരാളാകുമ്പോള്‍ പ്രത്യേകിച്ചും.
 
'ഗോഡ് ബ്ലെസ് യു മോനേ' എന്ന് പറഞ്ഞു  ശ്യാം സാര്‍ ഫോണ്‍ വെച്ചിട്ടും കാതില്‍ അദ്ദേഹം ഈണമിട്ട വരികള്‍ മുഴങ്ങുന്നു: 'ഓരോ നിമിഷവുമോരോ നിമിഷവുമോര്‍മ്മയില്‍ ഗാനോത്സവം, മദനോത്സവം, ഈ രാഗമാലിക തീര്‍ക്കും സ്വപ്നം പ്രേമശില്പി ഒരു രാജശില്പി -- ഗന്ധര്‍വശില്പി..'

Content Highlights: remembering kk joy, music legend, Shyam music director