മരണമില്ലാത്ത 'കഭീ കഭീ...'; മുകേഷ് വിടവാങ്ങിയിട്ട്‌ അരനൂറ്റാണ്ട്

മുകേഷ് | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
മുകേഷ് | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

പ്രണയഗാനങ്ങളിൽ പോലും എങ്ങനെ നേർത്ത വേദനയുടെ അംശം കടന്നുവരുന്നു? മുകേഷിന്റെ മറുപടി ഒരു കഥയായിരുന്നു- സരൾ ത്രിവേദി എന്ന ഗുജറാത്തി യുവതി സ്വന്തം ജീവിതത്തിലേക്ക് കടന്നു വന്ന കഥ.

ബ്രാഹ്‌മണ കുടുംബാംഗമായിരുന്നു സരൾ. ഇറച്ചിയും മീനും പോയിട്ട് വെളുത്തുള്ളി പോലും കഴിക്കാത്ത ഒരു അസ്സൽ സസ്യാഹാരി. മുകേഷാകട്ടെ മഥുർ കായസ്ഥ കുടുംബത്തിൽ പെട്ട മാംസാഹാരി. സിനിമാക്കാരൻ; പോരാത്തതിന് മദ്യപാനിയും. ഇരുവരുടെയും പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോൾ ക്ഷുഭിതരായ വീട്ടുകാർ സരളിനെ വീട്ടിൽ ഒരു മുറിയിൽ പൂട്ടിയിട്ടു. 'അച്ഛൻ എല്ലാ രാത്രിയും മുടങ്ങാതെ ആ വീട്ടിന്റെ ഗെയ്റ്റിനു മുന്നിൽ വന്നു അമ്മയെ ഒരുനോക്കു കാണാൻ കാത്തുനിൽക്കുമായിരുന്നത്രേ; കോരിച്ചൊരിയുന്ന മഴയത്തു പോലും. അടച്ചിട്ട ജനാലകൾക്കപ്പുറത്ത് അമ്മ കരഞ്ഞു തളർന്നിട്ടുണ്ടാകും അപ്പോൾ. മാസങ്ങൾ നീണ്ടുനിന്നു ആ വിരഹകാലം', മുകേഷിന്റെ മകൻ നിതിൻ മുകേഷിന്റെ വാക്കുകൾ.

ഒടുവിൽ, 1946 ജൂലൈ 22-ന് മുകേഷും സരളും ഒളിച്ചോടി കാന്തിവിലിയിലെ ഒരു കോവിലിൽ വിവാഹിതരാകുന്നു. ശ്രുതിശുദ്ധമായ ഒരു ദാമ്പത്യബന്ധത്തിന്റെ തുടക്കം. 'ഓരോ പ്രണയഗാനവും പാടാൻ മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ അമ്മയുടെ കരഞ്ഞു തളർന്ന മുഖമാണ് ഓർമവരിക എന്ന് അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട്. പ്രണയത്തിൽ നേർത്ത വിഷാദം കലരുമ്പോഴാണ് അത് കൂടുതൽ മധുരതരമാകുക എന്നും', നിതിൻ മുകേഷ് പറയുന്നു. സംശയമുണ്ടെങ്കിൽ 'കഭീ കഭീ മേരെ ദിൽ മേ...' എന്ന ഗാനം ഒരിക്കൽ കൂടി കേട്ടുനോക്കുക.

പിതാവിനുള്ള സ്മരണാഞ്ജലിയായി ഗാനമേളകളിൽ 'കഭീ കഭീ' മുടങ്ങാതെ ആലപിക്കുന്നു മുകേഷിന്റെ മകൻ. 'അച്ഛൻ വിടവാങ്ങി മുപ്പതു കൊല്ലം കഴിഞ്ഞാണ് അമ്മ മരിച്ചത്. മരിക്കും വരെ 'കഭീ കഭീ'യും, 'ഹിമാലയ് കേ ഗോദ് മേ' എന്ന ചിത്രത്തിലെ ചാന്ദ് സി മെഹബൂബ് എന്ന പാട്ടും എന്നെ കൊണ്ട് പാടിക്കുമായിരുന്നു അവർ. അച്ഛന്റെ ഗാനങ്ങളിൽ അമ്മക്ക് ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു രണ്ടും. അടുത്ത ജന്മത്തിലും അച്ഛന്റെ ഭാര്യയാകാൻ ആഗ്രഹിച്ചു അമ്മ.'

'കഭീ കഭീ' എന്ന അനശ്വരപ്രണയഗാനത്തിന്റെ മാസ്മരവലയത്തിൽ സ്വയം നഷ്ടപ്പെട്ട നിരവധി സംഗീതാസ്വാദകരെ കണ്ടുമുട്ടിയിട്ടുണ്ട്, പ്രശസ്തരും അപ്രശസ്തരുമായവർ. ദുബായിലെ ഒരു ഇന്ത്യൻ സ്‌കൂളിന്റെ സുരക്ഷാവിഭാഗത്തിൽ ജോലി നോക്കിയിരുന്ന പാകിസ്താൻകാരനായ അൽത്താഫിനെ ഓർമവരുന്നു. ഇന്ത്യക്കാരനാണ് എന്നറിഞ്ഞപ്പോൾ പേഴ്‌സിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന മുകേഷിന്റെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കാണിച്ചുതന്നു. 1970-കളുടെ തുടക്കത്തിലെന്നോ ടൊറന്റോയിൽ താൻ ജോലി നോക്കിയിരുന്ന കോഫീ ഷോപ്പിൽ യാദൃച്ഛികമായി മുകേഷ് കയറിവന്നപ്പോൾ എടുത്ത ഫോട്ടോ. 'ഇന്ത്യയിലും പാകിസ്താനിലുമില്ല ഇദ്ദേഹത്തെ അതിശയിക്കുന്ന ഒരു ഗായകൻ, ഇനി ഉണ്ടാകുകയുമില്ല', അൽത്താഫ് പറഞ്ഞു. ഒപ്പം തെല്ലു അനുനാസികത്വം കലർന്ന ശബ്ദത്തിൽ 'കഭീ കഭീ'യുടെ പല്ലവി എനിക്കുവേണ്ടി മൂളി. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ.

പുറത്തിറങ്ങി പതിറ്റാണ്ടുകൾക്കിപ്പുറവും തലമുറകളുടെ ഹൃദയഗീതമായി 'കഭീ കഭീ'യെ നിലനിർത്തുന്ന മാജിക് എന്തായിരിക്കണം? 'അതിലെ കലർപ്പില്ലാത്ത കവിത തന്നെ', സംഗീതസംവിധായകൻ ഖയ്യാമിന്റെ വാക്കുകൾ. 'സാഹിറിന്റെ വരികൾ ആരെയാണ് പ്രചോദിപ്പിക്കാത്തത്? സത്യത്തിൽ ഞാൻ ആ ഗാനം കമ്പോസ് ചെയ്യുകയായിരുന്നില്ല. അതിൽ അന്തർലീനമായ ആശയത്തെ സ്വതന്ത്രമായി ചിറകടിച്ചുപറക്കാൻ വിടുക മാത്രമായിരുന്നു. ആരുടെയൊക്കെയോ ഹൃദയങ്ങളിൽ അത് ചെന്ന് കൂടുകൂട്ടി എന്നറിയുമ്പോൾ സന്തോഷം'.

സാഹിറിന്റെ വരികൾക്കല്ല അവയ്ക്കിടയിലെ ശൂന്യമായ ഇടവേളകൾക്കാണ് ഖയ്യാം സംഗീതം പകർന്നതെന്ന് തോന്നാറുണ്ട് ഇന്നും ആ പാട്ടു കേൾക്കുമ്പോൾ. മറ്റു പല സംഗീത സംവിധായകരെയും പോലെ ആ ഇടവേളകളെ വാദ്യഘോഷമുഖരിതമാക്കുകയല്ല ഖയ്യാം ചെയ്തത്. സംഗീതം കൊണ്ട് അവയ്ക്ക് നേർത്തൊരു അടിവരയിടുകയാണ്. 'സാഹിറിന്റെ കവിതയെ എന്റെ സംഗീതം ഒരിക്കലും നിഷ്പ്രഭമാക്കിക്കൂടാ എന്നുണ്ടായിരുന്നു.' മുകേഷിന്റെയും ലതാ മങ്കേഷ്‌ക്കറുടെയും യഷ് ചോപ്രയുടെയും അമിതാഭ് ബച്ചന്റെയും ഒക്കെ ഗാനമായി അറിയപ്പെടുമ്പോഴും 'കഭീ കഭീ' ആത്യന്തികമായി സാഹിറിന്റെ കയ്യൊപ്പുള്ള ഗാനമായി നിലനിൽക്കുന്നതും അതുകൊണ്ട് തന്നെ. ഖയ്യാമിന് നന്ദി.

'കഭീ കഭീ' എന്ന കവിത മുൻപ് മറ്റൊരു സിനിമക്ക് വേണ്ടി ഈണമിട്ടു റെക്കോർഡ് ചെയ്തതാണ് ഖയ്യാം. 1960-കളുടെ തുടക്കത്തിൽ ചിത്രീകരണം ആരംഭിച്ച ചേതൻ ആനന്ദിന്റെ 'കാഫിർ' ആയിരുന്നു ചിത്രം. നായകൻ ദേവാനന്ദ്, നായിക ഗീതാബാലി. നിർഭാഗ്യവശാൽ ആ പടത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കാൻ ചേതന് കഴിയാതെ പോയി. ഗീതാ ദത്തിന്റെയും സുധാ മൽഹോത്രയുടെയും സ്വരങ്ങളിൽ റെക്കോർഡ് ചെയ്ത 'കഭീ കഭീ' എന്ന കവിത അതോടെ വിസ്മൃതിയിൽ ഒടുങ്ങുകയും ചെയ്തു. എങ്കിലും ആ സിനിമ എന്നെങ്കിലും ഒരിക്കൽ വീണ്ടും നിർമിക്കണം എന്നാഗ്രഹിച്ചിരുന്നു ചേതൻ ആനന്ദ്- അതിൽ 'കഭീ കഭീ' ഉൾക്കൊള്ളിക്കണമെന്നും. ഇനിയുള്ള കഥ ഖയ്യാമിന്റെ വാക്കുകളിൽ.

'ഏറെ വർഷങ്ങൾ കഴിഞ്ഞ ശേഷം ഒരുനാൾ സാഹിർ സാബ് എന്നെ വിളിച്ചു പറഞ്ഞു, 'പടം വീണ്ടും നിർമിക്കുന്നതിനെ കുറിച്ച് ചേതൻ നിരന്തരം പറയുന്നുണ്ടെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല. ഇത്രയും നല്ലൊരു പാട്ട് നമ്മൾ എന്തിനു പാഴാക്കിക്കളയണം? ചേതന്റെ അനുമതിയോടെ നമുക്കിതൊരു പുതിയ പടത്തിൽ ഉപയോഗിച്ചാലോ?', സമ്മതം മൂളാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്.'

അന്ന് വൈകുന്നേരം തന്നെ സാഹിറും ഖയ്യാമും ചേതൻ ആനന്ദിന്റെ വീട്ടിലെത്തുന്നു. സിനിമാരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഒരു വിരുന്നു സത്കാരം നടക്കുകയാണ് അവിടെ. വിരുന്നിനിടെ 'കാഫിറി'നു വേണ്ടി റെക്കോർഡ് ചെയ്ത പാട്ടുകൾ ഇട്ടു കേൾപ്പിക്കണം എന്നൊരു ആഗ്രഹം പ്രകടിപ്പിക്കുന്നു സാഹിർ. വീട് മുഴുവൻ അരിച്ചുപെറുക്കിയിട്ടും പാട്ടുകളടങ്ങളിയ ടേപ്പിന്റെ പൊടി പോലുമില്ല. ഒടുവിൽ ആതിഥേയനെ വിളിച്ചു മാറ്റിനിർത്തി സാഹിർ ചോദിച്ചു: 'ചേതൻ സാബ്, കാഫിറിനു വേണ്ടി റെക്കോർഡ് ചെയ്ത പാട്ടുകൾ മറ്റേതെങ്കിലും പടത്തിൽ ഉപയോഗിക്കാൻ താങ്കൾക്ക് ഉദ്ദേശ്യമുണ്ടോ?'. ഇല്ലെന്നായിരുന്നു ചേതന്റെ മറുപടി. 'കാലഹരണപ്പെട്ടു പോയില്ലേ അവയെല്ലാം? ഇനി ഉപയോഗിക്കുന്നതിൽ അർത്ഥമില്ല.' എങ്കിൽ പിന്നെ ആ ഗാനങ്ങൾ ഞങ്ങൾ ഏതെങ്കിലും പടത്തിൽ ഉൾപ്പെടുത്തുന്നതിൽ വിരോധമുണ്ടോ?, സാഹിറിന്റെ ചോദ്യം. ഒരിക്കലുമില്ല എന്നായിരുന്നു ചേതന്റെ മറുപടി എന്ന് ഖയ്യാം. 'കഭീ കഭീ' എന്ന സിനിമയിൽ ചെറിയ ഭേദഗതികളോടെ ആ ഗാനം ഉപയോഗിക്കാൻ ഖയ്യാമും സാഹിറും തീരുമാനിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്.

പക്ഷേ പടവും പാട്ടും സൂപ്പർഹിറ്റായതോടെ കഥ മാറി. 'കഭീ കഭീ' എന്ന ഗാനത്തിന്മേലുള്ള അവകാശം തനിക്കു മാത്രമാണെന്നും അനുമതിയില്ലാതെ അതു സിനിമയിൽ ഉപയോഗിച്ചത് നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി യഷ് ചോപ്രയ്ക്കും സാഹിറിനും ഖയ്യാമിനും വക്കീൽ നോട്ടീസ് അയക്കുന്നു ചേതൻ ആനന്ദ്. നിയമപരമായിത്തന്നെ ചേതന്റെ അവകാശവാദത്തെ നേരിട്ട 'കഭീ കഭി'യുടെ ശിൽപ്പികൾക്കായിരുന്നു അന്തിമ വിജയം. 'പ്രതിഫലം പോലും വാങ്ങാതെ ചേതന് വേണ്ടി ഞങ്ങൾ ചെയ്ത പാട്ടുകളായിരുന്നു അവ. അവ ആരും കേൾക്കാതെ നശിച്ചു പോകരുതെന്ന് ആഗ്രഹിച്ചതു കൊണ്ടുമാത്രമാണ് വീണ്ടും സിനിമയിൽ ഉപയോഗിച്ചത്. അതിന്റെ പേരിൽ കോടതി കയറേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നു പോലുമില്ല.', ഖയ്യാം.

സാഹിറിന്റെ സമാഹാരത്തിലെ ദാർശനികമായ അർഥതലങ്ങളുള്ള കവിത അതേ പടി 'കാഫിറി'നു വേണ്ടി ചിട്ടപ്പെടുത്തുകയായിരുന്നു ഖയ്യാം. പക്ഷേ 'കഭീ കഭീ'യിൽ അത്ര കടുകട്ടി വാക്കുകളും പ്രയോഗങ്ങളും വേണ്ട. 'കുറെ കൂടി ഒതുക്കമാർന്നതും ലളിതവുമാവണം ആശയം' എന്ന യഷ് ചോപ്രയുടെ നിർദേശം മനസ്സില്ലാമനസ്സോടെ സ്വീകരിക്കുന്നു സാഹിർ. 1945-ൽ സാഹിർ രചിച്ച ആ 'ഒറിജിനൽ' കവിത തുടങ്ങുന്നത് ഇങ്ങനെ: 'കഭീ കഭീ മേരെ ദിൽ മേ ഖയാൽ ആത്താ ഹേ, കി സിന്ദഗി തേരി ജുൽഫൊം കി നാർമ് ഛാവോം മേ, ഗുസർനെ പാത്തേ തോ ശദാബ് ഹോ ഭി സക്തീ ഥി...'

കാമുകിയുടെ സുന്ദരമായ അളകങ്ങളുടെ കുളിരാർന്ന തണലിൽ കഴിയാൻ കൊതിക്കുന്ന കാമുകനുണ്ട് ഈ വരികളിൽ. 'കഭീ കഭി' എന്ന സിനിമയിലെ സന്ദർഭത്തിനു ഇണങ്ങും വിധം അവ മാറ്റിയെഴുതി സാഹിർ: 'കഭീ കഭീ മേരെ ദിൽ മേ ഖയാൽ ആത്താ ഹേ, കി ജൈസേ തുജ്‌കോ ബനായാ ഗയാ ഹേ മേരെ ലിയേ, തു അബ് സെ പെഹലെ സിതാരോം മേ ബസ് രഹീ ഥി കഹി, തുജേ സമീൻ പേ ബുലായാ ഗയാ ഹേ മേരെ ലിയേ...'

(ഏകദേശ തർജ്ജമ: ഇടയ്ക്കിടെ എന്റെ ഹൃദയം ചിന്താധീനമാകുന്നു- നീ എനിക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവളാണെന്ന്; താരാഗണങ്ങൾക്കൊപ്പം വസിച്ചിരുന്ന നിന്നെ ഭൂമിയിലേക്ക് ക്ഷണിച്ചു വരുത്തിയത് എനിക്ക് വേണ്ടി മാത്രമാണെന്നും...)

ഉർദു പദങ്ങളുടെ ധാരാളിത്തമാണ് ആദ്യ കവിതയുടെ മുഖമുദ്രയെങ്കിൽ രണ്ടാമത്തെ രചന കുറെ കൂടി ലളിതമാണ്. ഹിന്ദി വാക്കുകൾ കൂടുതലായി എഴുതിച്ചേർത്തിരിക്കുന്നു സാഹിർ.

രണ്ടു തലമുറകളിലായി വ്യാപിച്ചു കിടക്കുന്ന ത്രികോണ പ്രേമകഥയാണ് 'കഭീ കഭീ' എന്ന യഷ് ചോപ്ര ചിത്രത്തിന്റേത്. അമിത് പ്രേമിച്ചത് പൂജയെ. മാതാപിതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി പൂജ വിവാഹം കഴിച്ചത് വിജയ് ഖന്നയെ (ശശി കപൂർ). ഭാര്യയായി അമിത്തിന്റെ ജീവിതത്തിലേക്ക് പിന്നീട് കടന്നുവന്നത് അഞ്ജലി(വഹീദാ റഹ്‌മാൻ). അഞ്ജലിക്ക് നേരത്തെ ഉണ്ടായിരുന്ന ഒരു പ്രണയബന്ധത്തിൽ പിറന്ന മകളാണ് പിങ്കി (നീതു സിംഗ്). യാദൃച്ഛികതകൾ നിറഞ്ഞ കഥയുടെ ഏതോ ഘട്ടത്തിൽ പൂജയുടെ മകൻ വിക്രമും (ഋഷി കപൂർ) പിങ്കിയും അനുരാഗബദ്ധരാകുന്നു. അതിനിടയിലേക്കാണ് അഞ്ജലിക്ക് അമിത്തിൽ ഉണ്ടായ മകൾ സ്വീറ്റി (നസീം)യുടെ കടന്നുവരവ്. ആകെ ആശയക്കുഴപ്പമാണ് പിന്നെ. പതിവ് ബോളിവുഡ് സിനിമകളിലെ മെലോഡ്രാമ കലർന്ന നിരവധി സംഭവവികാസങ്ങൾക്കൊടുവിൽ സർവവും കലങ്ങിത്തെളിയുന്നതോടെ കഥക്ക് ശുഭാന്ത്യം.

ഗാനങ്ങളാണ് 'കഭീ കഭീ'യുടെ അമിതനാടകീയതക്ക് കുറച്ചെങ്കിലും വിശ്വാസ്യത കൈവരുത്തുന്നത് എന്നു വേണം പറയാൻ. പ്രത്യേകിച്ച് 'കഭീ കഭീ മേരെ ദിൽ മേ'. രണ്ടു തവണ കൂടി സിനിമയിൽ ആവർത്തിക്കപ്പെടുന്നുണ്ട് സാഹിറിന്റെ ഈ കവിത. ആദ്യരാത്രിയിൽ വിജയ്യുടെ ആഗ്രഹപ്രകാരം പൂജ പാടുന്ന 'കഭീ കഭീ'യുടെ വേർഷനിൽ ഒരു ഖണ്ഡിക കൂടി എഴുതിച്ചേർത്തിട്ടുണ്ട് സാഹിർ: 'സുഹാഗ് രാത് ഹേ ഘൂംഘട്ട് ഉഡാ രഹാ ഹൂം മേ, സിമട്ട് രഹി ഹേ തു ശർമാ കേ അപ്‌നി ബാഹോം മേ...' മുകേഷ് തുടക്കമിട്ട ശേഷം ലതയുടെ ശബ്ദത്തിലാണ് ഗാനം തുടരുക.

തീർന്നില്ല: സാഹിർ എഴുതിയ ഒറിജിനൽ കവിതയും ഭാഗികമായി ഉപയോഗിച്ചിട്ടുണ്ട് സിനിമയിൽ. ടെലിവിഷൻ അഭിമുഖത്തിൽ അമിത് പാടുന്നതായി ചിത്രീകരിച്ചിട്ടുള്ള കവിതയ്ക്ക് ശബ്ദം പകർന്നത് സാക്ഷാൽ അമിതാഭ് ബച്ചൻ തന്നെ. ആത്മനിന്ദയും നിരാശയും ജീവിതത്തോടുള്ള വിരക്തിയും എല്ലാം നിറഞ്ഞു തുളുമ്പുന്ന ഈ കവിതയെ വെറുമൊരു സിനിമാപ്പാട്ടിന്റെ തലത്തിൽനിന്ന് കൈപിടിച്ചുയർത്തുന്നു ബച്ചന്റെ അഗാധ ഗാംഭീര്യമാർന്ന ശബ്ദം. യേ ദുനിയാ അഗർ മിൽ ഭി ജായെ, ജിൻഹെ നാസ് ഹേ ഹിന്ദ് പർ (പ്യാസ), തൂ ഹിന്ദു ബനേഗാ നാ മുസൽമാൻ ബനേഗാ (ധൂൽ കാ ഫൂൽ), മേ സിന്ദഗി കാ സാഥ് നിഭാതാ ചലാ ഗയാ (ഹം ദോനോം), ചലോ ഇക് ബാർ ഫിർ സേ അജ്‌നബീ ബൻ ജായേ ഹം ദോനോം (ഗുംറാ), മൻരേ തു കാഹേ നാ ധീർ ധരെ (ചിത്രലേഖ), ന തു സമീൻ കേ ലിയേ നാ ആസ്മാൻ കേ ലിയേ (ദാസ്താൻ) തുടങ്ങി സാഹിർ ഇന്ത്യൻ സിനിമക്ക് സമ്മാനിച്ച ക്ലാസിക് ഗാനങ്ങളുടെ ഗണത്തിലാണ് കവിതയുടെയും സ്ഥാനം.

Content Highlights: The real-life tragic romance of singer Mukesh and his wife Saral that inspired his soulful delivery of romantic tracks. The lesser-known history of how the 'Kabhi Kabhie' poem was originally recorded for Chetan Anand's shelved film 'Kafir'. Sahir Ludhianvi's lyrical genius and modifications for Yash Chopra's multi-starrer blockbuster. The legal battles and eventual triumph surrounding the copyright of the classic song.