കാവളംകിളിയും, ആലിമാലി പുഴയും, ചങ്ങാലിപ്പെണ്ണും; അതിശയിപ്പിക്കുന്ന ജയകുമാർ ഗാനങ്ങൾ

#ഡോ. പ്രിയ ദേവദത്ത്
കെ. ജയകുമാർ ഐഎഎസ് | ചിത്രം: ബിനോജ് പി.പി.
കെ. ജയകുമാർ ഐഎഎസ് | ചിത്രം: ബിനോജ് പി.പി.

തെളിഞ്ഞൊഴുകുന്ന ഗാനങ്ങളാണ് കെ. ജയകുമാറിന്റേത്. മിഴിവാർന്ന ചിത്രങ്ങൾ വരച്ചിട്ടപോലെയാണ് അദ്ദേഹത്തിന്റെ ഓരോ ഗാനവും. തന്റെ ഗാനങ്ങൾ തികച്ചും ലളിതമായിരിക്കണമെന്ന നിഷ്‌കർഷ പുലർത്തുമ്പോഴും ആശയഗരിമയും വൈകാരികതയും ഒട്ടും ചോരാതെയുള്ള രചനാശൈലിയാണ് കെ. ജയകുമാർ സ്വീകരിച്ചത്.

പത്തൊൻപതാം വയസ്സിൽ പിതാവ് എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത 'ഭദ്ര ദീപം ' എന്ന ചിത്രത്തിൽ 'മന്ദാര മണമുള്ള കാറ്റേ നീയൊരു സന്ദേശവാഹകനല്ലോ...' എന്ന ഗാനം എഴുതി കൊണ്ടാണ് കെ. ജയകുമാർ ചലച്ചിത്രഗാന രംഗത്തേക്ക് വരുന്നത്. അതും വിഖ്യാതനായ എം.എസ്. ബാബുരാജിന്റെ സംഗീതത്തിൽ. 1973-ൽ പുറത്തുവന്ന കെ. ജയകുമാറിന്റെ ആദ്യഗാനം തന്നെ ഏറെ ജനപ്രീതി ഉള്ളതായിരുന്നു. കെ. ജയകുമാറിന് വയലാർ രാമവർമ എക്കാലത്തെയും മാതൃകയും വഴികാട്ടിയുമായിരുന്നു. ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ എഴുതിയിരുന്നതും വയലാർ രാമവർമ ആയിരുന്നു. വയലാർ രചനകളുടെ സ്വാധീനം കെ. ജയകുമാറിനെ ഗാനരചയിതാവായി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

പാട്ടിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കിയത് എം.ടിയിലൂടെയാണെന്നും കെ. ജയകുമാർ പറയുന്നു. 'എല്ലാ പൂക്കളും ചിരിക്കട്ടെ/ എല്ലാ പുഴകളും പാടട്ടെ', എന്ന വയലാറിന്റെ വരികൾ പോലെ പ്രകൃതിയും അതിലെ പുഴയും പൂക്കളും, മണമുള്ള കാറ്റുമെല്ലാം കെ. ജയകുമാർ എന്ന കവിയ്ക്കും വിലപ്പെട്ടതാണ്. പാതിരാപ്പൂക്കളും, നിലാവും, കിനാവും കെ. ജയകുമാറിന്റെ രചനകളിൽ കഥാപാത്രങ്ങളായി.

കാവളംകിളിയും, ആലിമാലി പുഴയും, ചങ്ങാലിപ്പെണ്ണും, ചമ്പാവുപാടങ്ങളും, മഞ്ചാടിമുത്തും പൂവാങ്കുരുന്നിലയും വേണ്ടിടത്ത് ചേർത്തിണക്കാനുള്ള പാടവം കെ. ജയകുമാറിനുണ്ട്. പൂക്കളും പ്രഭാതവും മൂവന്തിയും അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് നിറമേകി.

ചേതോഹരമാണ് കെ. ജയകുമാറിന്റെ പ്രണയഗാനങ്ങൾ. പ്രണയത്തിന്റെ ഭാഷയിൽ വികാരംകൊണ്ട് മതി മറക്കുന്ന രീതി അല്ല അദ്ദേഹത്തിന്റേത്. എന്നാൽ, വൈകാരികത ഒട്ടും മറയ്ക്കുന്നുമില്ല.

ഒ.എൻ.വിയുടെ പ്രണയഗീതികളിലെപ്പോലെ മനോഹരമായ വൈകാരിക നിയന്ത്രണം കെ. ജയകുമാറിന്റെ ഭാഷയിലുമുണ്ട്.

'അരളികൾ പൂക്കുന്ന വഴിയിലൂടന്ന് നാം
തൊട്ട് തൊടാതെ നടന്നു പോയി...'(ഓർമകൾക്കുള്ളിലെ...)

അവാച്യമായ ചന്ദന സുഗന്ധം അനുരാഗഗന്ധമായി മാറിയ 'ചന്ദനലേപ സുഗന്ധം' എക്കാലത്തെയും മികച്ച പ്രണയഗീതിയാണ്. ചന്ദനത്തിന്റെ സുഗന്ധം പരന്നൊഴുകുന്നത് കാറ്റിലൂടെയാണോ അതോ തന്റെ പ്രണയിനിയിലൂടെയാണോ എന്ന അനുരാഗഭരിതമായ ആകാംക്ഷയിലൂടെയാണ് ഗാനം തുടങ്ങുന്നത്. ചന്തുവിന്റെ മനസ്സിലെ പ്രണയവും നൊമ്പരവും ഉണ്ണിയാർച്ചയോടുള്ള അടങ്ങാത്ത ആരാധനയും ചേർന്നുള്ള മനോഹരമായൊരു പ്രണയഗാന ശില്പമാണിത്.

'ചെങ്കദളീമലർ ചുണ്ടിലിന്നാർക്കു നീ
കുങ്കുമരാഗം കരുതി വച്ചു?
തൊഴുതു മടങ്ങുമ്പോൾ
കൂവളപ്പൂമിഴി മറ്റേത് ദേവനെ തേടി വന്നു?'

എന്നിങ്ങനെ ഉണ്ണിയാർച്ചയുടെ സൗന്ദര്യവും, ചന്തുവിന്റെ മനസ്സിൽ ഒളിപ്പിച്ചുവച്ച തീവ്രാനുരാഗവും യേശുദാസിന്റെ മാസ്മരിക ശബ്ദത്തിൽ മനോഹരമായി ചേർത്തുവെയ്ക്കുന്നു ഇവിടെ.

'സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ?
സീമന്ത കുങ്കുമശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ?

'ഈ കാട്ടിലഞ്ഞിക്കു പൂവാടയുംകൊണ്ടീവഴി മാധവം വന്നു...'

പ്രണയത്തെയും പ്രകൃതിയുടെ സൗന്ദര്യത്തെയും വസന്തത്തിന്റെ വരവിനെയും അതീവ കാൽപ്പനികതയോടെ കെ. ജയകുമാർ പാട്ടിൽ വരച്ചുകാണിക്കുന്നു. ചെമ്പകപ്പൂക്കൾ കാണുമ്പോൾ പെൺകുട്ടിയുടെ നെറ്റിയിലെ സിന്ദൂരച്ചാർത്തെന്ന് തോന്നും വിധം പ്രകൃതിയും അണിഞ്ഞൊരുങ്ങി. മണ്ണിന്റെ പ്രാർഥനയും വിണ്ണിന്റെ സ്‌നേഹനിർഭരമായ ആശംസയുമായി വസന്തകാലം വരികയായി. പൂക്കൾ കൊണ്ടുള്ള മനോഹരമായ വസ്ത്രങ്ങൾ (പൂവാട) അണിയിച്ചുകൊണ്ട് വസന്തകാലം ഈ കാട്ടിലഞ്ഞിമരത്തിന് അരികിലൂടെ കടന്നുപോയിരിക്കുന്നു.

'പുഷ്പരഥമേറിവന്ന മുഗ്ദ്ധനായികേ
പുഷ്യരാഗക്കൽപ്പടവിൽ
രാഗിണിയായി നീ വരില്ലേ
എന്റെ ഗാനവീചികളിൽ ഇന്ദ്രലോകനർത്തകിപോൽ'

ഈ പാട്ടിൽ ഇന്ദ്രലോക നർത്തകിപോലെ നിറഞ്ഞു നിൽക്കുന്ന കാമുകീ സങ്കല്പമാണ് കവിയുടേത്. ഒഴിവുകാലത്തിലെ 'സായന്തനം നിഴൽ വീശിയില്ല ശ്രാവണപ്പൂക്കൾ ഉറങ്ങിയില്ല' ഇതും കെ. ജയകുമാറിന്റെ മറ്റൊരു പ്രണയമധുരഗാനമാണ്.

'ഓർമയിൽ കാണുന്നതീ മുഖം മാത്രം…
ജീവനിൽ ചേരുന്നതീ സ്വരം മാത്രം…
കേൾക്കുന്നവതെല്ലാം സുഖമുള്ളോരീണം
വിരിയുന്നതെല്ലാം കുളിരുള്ള മൗനം...'

പാവക്കൂത്തിലെ 'സാരംഗി മാറിലണിയും ഏതപൂർവ്വഗാനമോ?...' ആർദ്രഗീതങ്ങളിലെ 'ചില്ലിട്ട വാതിലിൽ വന്നു നിൽക്കാമോ? മെല്ലെ തുറന്ന് തരാമോ? ഏകാന്തസന്ധ്യകൾ പങ്കിടാൻ മൗനാനുവാദം തരാമോ?', എന്നിങ്ങനെ പ്രണയഗാനങ്ങളുടെ നീണ്ടനിര തന്നെയുണ്ട് കെ. ജയകുമാറിന്റേതായി.

തന്റെ രചനകളിൽ പ്രണയം, വിരഹം, സ്‌നേഹം, ത്യാഗം, ദുഃഖം, ഭക്തി തുടങ്ങി സാധാരണ മനുഷ്യന്റെ വികാരങ്ങളൊക്കെ കെ. ജയകുമാർ ചേർത്തുവെയ്ക്കുന്നുണ്ട്. പ്രണയഗാനങ്ങൾ പോലെ തന്നെ കെ. ജയകുമാറിന്റെ വിരഹഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

‘ഒരേ സ്വരം ഒരേ നിറം...’(എന്റെ കാണക്കുയിൽ) എന്ന വിരഹഗാനത്തിലെ 'ഒരു ശൂന്യസന്ധ്യാംബരം', 'ഒരു മേഘവും വന്നൊരു നീർക്കണം പോലും പെയ്യാത്തൊരേകാന്ത തീരം', 'ശ്യാമപുഷ്പം' 'നിത്യ നൊമ്പരം' ഇവ ഏകാന്തതയുടെയും നഷ്ടപ്രണയത്തിന്റെയും ഉള്ളുരുകുന്ന നോവാണ് പങ്കുവെക്കുന്നത്.

പ്രഥമദൃഷ്ട്യാ 'നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ' പ്രണയഗാനമായി തോന്നാമെങ്കിലും, വിരഹവും കാത്തിരിപ്പുമാണ് ഗാനത്തിലുടനീളം നിഴലിക്കുന്നത്. വിരഹത്തിന്റെ ആഴം ഉൾക്കൊണ്ടു ചിത്ര മനോഹരമായി പാടിയ പാട്ടിലെ 'നിന്നെ പ്രതീക്ഷിച്ചു നിന്നു...' എന്ന വരികളിൽ തന്നെ പ്രിയപ്പെട്ടവന്റെ വരവും കാത്തിരിക്കുന്ന ഹൃദയത്തിന്റെ ആകുലതകളുണ്ട്. വിരഹവും തീവ്രമായ കാത്തിരിപ്പിനും ഇണങ്ങുന്ന ദേശ്' രാഗത്തിലാണ് രവീന്ദ്രൻ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.

പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയെപ്പോലെ കാമുകനായുള്ള കാത്തിരിപ്പും പവിത്രമായ പ്രണയവും കെ. ജയകുമാർ പാട്ടിലൂടെ പങ്കുവെക്കുന്നു. ഇതുവരെ പുറത്തു വരാത്ത ഈ ഗാനത്തെപ്പറ്റി ഗാനരചയിതാവായ കെ. ജയകുമാർ പറയുന്നത്, 'നീലക്കടമ്പ്' തനിക്കു പാട്ടെഴുതാൻവേണ്ടി മാത്രം തുടങ്ങിയ സിനിമയാണെന്നു തോന്നിപ്പോവുന്നു എന്നാണ്. 'പാട്ടുപുറത്തിറങ്ങി 30 വർഷം കഴിഞ്ഞിരിക്കുന്നു. ഇന്നും ലോകത്തിന്റെ ഏതു കോണിൽച്ചെന്നാലും മലയാളികൾ ഈ ഗാനത്തിന്റെ രചയിതാവായി എന്നെ തിരിച്ചറിയുന്നു'.

'മൂവന്തിയായ്, പകലിൽ
രാവിൻ വിരൽ സ്പർശനം.'

വിരഹത്തിന്റെ നോവ് പൂർണമായി ഉൾക്കൊള്ളുന്ന മറ്റൊരു ഗാനമാണ്. സന്ധ്യയാകുന്നു. പകലിലേക്ക് രാത്രി മെല്ലെ വിരൽ തൊട്ടുതുടങ്ങുന്നു. കണ്ണീരണിഞ്ഞ മനസ്സിന്റെ തീരങ്ങളിൽ ദീപനാളം പോലെ നൊമ്പരം എരിഞ്ഞുനിൽക്കുന്നു.

രാത്രി ഏറെ വൈകിയിട്ടും പിരിയാൻ കഴിയാത്ത, വേദനയോടെ രാപ്പാടികൾ പാടുന്നു. എക്കാലവും നെഞ്ചിലേറ്റുന്ന വിരഹഗാനങ്ങളിൽ ഒന്നായി മൂവന്തിയായ് എന്ന ഗാനം മാറിയത് കെ. ജയകുമാറിന്റെ വരികളിലുറഞ്ഞു കൂടിയ ദുഃഖവും യേശുദാസിന്റെ വിരഹനൊമ്പരമുണർത്തുന്ന മികവുറ്റ ആലാപനവും ജോൺസന്റെ വശ്യമായ ഈണവുമാണ്.

ചോദ്യരൂപേണയുള്ള പാട്ടുകൾ

ചോദ്യരൂപത്തിൽ പാട്ടുകൾ ചമയ്ക്കുന്നതിൽ കെ. ജയകുമാറിനൊരു പ്രത്യേക കഴിവ് തന്നെയുണ്ട്. അദ്ദേഹത്തിന്റെ ആദ്യപാട്ടിൽത്തന്നെ മന്ദാരമണമുള്ള കാറ്റേ നീയൊരു സന്ദേശവാഹകനല്ലേ? അനുരാഗ ദൂതിനു പോയ് വരുമഭിരാമ രാജ മരാളമല്ലേ? എന്നാണ് ചോദ്യം. ദൃശ്യബിംബങ്ങൾക്ക് ഉത്തമോദാഹരണമായ
'കളരിവിളക്ക് തെളിഞ്ഞതാണോ?
കൊന്ന മരം പൂത്തുലഞ്ഞതാണോ?
കാരിരുളൊത്ത മുടിയഴകും
കാരിരുമ്പോടൊത്ത കൈക്കരുത്തും
പടകാളിമുറ്റം നിറഞ്ഞു നിൽക്കും
അങ്കക്കലയുള്ള വീരനാരോ?

എന്ന ഗാനം ചോദ്യരൂപത്തിൽ കേൾക്കുമ്പോൾത്തന്നെ ശാരീരിക കരുത്തും സൗന്ദര്യവുമുള്ള തികഞ്ഞ പോരാളിയുടെ ചിത്രം മനസ്സിൽ കാണാൻ കഴിയും. ശാന്തമായി പുഞ്ചിരിച്ചു നിൽക്കുന്ന കുടമുല്ലപ്പൂക്കൾക്കുള്ളിൽ പറയാത്ത ഒരുപാട് സ്വപ്‌നങ്ങളും രഹസ്യങ്ങളും ഉണ്ടാവുമെന്നുള്ള ഭാവനയെ ചോദ്യരൂപത്തിൽ ചേതോഹരമായി പറയുന്നു കെ. ജയകുമാർ.

'ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര
കിനാക്കളുണ്ടായിരിയ്ക്കും?'
പാട്ട് കേൾക്കുമ്പോൾത്തന്നെ കുടമുല്ല മലർമണം അനുഭവിച്ചറിയുന്നു ഇവിടെ. പൂക്കളെയും പ്രകൃതിയെയും അതിയായി സ്‌നേഹിച്ചിരുന്ന കൊച്ചു പെൺകുട്ടിയെ സ്‌നേഹത്തോടെ ചോദ്യരൂപേണ അഭിസംബോധന ചെയ്ത് നിഷ്‌കളങ്കമായി ചോദിക്കുകയാണ് കെ. ജയകുമാർ.

'പൂക്കളെ സ്‌നേഹിച്ച പെൺകിടാവേ
പൂവുകൾക്കുള്ളിൽ നീ മറഞ്ഞതെന്തേ?
പൂവാങ്കുരുന്നിലപോലെ നിന്നെ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ?'

പിരിയുവാനാണെങ്കിൽ ഇത്രമേലനുരാഗ ലഹരി നീയെന്തിനു തന്നു? (ലളിത ഗാനം), മാൻ മിഴി തേന്മൊഴി പനിനീർക്കണമല്ലേ?, 'മൈവർണ്ണപ്പെട്ടി തുറന്നു കൊടുത്തത് യൗവനമോ ഋതുദേവതയോ?', ചോദ്യങ്ങളിലൂടെയുള്ള കവിയുടെ പാട്ടുകൾ ആർദ്രമായി തുടരുന്നു.

നിലാവും കിനാവും

നിലാവിൽ ചാലിച്ചെഴുതിയ നിരവധി ഗാനങ്ങൾ കെ. ജയകുമാറിന്റെതായുണ്ട്. ലാവണ്യവും കുളിർമയുമായി പൗർണമി തൊട്ടുതഴുകുന്ന പാട്ടുകളിൽ അലിഞ്ഞുചേരുന്ന ഇരുമനസ്സുകൾക്കൊപ്പം രാത്രിബിംബങ്ങളുടെ ഉന്മത്ത ഭാവവും കാണാം.

'കാമിനി മുല്ലകൾ കാതോർത്തുനിന്നു പാതിരാ സൗരഭം കൈനീട്ടവേ തെന്നൽ കാത്തുനിൽക്കവേ നീലപ്പാടുമായി നിറതിങ്കൾ വെൺമേഘക്കാട്ടിൽ വിരിയവേ (പാവക്കൂത്ത്), 'പൂവിന്റെ സ്വപ്നങ്ങൾ പൂക്കളേക്കാളും മൃദുലവും സൗമ്യവുമായിരിയ്ക്കും താമരനൂൽ പോൽ പൊഴിയും നിലാവിലും യദുകുലകാംബോജിയായിരിക്കും' (മഴ), 'കരളിൻ കരളാം കിളിയെക്കണ്ടു ചെല്ലനിലാവിൻ വെള്ളിലക്കൂട്ടിൽ (ഇല്ലിലം പൂ ഇത്തിരിപ്പൂ) . ചെല്ലനിലാവ് എന്ന പ്രയോഗം തന്നെ കല്പനാ സൗന്ദര്യമുള്ളതാണ്.

'പാതിരാപ്പൂവിന്റെ
സ്വപ്‌നമെല്ലാം
പാർവ്വണയാമിനി സ്വന്തമാക്കി', 'രാധയെപ്പോൽ അനുരാഗിണിയായി രാകേന്ദുപുഷ്പം വിരിഞ്ഞ യാമം', 'രാത്രിമലരിൻ ആർദ്ര മിഴിയിൽ അലിയും ചന്ദ്രകിരണം' എന്നിങ്ങനെ അഴക് പകരുന്ന ചന്ദ്ര ബിംബങ്ങൾ നമ്മെ വിടാതെ പിന്തുടരുന്നു.

ഭക്തി

'കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി' കാലാതിവർത്തിയായൊരു ഭക്തി ഗാനമാണ്. വിദ്യാവിലാസിനി, വരവർണ്ണിനി, ഗുണദായിനി, സർവ്വ ശുഭകാരിണി എന്നിങ്ങനെ ദേവിയെ സ്തുതിച്ച് ദുഃഖത്തിന്റെ ഇരുൾ വന്നു മൂടുമ്പോൾ നിറകതിർ ചൊരിഞ്ഞു അതില്ലാതാക്കണമെന്ന് കവി വിനയത്തോടെ അപേക്ഷിക്കുന്നു ഈ ഭക്തി ഗാനത്തിൽ. മൂകാംബികയുടെ മുന്നിൽ ഭക്തിയോടെ സമർപ്പിച്ചിരിക്കുന്ന മറ്റൊരു മനോഹരമായ ഭക്തി ഗാനമാണ് 'സൗപർണ്ണികാമൃത വീചികൾ പാടുന്ന സഹസ്ര നാമങ്ങൾ'. കെ. ജയകുമാറിന്റെ രചനയിൽ ലളിതവും ഭക്തിനിർഭരവുമായ നിരവധി ഗാനങ്ങളുണ്ട്.

'കണ്ണന്റെ കാംബോജി കേൾക്കുവാനെത്തും
വൃന്ദാവനത്തിലെ കുയിലാണ് ഞാൻ
കായാമ്പൂ വർണ്ണനെ ചാരത്ത് കാണുവാൻ
പൂവിടും നീലക്കടമ്പാണ് ഞാൻ'

'കർത്താവേ നീയെന്നെ കൈവിടല്ലേ നീ നല്ല ഇടയനല്ലേ...'

പദങ്ങളുടെ ആവർത്തനം

കെ. ജയകുമാറിന്റെ നിരവധി പാട്ടുകളിൽ പദങ്ങളുടെ ആവർത്തനവും കാണാം. ദേവരാജൻ ഈണം പകർന്ന് യേശുദാസ് പാടിയ 'പുഷ്പാഭരണം ചാർത്തി വരുന്നൊരു സുരഭീ മാസമേ…
നെഞ്ചോട് ചേർത്ത് വച്ചോമനിക്കാൻ അഞ്ചിതൾപ്പൂതരില്ലേ-തരില്ലേ അഞ്ചിതൾപ്പൂ തരില്ലേ...'

അദ്ദേഹത്തിന്റെ നാടകഗാനങ്ങളിലും ഈ ആവർത്തനം കാണാം.

'വസന്തരഥമേ വസന്തരഥമേ വരുമോയിതുവഴി വീണ്ടും'

'പാൽക്കതിർപ്പാടത്ത് പാറിക്കളിയ്ക്കും പൈങ്കിളിയ്ക്കുള്ളം കുളിർത്തു- ഇണ പൈങ്കിളിയ്ക്കുള്ളം കുളിർത്തു' (സൂര്യാംശു ഓരോ)

കെ. ജയകുമാറും പുഷ്പങ്ങളും

തന്റെ കാവ്യലോകത്ത് ഗാനസൗരഭ്യം പകരാൻ പൂക്കൾ മാത്രമല്ല പൂക്കളുടെ മണം പേറുന്ന കാറ്റും കെ. ജയകുമാർ ചേർത്ത് വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യഗാനം തന്നെ 'മന്ദാരമണമുള്ള കാറ്റേ' എന്നാണ് തുടങ്ങുന്നത്.

'ഇന്നലെയേതോ രജനീമലരിൻ
സ്വപ്‌നസുഗന്ധവുമായി

വെറുതെ വീശിയ കാറ്റു പറഞ്ഞു
നോക്കൂ ചൈത്രം വരവായി...'

'കസ്തൂരിമുല്ലയെ പുൽകി വന്നെത്തിയ കാറ്റിന്റെ ചുണ്ടിലെ പ്രേമഗീതം', 'കൈത പൂക്കുന്ന നേരമായ് മണം വന്നു പുൽകുന്ന യാമമിതാ', 'കുങ്കുമം കാറ്റിൽപ്പടർന്നതാണോ- ഈ രാജമല്ലികൾ പൂത്തതാണോ?' (മോഹനഗീതങ്ങളെല്ലാം), 'മാമ്പൂ മണക്കും വെയിലിൽ മോഹം മാണിക്യക്കനികളായി', 'ഏതോ രാപ്പൂവിൽ/ പരിമളദൂതുമായി മൗനം കിനിയുമ്പോൾ’, 'വിരിയാത്ത പൂവിനെ പരിരംഭണം ചെയ്ത കാറ്റിന്റെ നിശ്വാസമേറ്റും/ഈ വഴി ചൈത്രം കടന്നുപോയി.'( ആ ഗാനമിനിയും).

'കൽത്താമരപ്പൂവിതളുകൾ പിന്നെയും കാറ്റിൽ തുടിയ്ക്കുകയാണോ?

കെ. ജയകുമാറിന്റെ വരികളിൽ കുഞ്ഞുപൂവും കാട്ടുപൂവും വയൽപ്പൂവും വേനൽപ്പൂവുമുണ്ട്.
'ഉമ്മയേകി സുപ്രഭാതം
കുഞ്ഞുപൂവിൻ നിറുകയിൽ.'

'ഇല്ലിലം പൂ ഇത്തിരിപ്പൂ
ചിത്തിരക്കാട്ടിലൊരായിരം കിങ്ങിണിപ്പൂ.'

ഭംഗിയേറിയ ഒരു കാൽപ്പനിക പ്രയോഗമാണ് ഇല്ലിലം പൂ. കാട്ടുപൂവായ ഇല്ലിമുളയുടെ ചെറുപൂക്കളാണിവ. ഒപ്പം ചെമ്പകമൊട്ടും താഴംപൂങ്കൂമ്പുമുണ്ട്. ഉഷമലരിയും രാത്രിമലരുമുണ്ട്.

'നിശാഗന്ധി പൂക്കും
ഏകാന്തയാമങ്ങളിൽ'

പ്രകൃതിയും പ്രണയ സമാഗമത്തിനു അനുയോജ്യമായ അന്തരീക്ഷമൊരുക്കി നിശാഗന്ധിപ്പൂക്കളും കാത്തിരിക്കുന്നു കെ. ജയകുമാറിന്റെ വരികളിൽ.

'പുഴയിലെങ്ങും ചിങ്ങമാസം പൊന്നു വിതറുമ്പോൾ തൊടിയിലെങ്ങും ശംഖുപുഷ്പം മിഴി തുറക്കുമ്പോൾ.'

'സിന്ദൂരത്തിൻ ചെപ്പ് മറിഞ്ഞോ?

പൂവാകയ്ക്കും വിരല് മുറിഞ്ഞോ? ഇങ്ങനെ പൂക്കളുമായി ഇഴ ചേർത്ത കെ. ജയകുമാറിന്റെ ഇമ്പമാർന്ന വരികൾ ഇനിയുമുണ്ട്.

പൂക്കൾ ചേർത്തുള്ള അഴകുള്ള ബിംബങ്ങളും സുലഭമാണ് കെ. ജയകുമാറിന്റെ വരികളിൽ. സുമംഗലിപ്പൂക്കൾ, ശ്രീമംഗലപ്പൂക്കൾ, നവരത്‌നപ്പൂ, ഹർഷബാഷ്പപ്പൂവുകൾ മിന്നാമിന്നിപ്പൂവ്, മൊഴിപ്പൂവ്, മാണിക്യപ്പൂവ്, ചിരിപ്പൂവ്, തിരപ്പൂമാല, മന്ദഹാസപ്പൂ അക്ഷരപ്പൂവുകൾ, മിന്നാമിന്നിപ്പൂവ്, വിരഹിണിപ്പൂവ്, മഴവിൽപ്പൂക്കൾ എന്നിങ്ങനെ നിരവധി നവ്യ ബിംബങ്ങളുമുണ്ട് രചനകളിൽ.

'ഇന്നലെ രാത്രി ഞാനൊരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി.'എന്ന ചങ്ങമ്പുഴയുടെ കവിത പോലെ സൗമ്യതനിറഞ്ഞ നിശ്ശബ്ദസൗന്ദര്യമാണ് കെ. ജയകുമാറിന്റെ മനോഹരകാവ്യങ്ങൾ പകരുന്നത്.

ഇനിയുമിനിയും കെ. ജയകുമാറിന്റെ തൂലികയിൽ സുന്ദരഗാനങ്ങൾ നിറയും. അവ നമ്മേ അതിശയിപ്പിച്ചുകൊണ്ടേയിരിയ്ക്കും.

Content Highlights: Traces K. Jayakumar's entry into lyricism at 19 with "Mandaramanamulla Kaatte" under MS Baburaj's music. Highlights Vayalar Ramavarma and MT Vasudevan Nair as key inspirations in shaping his poetic sensibility. Analyzes famous romantic and separation songs including "Chandanalepa Sugandham" and "Neelakkurinjikal". Examines his unique stylistic signatures such as asking poetic questions and imagery centered on nature and night. Details his iconic devotional tracks like "Kudajadriyil Kudikollum" and "Souparnikamrutha Veechikal".