‘അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചു’; ഇളയരാജ വീണ്ടും ഹൈക്കോടതിയില്‍, ഇത്തവണ മമിത ബൈജു ചിത്രത്തിനെതിരേ

ചെന്നൈ: തന്റെ പാട്ട് അനുവാദമില്ലാതെ ഉപയോഗിച്ചു എന്നു കാണിച്ച് മൈത്രി മൂവി മേക്കേഴ്‌സിന്റെ ‘ഡ്യൂഡ്’ എന്ന സിനിമയ്ക്കെതിരേ സംഗീതസംവിധായകൻ ഇളയരാജ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പ്രദീപ് രംഗനാഥനെയും മമിതാ ബൈജുവിനെയും നായികാനായകൻമാരാക്കി കീർത്തീശ്വരൻ സംവിധാനം ചെയ്ത സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനിടെയാണ് നിയമനടപടി.
താൻ നേരത്തേ സംഗീതം നിർവഹിച്ച രണ്ടു പാട്ടുകൾ അനുവാദമില്ലാതെ ഡ്യൂഡിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇളയരാജയുടെ ഹർജിയിൽ പറയുന്നു. ‘പുതു നെല്ലു പുതു നാത്തു’ എന്ന സിനിമയ്ക്കുവേണ്ടി 1991-ൽ ചിട്ടപ്പെടുത്തിയ ‘കറുത്ത മച്ചാ...’ എന്ന പാട്ടാണ് അതിലൊന്ന്. മൈത്രി മൂവി മേക്കേഴ്‌സ് തന്നെ നിർമിച്ച് അജിത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമ ഇളയരാജ സംഗീതം നൽകിയ മൂന്നു പഴയ ഗാനങ്ങളോടെ പ്രദർശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും മദ്രാസ് ഹൈക്കോടതി നേരത്തേ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിൽനിന്ന് പിൻവലിക്കേണ്ടി വന്നു. മലയാളത്തിലെ മഞ്ഞുമ്മൽ ബോയ്‌സിനെതിരേയുള്ള സമാനമായ കേസ് കോടതിക്കുപുറത്ത് ഒത്തുതീർക്കുകയായിരുന്നു.
താൻ സംഗീതം നൽകി പുറത്തിറക്കിയ പാട്ടുകളുടെ പൂർണ അവകാശം തനിക്കാണെന്നും അത് പ്രക്ഷേപണം ചെയ്യാനും മാറ്റങ്ങൾവരുത്തി പുതിയ പാട്ടുകൾ ഇറക്കാനും മ്യൂസിക് കമ്പനികൾക്ക് അവകാശമില്ലെന്നും കാണിച്ച് സോണി മ്യൂസിക്കിനെതിരേ ഇളയരാജ നൽകിയ ഹർജിയുടെ വാദം മദ്രാസ് ഹൈക്കോടതിയിൽ തുടരുകയാണ്. ബുധനാഴ്ച ഇതിന്റെ വാദത്തിനിടെയാണ് പുതിയ സിനിമയിലും അദ്ദേഹത്തിന്റെ പഴയ പാട്ട് അനുവാദമില്ലാതെ ഉപയോഗിച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാണിച്ചത്. ഇക്കാര്യത്തിൽ പ്രത്യേകം ഹർജി നൽകാൻ കോടതി ഇളയരാജയ്ക്ക് അനുമതി നൽകി.
ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിലൂടെ ദിവസം എത്ര രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്നതിന്റെ കണക്ക് ഹാജരാക്കാൻ സോണി മ്യൂസിക് എന്റർടെയ്ൻമെന്റിന് മദ്രാസ് ഹൈക്കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. മുദ്രവെച്ച കവറിൽ ഹൈക്കോടതിക്ക് വിവരങ്ങൾ സമർപ്പിച്ച സോണി മ്യൂസിക് കണക്ക് ഇളയരാജയ്ക്കു നൽകാൻ കഴിയില്ലെന്ന് പറഞ്ഞു.
Content Highlights: Music maestro Ilaiyaraaja approaches Madras High Court against `Dude` movie by Mythri Movie Makers for unauthorized use of his songs