സ്റ്റുഡിയോയിൽ ബോംബെന്ന് സന്ദേശം; വിജയ്ക്കും തൃഷയ്ക്കും പിന്നാലെ ഇളയരാജയ്ക്കും വ്യാജഭീഷണി

Ilaiyaraja | Photo: Mathrubhumi
Ilaiyaraja | Photo: Mathrubhumi

ചെന്നൈ: അഭിനേതാക്കളായ വിജയ്ക്കും തൃഷയ്ക്കും പിന്നാലെ സംഗീതസംവിധായകന്‍ ഇളയരാജയ്ക്കും വ്യാജബോംബ് ഭീഷണി. ഇളയരാജയുടെ ടി. നഗറിലെ സ്റ്റുഡിയോയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇ- മെയില്‍ സന്ദേശം. തമിഴ്‌നാട് ഡിജിപിയുടെ ഓഫീസിലും സന്ദേശമെത്തി. സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ വസതിക്കുസമീപവും പോലീസ് പരിശോധന നടത്തി. നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍, പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി എന്നിവരുടെ വസതിക്കുസമീപമാണ് തിരച്ചില്‍ നടത്തിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സെലിബ്രിറ്റികള്‍ക്ക് ലഭിച്ചതിനോട് സാമ്യമുള്ളതാണ് ഇളയരാജയ്ക്കും ലഭിച്ച വ്യാജബോംബ് ഭീഷണിയെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സൈബര്‍ ക്രൈം, സിറ്റി പോലീസ് സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചു. സന്ദേശത്തിന്റെ ഉറവിടവും അയച്ച വ്യക്തിയേയും കണ്ടെത്താനാണ് ശ്രമം.

ഒക്ടോബര്‍ രണ്ടിനാണ് നടി തൃഷ ഉള്‍പ്പെടെയുള്ള വിഐപികളുടെ വസതിയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഡിജിപിയുടെ ഓഫീസില്‍ വ്യാജഭീഷണി സന്ദേശമെത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഒക്ടോബര്‍ ഒമ്പതിന് വിജയ്‌യുടെ വസതിയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞ ഷാബിക് എന്ന 37-കാരനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. വിജയ്‌യുടെ നീലങ്കരയിലെ വസതിയില്‍ പുലര്‍ച്ചെ മൂന്നുമുതല്‍ ഏഴരവരെ നീണ്ട തിരച്ചിലിനൊടുവിലാണ് ഭീഷണിവ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍.എന്‍. രവി എന്നിവര്‍ക്കും രാജ്ഭവന്‍, ബിജെപി ഓഫീസ് എന്നിവിടങ്ങളിലും വ്യാജബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

Content Highlights: Music composer Ilaiyaraaja received a fake bomb threat at his Chennai studio. Police investigated and found no explosives, confirming the message as a hoax. Investigations are underway