ഗ്രാമി 2023; ചരിത്രം കുറിച്ച് ബിയോണ്‍സേ

Beyonce| Photo: AP/PTI
Beyonce| Photo: AP/PTI

ലോക സംഗീതരംഗത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമിയില്‍ ചരിത്ര നേട്ടവുമായി ബിയോണ്‍സേ. മികച്ച ഡാന്‍സ് ഇലക്ട്രോണിക് മ്യൂസിക് റെക്കോര്‍ഡിങ്, മികച്ച ട്രെഡീഷനല്‍ ആര്‍&ബി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളിലാണ് ബിയോണ്‍സേയുടെ നേട്ടം. ഇതാദ്യമായാണ് മികച്ച ഡാന്‍സ് ഇലക്ട്രോണിക് മ്യൂസിക് റെക്കോര്‍ഡിങ് വിഭാഗത്തില്‍ ബിയോണ്‍സേ പുരസ്‌കാരം നേടുന്നത്. 

ചരിത്രത്തില്‍ ഏറ്റവുമധികം പുരസ്‌കാരം നേടിയ വ്യക്തി എന്ന ബഹുമതി ഇതോയെ ബിയോണ്‍സേ സ്വന്തമാക്കിയിരിക്കുകയാണ്. 32 പുരസ്‌കാരങ്ങളാണ് ബിയോണ്‍സേ ഇതുവരെ കരസ്ഥമാക്കിയത് നേടിയത്. ഗ്രാമി പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശം ലഭിച്ച കലാപ്രതിഭ എന്ന റെക്കോഡും ബിയോണ്‍സേയുടേതാണ്. 

രണ്ടു പതിറ്റാണ്ടുകളിലേറെയായി സംഗീത വേദികളെ ഇളക്കി മറിക്കുന്ന ബിയോണ്‍സേ ഗായിക, എഴുത്തുകാരി, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങുന്ന ബഹുമുഖ പ്രതിഭയാണ്. 2013 ലും 2014 ലും ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള 100 പേരില്‍ ഒരാളായി തിരഞ്ഞെടുത്തിട്ടുണ്ട്. അതുപോലെ ഫോബ്‌സ് മാഗസിന്‍ 2015ല്‍ ഏറ്റവും കരുത്തയായ സംഗീതജ്ഞയായി തിരഞ്ഞെടുത്തിട്ടുണ്ട്. ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് എന്ന് ഉറക്കെപ്പറയേണ്ട കാലത്ത് 'ബ്ലാക്ക് പരേഡ്' അവതരിപ്പിച്ചാണ് ബിയോണ്‍സേ നിലപാട് പ്രഖ്യാപിച്ചത്. അമ്മയാകാന്‍ ഒരുങ്ങവെ, നിറവയറില്‍ ആയിരുന്നു 2017ലെ ഗ്രാമി വേദിയിലെത്തിയത്.

മികച്ച മ്യൂസിക് വിഡിയോ വിഭാഗത്തില്‍ ടെയ്ലര്‍ സ്വിഫ്റ്റിന്റെ 'ഓള്‍ ടൂ വെല്‍' പുരസ്‌കാരം നേടി. മികച്ച പോപ് വോക്കല്‍ ആല്‍ബം വിഭാഗത്തില്‍ ഹാരി സ്‌റ്റൈല്‍നാണ് പുരസ്‌കാര നേട്ടം. 'ഹാരീസ് ഹൗസ്' എന്ന ആല്‍ബത്തിനാണ് ഗ്രാമി. മികച്ച റാപ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ കെന്‍ഡ്രിക് ലാമറിന്റെ 'ദ് ഹാര്‍ട്ട് പാര്‍ട്ട് 5' പുരസ്‌കാരം കരസ്ഥമാക്കി. 
    
ഓസി ഒസ്‌ബോര്‍ണിന്റെ 'പേഷ്യന്റ് നമ്പര്‍9' ആണ് മികച്ച റോക്ക് ആല്‍ബം. മികച്ച റോക്ക് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ബ്രാന്‍ഡി കാര്‍ലി ഗ്രാമി സ്വന്തമാക്കി. ബ്രാന്‍ഡിയുടെ 'ബ്രോക്കണ്‍ ഹോഴ്‌സസി'നാണു പുരസ്‌കാരം. 

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

  • മികച്ച മ്യൂസിക് വിഡിയോ ടെയ്ലര്‍ സ്വിഫ്റ്റ് (ഓള്‍ ടൂ വെല്‍)
  • മികച്ച ഡാന്‍സ് ഇലക്ട്രോണിക് റെക്കോര്‍ഡിങ് ഗ്രാമി ബിയോണ്‍സേ (ബ്രേക് മൈ സോള്‍)
  • മികച്ച ട്രെഡീഷനല്‍ ആര്‍&ബി പെര്‍ഫോമന്‍സ് ബിയോണ്‍സേ (പ്ലാസ്റ്റിക് ഓഫ് ദ് സോഫ)
  • മികച്ച പോപ് ഡുവോ/ ഗ്രൂപ് പെര്‍ഫോമന്‍സ് കിം പെട്രാസ്, സാം സ്മിത്ത് (അണ്‍ഹോളി)
  • മികച്ച കണ്‍ട്രി ആല്‍ബം വില്ലി നെല്‍സണ്‍ (എ ബ്യൂട്ടിഫുള്‍ ടൈം)
  • മികച്ച ട്രെഡീഷനല്‍ പോപ് വോക്കല്‍ ആല്‍ബം മൈക്കിള്‍ ബബിള്‍ (ഹൈര്‍)
  • മികച്ച കന്റ്റെമ്പറെറി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം സ്‌നാര്‍ക്കി പപ്പി (എമ്പൈര്‍ സെന്‍ട്രല്‍)

ഇന്ത്യയ്ക്ക് അഭിമാനം; റിക്കി കെജിന് മൂന്നാം ഗ്രാമി

Ricky Kej, from left, Herbert Waltl, and Stewart Copeland

ഗ്രാമിയില്‍ തിളങ്ങി ഇന്ത്യന്‍ ഗായകന്‍ റിക്കി കെജ്. മൂന്നാം തവണയാണ് അദ്ദേഹത്തെ ഗ്രാമി തേടിയെത്തുന്നത്. സ്‌കോട്ടിഷ് അമേരിക്കന്‍ റോക്ക് ഗായകന്‍ സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം ഡിവൈന്‍ ടൈഡ്‌സ് എന്ന ആല്‍ബത്തിനാണ് റിക്കി കെജിന് പുരസ്‌കാരം. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആല്‍ബത്തിനാണ് നേട്ടം. 

സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം 2015 ലാണ് റിക്കി കെജ് ആദ്യ ഗ്രാമി നേടുന്നത്. 2015 ല്‍ വിന്‍ഡ്‌സ് ഓഫ് സംസാര എന്ന ആല്‍ബമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 

2022 ലെ 64-ാമത് ഗ്രാമിയില്‍ മികച്ച ന്യൂ എജ് വിഭാഗത്തിലായിരുന്നു രണ്ടാമത്തെ പുരസ്‌കാരം. 

1981 ല്‍ പഞ്ചാബിലാണ് റിക്കി കെജിന്റെ ജനനം. എട്ട് വയസ്സുള്ളപ്പോള്‍ ബെംഗളൂരുവിലേക്ക് കുടുംബസമേതം താമസം മാറി. ബിഷപ്പ് കോട്ടണ്‍ ബോയ്‌സ് സ്‌കൂളിലെ പഠനത്തിന് ശേഷം ഓക്‌സ്‌ഫോര്‍ഡ് ദന്തല്‍ കോളേജ് ബെംഗളൂരുവില്‍ നിന്ന് ബി.ഡി.എസ് പൂര്‍ത്തിയാക്കി. കുട്ടിക്കാലം മുതല്‍ സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന റിക്കി കെജ് ദന്തരോഗ വിദഗ്ധന്റെ കരിയര്‍ വിട്ട് ബെംഗളൂരുവിലെ റോക്ക് ബാന്‍ഡുകളില്‍ സജീവമായി. കന്നട സിനിമകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയും പരസ്യ ജിംങ്കിള്‍സുകള്‍ ഒരുക്കിയുമായിരുന്നു തുടക്കം. 

    

Content Highlights: Grammy Awards 2023: Beyonce becomes the biggest winner in history Grammy winners list