ഗാനരചയിതാവ് കേട്ടിരുന്നു, ഗംഗയുടെ വയലിൻ മീട്ടിയ ‘സൗപർണികാമൃത വീചികൾ’

തിരുവനന്തപുരം: ‘സൗപർണികാമൃത വീചികൾ പാടും...’ ഗംഗയുടെ വയലിൻ തന്ത്രികൾ ഈ ഗാനം മീട്ടിയപ്പോൾ ആ വരികളെഴുതിയ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ.ജയകുമാറിന്റെ വിരലുകളിൽ താളം തുടിച്ചു. പക്കമേളക്കാർകൂടി ഒപ്പംചേർന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസ് മുറി ഒരു കച്ചേരിവേദിയായി മാറി.
വയലിൻ വായിച്ച് അടുത്തിടെ സാമൂഹികമാധ്യമത്തിൽ താരമായ മലപ്പുറം സ്വദേശി ഗംഗാ ശശിധരനാണ് കെ.ജയകുമാറിനെ കാണാൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വയലിൻ വായിക്കുന്ന ഗംഗയുടെ വീഡിയോ മാസങ്ങൾക്കു മുൻപ് വൈറലായിരുന്നു. കെ. ജയകുമാറും ആ വീഡിയോ ശ്രദ്ധിച്ചിരുന്നു. പിന്നീട് ഗംഗയുടെ വയലിൻ കച്ചേരി വീഡിയോകൾ അദ്ദേഹം കാണുന്നതും പതിവായി. ഗംഗയെ വിളിച്ച് അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. എന്നെങ്കിലും നേരിട്ടുകാണാമെന്നും അദ്ദേഹം ഗംഗയ്ക്ക് ഉറപ്പുനൽകി. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഗംഗയും അച്ഛൻ ശശിധരനും പക്കമേളക്കാരും തിരുവനന്തപുരത്ത് എത്തിയപ്പോൾ കെ.ജയകുമാറിനെ വിളിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ െവച്ച് ഗംഗ വയലിൻ മീട്ടി. അദ്ദേഹംതന്നെ വരികളെഴുതിയ ‘സൗപർണികാമൃത വീചികൾ’ എന്ന ഗാനവും മറ്റൊന്ന് ‘ഏഴരപ്പൊന്നാന’യും.
ഗംഗ വയലിൻ മീട്ടുമ്പോൾ ആ സംഗീതാനുഭൂതിയിൽ കൈകൾ കോർത്ത് കണ്ണുകളടച്ച് അദ്ദേഹം അത് ആസ്വദിച്ചു. ഒപ്പം പക്കമേളക്കാരായ മാഞ്ഞൂർ ഉണ്ണികൃഷ്ണൻ, ശ്രീകുമാർ, വിജയകുമാർ, ആകാശ് കൃഷ്ണ എന്നിവരും ഒപ്പംചേർന്നപ്പോൾ സംഗീതസാന്ദ്രമായി ഓഫീസ് മുറി. സംഗീതാസ്വാദനത്തിനുശേഷം ഗംഗയെ ഷാളണിയിച്ച് അഭിനന്ദിക്കാനും കെ.ജയകുമാർ മറന്നില്ല. കൈയിലുണ്ടായിരുന്ന രണ്ട് ഡയറിയും അദ്ദേഹം ഗംഗയ്ക്കു സമ്മാനിച്ചു. ഒപ്പം നവരാത്രികാലത്ത് വയലിൻ കച്ചേരി നടത്താനുള്ള അവസരം ഒരുക്കാമെന്നും അദ്ദേഹം വാക്കുനൽകി.
അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിന്റെയും വയലിൻ വായിക്കാൻ കഴിഞ്ഞതിന്റെയും സന്തോഷത്തിലാണ് ഗംഗ. ഉടൻ അമേരിക്കയിൽ വയലിൻ കച്ചേരി നടത്താനുള്ള തയ്യാറെടുപ്പിലാണ് ഗംഗയും സംഘവും. ബുധനാഴ്ച രാവിലെയാണ് ഗംഗയും അച്ഛൻ ശശിധരനും പക്കമേളക്കാരും വന്നത്. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം മടങ്ങുകയായിരുന്നു. മലപ്പുറം സ്വദേശി ശശിധരന്റെയും കൃഷ്ണവേണിയുടെയും മകളാണ് ഗംഗ. അഞ്ചുവയസ്സുമുതലാണ് ഗംഗ വയലിൻ പഠിക്കാൻ തുടങ്ങിയത്. ഗംഗയുടെ വയലിൻ കച്ചേരികൾക്ക് ആരാധകരേറെയാണ്.
Content Highlights: Viral social media violinist Ganga Sashidharan met Travancore Devaswom Board President K. Jayakumar at his office in Thiruvananthapuram and captivated him by playing the iconic song 'Souparnikamritha Veechikal', which was penned by Jayakumar himself.